ചെമ്പരത്തി അതിരു വച്ച
ഇടവഴിയെത്തുന്നതീ കിണറ്റിന്‍ കരയിലത്രേ.
ആഴ്ചവട്ടത്തിലൊരിക്കല്‍ മാത്രം
മുറ്റത്തിന്റെ കോണുകള്‍ ഭേദിച്ച്
പെങ്ങള്‍ ചൂലുമായീവഴി വരും.
കാശിക്കു പോകാന്‍ മറന്ന കരിയിലകള്‍ക്ക്
കൂട്ടമായി ചിതയൊരുക്കിയിട്ടവള്‍
അടുക്കളയിലേയ്ക്കുമടങ്ങുന്നു.
കൊള്ളിവയ്ക്കുന്നത് ഉറക്കഭ്രാന്തനായ ഒരു ഭിക്ഷക്കാരനാണ്.
കാലമെന്നാണയാളുടെ പേര്.
അസമയത്തെഴുന്നേറ്റ തൊഴില്‍ രഹിതനായ യുവാവ്
ഉമ്മിക്കരിയുടെ ഇത്തിരി ഉപ്പ് നാവില്‍ നുണഞ്ഞ്
ഒത്തിരി കയ്‌പ്പിനെ ആഞ്ഞു ശപിച്ച്
വെയില്‍ കാഞ്ഞിരിക്കുന്നതും
ഈ കിണറ്റിന്‍ കരയിലാണ്.
ബാംഗ്ഗ്ലൂരില്‍ നഴ്സിംഗ് പഠിക്കുന്ന അനിയത്തി
അവധിയ്ക്ക് വീട്ടില്‍ വന്നപ്പോള്‍
ആരും കാണാതെ കരയാന്‍ പോയതും
ഈ കിണറ്റിന്‍ കരയിലാണ്.
ഗ്രീഷ്മമെരിയുന്നൊരാ ദിനം
വെള്ളം തേടിയെത്തിയ കലപിലകള്‍ക്കിടയില്‍ നിന്നും
ഭാര്‍ഗവേട്ടന്‍ സൗദാമിനിയെ കണ്ട് പ്രണയിച്ചതും
ഈ കിണറ്റിന്‍ കരയില്‍ വച്ചു തന്നെ.
സാഡിസ്റ്റുകളായ മദ്യപാനികളുടെ ഭാര്യമാര്‍
അവരുടെ പുലര്‍കാലസ്വപ്നങ്ങളില്‍ യാത്രപോകുന്നത്
പായല്‍ പുതച്ച, കണ്ണെത്താത്ത
ഈ കിണറിന്റെ ആഴങ്ങളിലേയ്ക്കാണ്.
ഇനിയും...
ശൂന്യതയുടെ മനസ്സുകള്‍ ചാടി മരിയ്ക്കുന്നതും
നിറവിന്റെ മനമായി പുനര്‍ജ്ജനിയ്ക്കുന്നതും
ഇവിടെ വച്ചു തന്നെ.
Posted by Bineesh Kalapurackal