1 November 2007

നവാഗതര്‍ക്ക്‌ സ്വാഗതം (കുസൃതിയോടെ...)

വസന്തത്തിന്റെ ഓര്‍മ്മകളും പേറി വീണ്ടും ആ നന്മ മരത്തിലേക്ക്‌ ദേശാടനകിളികള്‍ ചേക്കേറി. സപ്തസ്വരങ്ങളെ പോലെ ഈ അമ്മവിടീന്റെ ഇടനാഴികളില്‍ സ്നേഹത്തില്‍ കുതിര്‍ത്ത പുഞ്ചിരിയോടെ അവര്‍ പുതുജീവിതത്തിന്റെ നേരും നോവും നിറവും ഹൃദയത്തിലുള്‍കൊണ്ടുകൊണ്ട്‌ പിച്ചവെയ്കാന്‍ തുടങ്ങി. അറിവിന്റെ ആകാശനീലിമയിലേക്ക്‌ അവര്‍ ചിറകുവിടര്‍ത്തുമ്പോള്‍ സപ്തവര്‍ണ്ണങ്ങളുടെ വശ്യതയുയരുന്നു.

'മാത്തര്‍ എക്ലേസ്സിയയിലെ' ബില്‍ഗേ(കേ)റ്റ്‌-നെല്‍സണ്‍ എല്ലാനിലകളിലുമുള്ള കമ്പ്യൂട്ടറുകളിലും തന്റെ അറിവിലുള്ള സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍മെന്റ്‌ വ്യവസ്ഥയില്‍ കയറ്റിയിറക്കി കൊണ്ട്‌ ആളായി നടക്കുന്നു. നെല്‍സണ്‍ എല്ലാനിലകളിലും ഓടികയറുമ്പോള്‍, ജോഷി പടികള്‍ പതിയ്യെ ചവിട്ടി കയറുന്നത്‌ തീര്‍ച്ചയായിട്ടും തടി കൂടിയിട്ടല്ല മറിച്ച്‌ വണ്ണം കുറയാതിരിക്കാനാണത്രെ! അനൂപും ഇക്കാര്യത്തില്‍ ജോഷിക്ക്‌ സപ്പോര്‍ട്ട്‌. അധികം സംസാരിക്കാത്തത്‌ അധികം ഭക്ഷിക്കാനാണോ എന്ന് ചോദിച്ചാല്‍ ഇരുവരും മൗനം. ഇവരിരുവരും നിമിത്തം ചിലര്‍ സന്തോഷിക്കുന്നുണ്ട്‌, ഇനിയാരും ഞങ്ങളേ തടിയരെന്ന് വിളിക്കില്ലല്ലോ? 'ഹല്ല... ആരിത്‌ എന്തൂട്ടാണ്‌' എന്ന് പാടി, സോറി, പറഞ്ഞുവരുന്നത്‌ ബാസ്റ്റിന്‍ അല്ലേ? ഇറ്റാലിയന്‍ ഭാഷയില്‍ ചുരുങ്ങിയ കാലം കൊണ്ട്‌ അത്ഭുതം സൃഷ്ടിക്കുന്ന വ്യക്തിത്വത്തിനുടമയാണദ്ദേഹം. ബാസ്റ്റിന്റെ ഇറ്റാലിയന്‍ കേട്ടിട്ട്‌ പ്രാര്‍ത്ഥനയിലായിരുന്ന ഒരു സഹോദരന്‍ ഞെട്ടിയത്രേ. 'റെജീന അപ്പസ്തോലോരും' (ശ്ലീഹന്മരുടെ റാണി) എന്ന് പറയുമ്പോള്‍ 'പ്രേഗ പെര്‍ നോയി' (ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ) എന്നു പറയേണ്ടതിന്‌ പകരം 'വിജയിക്കട്ടെ' എന്ന് മലയാളത്തില്‍ മറുപടി പറഞ്ഞാല്‍ ആ പാവം സഹോദരന്‍ ഞെട്ടിയില്ലെങ്കിലെ അത്ഭുതമുള്ളു. പക്ഷെ ഇത്‌ കേട്ടിട്ടും അടുത്തുണ്ടായിരുന്ന ജോട്ടു എന്ന അലെക്സ്‌ കളരിക്കന്‍ ഞെട്ടിയില്ല, അതിനര്‍ത്ഥം ജോട്ടു ഇടക്കൊന്ന് മയങ്ങിപ്പൊയെന്നല്ല, ഒരു ഗാഡനിദ്രയിലായിരുന്നു എന്നാണ്‌! ഒരു പേപ്പല്‍ ഓഡിയന്‍സ്‌ കൊണ്ട്‌ വത്തിക്കാന്‍ ചരിത്രം മുഴുവന്‍ ഗ്രഹിച്ചവനാണ്‌ ജോട്ടു. അതു കേള്‍ക്കാന്‍ വിധിക്കപ്പെട്ട സൈജു അന്നാദ്യമായി ഭക്ഷണം മുഴുവന്‍ കഴിച്ചു തീര്‍ത്തു. പലരും പറയുന്നു ഈയിടെയായി സൈജുവിന്റെ നടപ്പത്ര ശരിയല്ല എന്ന്. തെറ്റിദ്ധരിക്കരുത്‌, ഒരു സ്ക്രൂ ലൂസായി പോയതണ്‌(കഴിഞ്ഞ വര്‍ഷം കളിക്കിടയില്‍ പറ്റിയ ഒരു വീഴ്ചയുടെ ഒര്‍മ്മക്കായി ഒരു കുഞ്ഞു സ്ക്രൂ കാലില്‍ ഫിറ്റ്‌ ചെയ്തിരുന്നു, അതിന്റെ കാര്യമാണ്‌ പറഞ്ഞത്‌). ഇനിയെന്നാണൊ കളികളത്തില്‍ സഹീര്‍ഖാന്‍ ആയി തിരിച്ചു വരുന്നത്‌. 'ഇത്രയും മതി ഒരു കഥയെഴുതാം' എന്നു പറഞ്ഞ്‌ മുറിയിലേക്കോടിയ ബിനീഷ്‌ പെട്ടെന്ന് തിരിച്ചു വന്നു,'അണ്ണാ... പേനയുടെ മഷി തീര്‍ന്നു പോയി'. ഈശ്വരാനുഗ്രഹമെന്ന് പറഞ്ഞാശ്വസിക്കുന്നവര്‍ ബിനീഷിന്റെ പഴയ കൂട്ടുകാര്‍ തന്നെ.

പ്രതിഭയും പാടവവും ഒത്തിണങ്ങിയ ഈ സപ്തസ്വരങ്ങള്‍ 'മാത്തറില്‍' സംഗീതമാകുന്നു. ദൈവശാസ്ത്രത്തിന്റെ മേച്ചില്‍ പുറങ്ങളില്‍ അവര്‍ ഇറങ്ങുകയാണ്‌. അവരുടെ അറിവും അനുഭവങ്ങളും അഗാധമായിരിക്കട്ടെ എന്ന ആശംസയൊടെ...

Posted by Abhilash Gregory

No comments:

Post a Comment