20 November 2007

"സ്വര്‍ഗസ്ഥനായ പിതാവേ..." ഒരു പുനര്‍വായന

അക്ഷികള്‍ക്കന്യനെങ്കിലും അക്ഷയ സ്നേഹത്തിനുറവിടമായ അനശ്വരനായ പിതാവേ. നിന്റെ തിരുമനസ്സ്‌ ഭുമിയിലുമാകണമേ എന്നുരുവിടുമ്പോള്‍ എന്റെ ഇഷ്ടങ്ങളുടെ ഇത്തിരി നിലത്ത്‌ നിന്റെ വിശാല ദര്‍ശനങ്ങളുടെ ആകാശനീലിമ വരണമേ എന്നാണ്‌ ഞാന്‍ അര്‍ത്ഥമാക്കേണ്ടത്‌. എന്റെ വര്‍ണ്ണങ്ങളുടെ ക്ഷണികതക്കപ്പുറത്താണ്‌ തമ്പുരാന്റെ വസന്തങ്ങളുടെ സ്നേഹോത്സവമെന്ന തിരിച്ചറിവിലേക്ക്‌ ഞാന്‍ കടന്നുവരുകയാണ്‌. അവനാണ്‌ പൂജിതനാകേണ്ടത്‌ എന്ന ഉള്ളറിവ്‌ എളിമയുടെ നിലമൊരുക്കലാണ്‌, പറുദീസയിലേക്കുള്ള പാതയാണ്‌.

അപ്പത്തിനു വേണ്ടിക്കൂടിയും നാം പ്രാര്‍ത്ഥിക്കേണ്ടതുണ്ട്‌. അപ്പമെന്നാല്‍ ജീവനെന്നര്‍ത്ഥം. അറിയില്ല നമ്മുക്ക്‌ അടുത്ത നിമിഷത്തിന്റെ രഹസ്യാത്മകതകളെക്കുറിച്ച്‌. അതുകൊണ്ടാവാം സമൃദ്ധിയുടെ തമ്പുരാനോട്‌ അന്നന്നുള്ള അപ്പത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുന്നത്‌. സഹോദരനോടൊപ്പമല്ലാതെ ദൈവാലായത്തില്‍ ബലിയേകാനാവില്ല എന്നറിവ്‌ നമ്മുക്ക്‌ പകര്‍ന്നു നല്‍കുകയാണ്‌: നൈര്‍മ്മല്ല്യത്തിന്റെ വഴികളിലൂടെ ചരിക്കാന്‍ സ്നേഹത്തോടെ അവന്‍ നിര്‍ബന്ധിക്കുകയാണ്‌. മാപ്പ്‌കൊടുക്കലില്‍ നീതിക്കു മുകളില്‍ സ്നേഹത്തിന്റെ നിഴലുണ്ടാകണമെന്ന് ശഠിക്കുന്നത്‌ കരുണയുടെ ഹൃദയനിലങ്ങളില്‍ നമ്മളില്‍ ഒരുക്കിയെടുക്കാനാണ്‌.

ഇടര്‍ച്ചയുടെ നിമിഷങ്ങളില്‍ ജാഗരൂകതയുണ്ടാകേണ്ടതുണ്ട്‌. തിന്മയെന്നത്‌ ഇതുവരെ പറഞ്ഞവയുടെ നിരാസ്സങ്ങളാണ്‌. പൂജിത നാമം ആകാശങ്ങളെ തീര്‍ത്ത പിതാവിന്റേതാണ്‌ എന്ന അറിവ്‌ നഷ്ടമാകുന്നത്‌, അവന്റെ മനസ്സിന്റെ വിശാലതക്ക്‌ എന്റെ ഇഷ്ടങ്ങള്‍ കൊണ്ട്‌ അതിരുകള്‍ തീര്‍ക്കുന്നത്‌, കുറവുകളുള്ള സഹോദരങ്ങളോട്‌ കരുണയോടെ പെരുമാറാനുള്ള നിറവ്‌ ഇല്ലാതിരിക്കുന്നതൊക്കെ തിന്മയുടെ കരിപുരണ്ട നിലങ്ങളാണ്‌. പിഴവില്‍ പതിക്കാതെ പാലിക്കണേ പൂജിതനായ പിതാവേ.

Posted by Abhilash Gregory


3 comments:

  1. It is really a different mode of thinking
    all the best continue to think differently

    ReplyDelete
  2. Its very good..........nallathu.
    Again you must write these type of articles
    god bless you

    ReplyDelete
  3. Good...........very good..........we are from ernakulam.daily we checking this blog.....please write something day to day
    A lot of thanks
    Sister's from Ernakulam

    ReplyDelete