6 December 2008

മുംബൈ സ്ഫോടനാവശിഷ്ടങ്ങളിലേയ്ക്ക്‌...


കുരുക്ഷേത്രങ്ങള്‍ ഇല്ലതാകുന്നില്ല. കായേന്റെയും ലാമെക്കിന്റെയും തലമുറകള്‍ അവസാനിക്കുന്നുമില്ല. പേരുകള്‍ മാറി അഭിനവയുഗത്തിന്റെ ഗതിക്കനുസരിച്ച്‌ അവര്‍ വീണ്ടും വീണ്ടും കൂടിയാട്ടം നടത്തുമ്പോള്‍ ഞാന്‍ സ്വപ്നം കാണുന്നത്‌ പ്രളയമാണ്‌. എനിക്ക്‌ ധൈര്യം പോരാ, പടകുടീരങ്ങള്‍ക്കു മുകളില്‍ വെള്ളരിപ്രാവുകള്‍ പറന്നിറങ്ങുന്ന സ്വപ്നങ്ങള്‍ കാണുവാന്‍. സ്വര്‍ണ്ണച്ചിറകുള്ള മാലാഖമാരുടെ വെളുത്ത കരങ്ങള്‍ ആയുധങ്ങളാല്‍ അലങ്കരിക്കുന്ന ഇമാജിനേഷനുകള്‍ക്ക്‌ കുന്തിരിക്കം മണക്കുമ്പോള്‍ ട്രോജന്‍ യുദ്ധത്തിനെതിരെ കരഞ്ഞ ഒരമ്മയുടെ ഹൃദയത്തിന്റെ ചീളുകള്‍ മുംബയിലെ സ്ഫോടനാവശീഷ്ടങ്ങള്‍ക്കിടയില്‍ ചിതറിവീഴുന്നു. യുദ്ധങ്ങളെ ഗര്‍ഭം ധരിക്കുന്ന സംസ്കൃതികളുടെ കറുത്ത ശീലകള്‍ നമ്മുടെ കണ്ണുകള്‍ക്ക്‌ തിമിരം ദാനം ചെയ്യുമ്പോള്‍ രക്തപുഷ്പങ്ങള്‍ മരണപത്രികകള്‍ക്ക്‌ തിലകം ചാര്‍ത്തുന്നു.

യുദ്ധം ഒരു ബലിയല്ല. ഒരു മതവും ഒരു രാജ്യവും അള്‍ത്താരകളുമല്ല. അതുകൊണ്ടാണ്‌ ബുഷ്‌ കുടുംബം വിസ്മരിക്കപ്പെടുകയും ലിങ്കണെ നാം മറക്കാതിരിക്കുകയും ചെയ്യുന്നത്‌.

അമ്മമടിത്തട്ടിലെ കുരുന്നുകള്‍ക്ക്‌ പീരങ്കികള്‍ സമ്മാനിക്കുമ്പോള്‍ ബാലമനസ്സുകള്‍ക്ക്‌ അഗ്രസ്സീവ്‌ മെന്റാലിറ്റിയുടെ ഗൈഡാവുകയാണെ നാമെന്ന് തിരിച്ചറിയണം. വസന്തങ്ങള്‍ക്കു പകരം കാട്ടുതീ സമ്മാനമായി ലഭിക്കുന്ന തലമുറയില്‍ നിന്നും സമാധാനത്തിന്റെ ഒലിവുകള്‍ പ്രതീക്ഷിക്കുന്നത്‌ ഭോഷത്തമാണ്‌. ചിന്തകള്‍ പോലും കവെര്‍ന്നെടുക്കപ്പെട്ട ഒരു യുവതലമുറ. യുദ്ധങ്ങളെ ന്യായീകരിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്ന ചരിത്ര പുസ്തകങ്ങള്‍, നിസ്സംഗതയുടെ പര്യായമാകുന്ന യൗവ്വനം, അസ്വാസ്ഥ്യങ്ങള്‍ ഊതി വീര്‍പ്പിക്കുന്ന മാധ്യമങ്ങള്‍... കുരുക്ഷേത്രങ്ങള്‍ തുടരുകയാണ്‌.


രക്തത്തില്‍ കുതിര്‍ന്ന നഗരസമുച്ചയങ്ങള്‍ക്കിടയില്‍ നിന്നും എന്റെ ദുര്‍ബലഹൃദയത്തില്‍ ഞാന്‍ മഴവില്ലുകളെ സ്വപ്നം കാണാന്‍ ശ്രമിക്കുകയാണ്‌. സമാധാനരാജാവിന്റെ സുവിശേഷമേകുന്ന പ്രതീക്ഷ, ഇനിയും അവശേഷിക്കുന്ന ബോധിവൃക്ഷങ്ങള്‍, എന്നിലെയും നിന്നിലെയും ഇനിയും വറ്റാത്ത നൈര്‍മ്മല്യത്തിന്റെ കൈത്തോടുകള്‍, ഒക്കെയും ഈ മണ്ണിന്റെ ദുര്‍ബലതയ്ക്കുമുകളില്‍ ഹരിതകത്തിന്റെ നിലാവായി പെയ്തിറങ്ങുന്നു. സിംഹപുത്രിയും കുഞ്ഞാടും അണലികളും ഒരുമിച്ചുവസിക്കുന്ന പൂന്തോപ്പിനെക്കുറിച്ചുള്ള പ്രവാചക ദര്‍ശനം എന്റെ കരം പിടിക്കുന്നു. നിനക്കു പുഞ്ചിരിക്കാന്‍ സാധിക്കുമെങ്കില്‍ അതിപ്പോഴാകട്ടെ. പ്രതീക്ഷയോടെ...

1 comment:

  1. Very good article. Best wishes. God bless you. Please write more. I hope a lot of article from your pen.
    Thank you.
    Gheevarghese

    ReplyDelete