ഒക്ടോബര്‍ 25 ശനിയാഴ്ച്ച, ഞങ്ങളിലൊരുവന്‍,22 വയസ്സ് മാത്രമുണ്ടായിരുന്ന ഒരു വൈദികവിദ്യാര്‍ത്ഥി റോഡപകടത്തില്‍ മരിച്ചു. ആലുവായില്‍ നാഷണല്‍ ഹൈവേയിലായിരുന്നു അപകടം. റോഡപകടങ്ങള്‍ ദിനരാത്ര വ്യതിയാനങ്ങള്‍ പോലെ നിസ്സാരമായ കേരളത്തില്‍ തീര്‍ത്തും അപൂര്‍വ്വതകളില്ലത്ത ഒരു വാര്‍ത്തയായിരുന്നു അത്. എന്നാല്‍ ബ്രദര്‍ പേണ്ടാനത്ത് ജോയ്സിന്റെ മരണം ഒട്ടും നിസ്സാരമല്ല ഞങ്ങള്‍ക്ക്. പകരം ഒരു നിമിഷം കൊണ്ട് ഒരു സമുദ്രത്തോളം കരഞ്ഞു തീര്‍ക്കാന്‍ മാത്രം സങ്കടമുള്ള ഒരു വേര്‍പാടായിരുന്നു അത്. റോമില്‍ നിന്നും ആലുവായിലേയ്ക്കുള്ള ദൂരം ഏകദേശം 6000 കിലോമീറ്ററുകള്‍ക്കുമപ്പുറമാണ്. എന്നിട്ടും എന്തേ ഒരിക്കല്‍ പോലും കാണുകയോ സംസാരിക്കുക പോലുമോ ചെയ്തിട്ടില്ലാത്ത ആ സുഹൃത്തിന്റെ മരണം ഞങ്ങളെ വല്ലാതെ വേദനിപ്പിക്കുന്നത്?കാരണം ഞങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ഒരേ നിറമായിരുന്നു, ഒരൊറ്റ ലക്ഷ്യത്തിലേയ്ക്കായിരുന്നു ഞങ്ങള്‍ നടന്നത്.ജോയിസ്സിനെയും ഞങ്ങളെയും വിളിച്ചതും പാലിച്ചു പോരുന്നതും ഒരൊറ്റ ദൈവമാണല്ലൊ. അരുമയായിരുന്ന മകന്റെ ആദ്യകുര്‍ബാനയ്ക്കായി പ്രാര്‍ത്ഥിച്ച് കാത്തിരിക്കുന്ന ഒരമ്മ ഞങ്ങള്‍ക്കെന്നപോലെ അവനും ഉണ്ടായിരുന്നു. അതുകൊണ്ട് അകലെയുള്ള ഒരു കൂട്ടുകാരനെയല്ലെ ഞങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നത് മറിച്ച് തൊട്ടടുത്തുണ്ടായിരുന്ന ഒരാള്‍..
ആരെയും കുറ്റപ്പെടുത്തുന്നില്ല. ഇടിച്ചു തെറിപ്പിച്ച വണ്ടിയെ, ഗതാഗത കുരുക്കിനെ, കേരള യുവത്വം നമ്മുടെ നിരത്തുകളില്‍ തല തല്ലി മരിക്കുമ്പോളും റോഡ് നന്നാക്കാത്ത, നിയമം നിര്‍വ്വഹിക്കാത്ത അധികാരികളെ, മനുഷ്യ ജീവനും ജീവന്റെ സത്യമായ ഈശ്വരനും ഇടം കൊടുക്കാത്ത അവരുടെ പ്രത്യയശാസ്ത്രത്തെ... ഇല്ല, ഒന്നിനെയും പഴിക്കുന്നില്ല, ശപിക്കുന്നില്ല. എന്നാല്‍ എല്ലാം വിധിയെന്നു കരുതാനും വയ്യ. 'സമയമായിരുന്നു', ആര്‍ക്കും ഒന്നും ചെയ്യാന്‍ പാടില്ലാത്ത അങ്ങേയറ്റം കണിശമായ സമയം, എന്നും വിശ്വസിക്കുന്നില്ല. നിയതിയെ നിര്‍ണ്ണയിക്കുന്ന ഭാരത ദര്‍ശനത്തിലെ ജന്മാന്തരങ്ങളുടെ ചക്രം എനിക്കു ചുറ്റും സൗമ്യമായി തിരിയുന്നുവെങ്കിലും. ഇഷ്ടപ്പെട്ട പുഷ്പ്പങ്ങളെ മൊട്ടിലേ നുള്ളുന്ന തോട്ടക്കാരന്റെ മധുരം കലര്‍ത്തിയ ക്രൂരതയുടെ ദൃഷ്ടാന്തവും ആരും ദയവായ് പറയരുതേ. തികച്ചും ആകസ്മികം! അകാലം! എന്നൊക്കെയാണ് സത്യം...
എന്‍.വി കൃഷ്ണവാര്യര്‍ പറയുമ്പോലെ ജീവിതം ഒരു ഘോഷയാത്രയും അതിലേവര്‍ക്കും ഒരു നിയത സ്ഥാനവുമുണ്ടെങ്കില്‍, ഇന്ന് ആ നീണ്ട വരിയില്‍ ഒരിടം മാത്രം ശൂന്യമായി കിടക്കുന്നു.കഠിനമായ ശൂന്യത! ഇനിയും കണ്ണുനീര്‍ വറ്റാത്ത ജോയ്സിന്റെ അമ്മയുടെ, അച്ഛന്റെ , സഹോദരന്റെ, സുഹൃത്തുക്കളുടെ മുന്‍പില്‍ ആ ശൂന്യത ഭയങ്കരമാകുന്നു. നാടകാവതരണത്തിനിടെ ഒരു നടന്‍ പൊടുന്നനെ അഭിനയം അവസാനിപ്പിച്ച് അരങ്ങത്തുനിന്നുമിറങ്ങി പോയാല്‍ എന്തു ചെയ്യണമെന്നറിയാതെ പകയ്ക്കുന്ന സഹനടന്മാരെപ്പോലെയാണവര്‍.
ജോയ്സ്സ് വൈദിക വിദ്യാര്‍ത്ഥിയായിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്കൂടി കഴിഞ്ഞിരുന്നുവെങ്കില്‍ വൈദികന്‍. അവന്‍ ബാക്കിവച്ച് പോയ പലതും നമ്മള്‍ക്കു മുന്‍പില്‍ അനാഥമാകുന്നു. ഗ്രാമത്തിലെ ഒരു പള്ളി, ഒരു കുമ്പസാരക്കൂട്, അവന്റെ ആശീര്‍വാദങ്ങള്‍ കാത്ത കുറെ ജനം... ആ കര്‍മ്മങ്ങളൊക്കെയും അതേ ദിശയില്‍ യാത്ര ചെയ്യുന്ന ഞങ്ങള്‍ ഏറ്റെടുക്കുന്നു. ദാരുണമായ ഈ വേര്‍പാടിനെ ആര്‍ നിര്‍വചിക്കും. ഏതു തത്ത്വശാസ്ത്രമാണിതിനു മറുപടി തരിക? പതിവുപോലെ ചൂണ്ടുവിരല്‍ എല്ലാമറിയുന്ന എല്ലാറ്റിനെയും പോറ്റുന്ന ദൈവത്തിലേയ്ക്ക് തിരിയുന്നു.സുനാമിയും ഭൂമികുലുക്കവും വന്ന് നമ്മെ തകര്‍ക്കുമ്പോള്‍ എല്ലവരും ആയുധമെടുക്കുന്നത് അവിടുത്തേയ്ക്കെതിരെ അല്ലെ? ഇവിടെയും ദൈവത്തെ പഴിയ്ക്കണോ നമ്മള്‍ക്കും. പാശ്ചാത്യ പൗരസ്ത്യ തത്ത്വ ചിന്തകരും ഭാരതീയ സത്യാന്വേഷികളും ബുദ്ധനും ശങ്കരനും വി. ആഗസ്തീനോസും അര്‍ത്ഥമന്വേഷിച്ചുപോയ സഹനത്തിന്റെ ധര്‍മ്മശാസ്ത്രം ഈ കുറിപ്പില്‍ ഉള്‍ക്കൊള്ളിക്കുവാനാവില്ല. എന്നാല്‍ എല്ലാറ്റിന്റെയും ഉത്തരങ്ങളിലേയ്ക്കുള്ള ഒരു ലിങ്ക് താഴെ കൊടുക്കുന്നു.
'ദൈവം സ്നേഹമാകുന്നു!'(1 യോഹ 4,9)
ഇവിടെ മൗസുകൊണ്ടല്ല ക്ലിക്ക് ചെയ്യേണ്ടത്. മറിച്ച് ആര്‍ദ്രമായ നിന്റെ ഹൃദയം ചേര്‍ത്തു വയ്ക്കുക.
ജോയ്സിന്റെ വിശുദ്ധമായ ഓര്‍മ്മകള്‍ക്കു മുന്‍പില്‍, അവന്റെ മാതാപിതാക്കന്മാരുടെയും സഹോദരന്റെയും സുഹൃത്തുക്കളുടെയും സങ്കടങ്ങളോട് ഞങ്ങളുടെയും മനസ്സുകള്‍ ചേര്‍ത്തു വച്ച് , ഞങ്ങള്‍ റോമില്‍ പഠിക്കുന്ന 37 വൈദിക വിദ്യാര്‍ത്ഥികളുടെയും പ്രാര്‍ത്ഥനാനിര്‍ഭരമായ ആദരാഞ്ജലികള്‍...
Posted by Bineesh Kalapurackal
ആ ദു:ഖത്തില്‍ പങ്കു ചേരുന്നു
ReplyDeleteMy hearty condolence
ReplyDeleteThe gardener needs that flower!!!!!!!!!!!what right do we have to quarrel over it????
ReplyDeleteMy heartfelt condolences...........
Lijo Vadakkan SDB
njangalude hradhayavikarangalkku akshara rooopam nalkiya bineeshinu nanny..
ReplyDelete