1 January 2009

പുതുവത്സരാശംസകള്‍!

ളംകാറ്റ്‌ വീശുന്ന നിലാവു പരക്കുന്ന പിന്നെ നേര്‍ത്ത മഞ്ഞു പൊഴിയുന്ന ഈ രാവില്‍ ഒരു വര്‍ഷം കൂടി യാത്ര പറഞ്ഞു പോവുകയാണ്‌. കണ്ണുനീരും ചിരിയും കാത്തിരിപ്പും പ്രാര്‍ത്ഥനകളും സ്വപ്നങ്ങളുമൊക്കെ ഇനിയും ബാക്കി... ഭിത്തിയിലെ കലണ്ടറിന്‌ പുകപിടിച്ചിരിക്കുന്നു. അതിലെ കറുത്ത വലിയ അക്കങ്ങള്‍ക്കും ചുവപ്പിച്ച അവധികള്‍ക്കും ഇനി പ്രസക്തി ഇല്ലാതാവുകയാണ്‌. ശ്രാവണവും തിരുവാതിരയും ഞാറ്റുവേലയും എല്ലാം ഋതുഭേദങ്ങളുടെ തേരേറി അകന്നു പോകുന്നു. നാളെ എന്റെ വീട്ടുമുറ്റത്തെ കുടമുല്ലയില്‍ വിരിയുന്നത്‌ പുതുവത്സരത്തിന്റെ തൂവെള്ള പൂക്കളാണ്‌.


കഴിഞ്ഞ വര്‍ഷം എങ്ങനെ പോയി എന്നൊന്നും ഓര്‍ത്തെടുക്കാനാവില്ല.സന്തോഷമായിരുന്നു. സങ്കടത്തിന്റെ രാവുകളും ഒട്ടും കുറവല്ല.നഷ്ടങ്ങളൊക്കെ ഏറെയാണ്‌. പിന്നെ കരയിപ്പിക്കുന്ന വേര്‍പാടുകളും. പത്രവാര്‍ത്തകളൊക്കെ വല്ലാതെ പേടിപ്പെടുത്തന്നവയായിരുന്നു; നരഹത്യ, പീഡനം, അപകടങ്ങള്‍, മനുഷ്യാവകാശ ധ്വംസനങ്ങള്‍ അതങ്ങനെ നീളുകയാണ്‌. നിയമനിര്‍മ്മാണം, കാര്യനിര്‍വ്വഹണം, നീതിന്യായം തുടങ്ങിയവയ്ക്കു ശേഷം ഫോര്‍ത്ത്‌ എസ്റ്റേറ്റ്‌ എന്നു ജനാധിപത്യത്തില്‍ വിശേഷിപ്പിക്കുന്ന പത്രങ്ങളില്‍ പലതും അക്ഷരങ്ങള്‍കൊണ്ട്‌ കൂട്ടിക്കൊടുപ്പു നടത്തുന്ന മഞ്ഞപത്രങ്ങള്‍ ആയിപ്പോയതു കഴിഞ്ഞ കൊല്ലത്തെ ഒരു ദുരന്തം. എങ്കിലും ഇഷ്ടമായിരുന്നു കഴിഞ്ഞ നാളുകള്‍. ഇപ്പോള്‍ സങ്കടം തോന്നുന്നു 2008നോട്‌ വിട പറയാന്‍. പൊട്ടിയതെങ്കിലും ഇഷ്ടപ്പെട്ട കളിപ്പാട്ടം കളയാന്‍ കഴിയാത്ത കുഞ്ഞിനെപ്പോലെ വിതുമ്പുന്നു.

ഈ രാത്രി വിളവെടുപ്പിന്റെ രാവാണ്‌. ഡയറിയിലെ ആകാശനീലയില്‍ കറുത്ത വരകള്‍ക്കും മീതെ കഴിഞ്ഞ വര്‍ഷാരംഭത്തില്‍ എഴുതിവച്ച തീരുമാനങ്ങളും സ്വപ്നങ്ങളുമൊക്കെ ഇന്‍കുബേറ്ററില്‍ നിന്നും അകാലത്തില്‍ പുറത്തെടുത്ത നവജാതരെപ്പൊലെ വിളര്‍ത്ത്‌ നീലച്ചങ്ങനെ കിടക്കുന്നു. എന്നിട്ടും പുത്തന്‍ ഡയറിയുടെ ആദ്യപേജ്‌ സ്വപ്നങ്ങള്‍ക്കൊണ്ട്‌ കുത്തി നിറയ്ക്കുന്നു ഞാന്‍. പുതുവര്‍ഷത്തിന്‌ എന്തു പ്രസക്തിയാണുള്ളത്‌? ഒരിടത്തുമിതൊരു അദ്ധ്യയന വര്‍ഷാരംഭമോ അവസാനമോ അല്ല. മതപരമായ ആചാരമല്ല. ആരുംതന്നെ വിടചൊല്ലി പോകുന്നുമില്ല. എന്നിട്ടും പുതുവര്‍ഷം ഒരു യാത്രപറച്ചിലിന്റെ അന്തരീക്ഷമുണര്‍ത്തുന്നു.ഇവിടെ വിട പറയുന്നത്‌ കാലമാണ്‌. ആരെയും കാത്തുനില്‍ക്കാതെ ഇടവഴിയിലൂടെ വടിയൂന്നി നടന്നകലുകയാണ്‌ കാലമെന്ന പഥികന്‍, ചരിത്രത്തിന്റെ വീട്ടിലേയ്ക്ക്‌...

സമയത്തിന്റെ ആപേക്ഷികതകള്‍ക്കു മുന്‍പില്‍ എത്ര നിസ്സാരമാണെന്റെ ഈ ഒരു വര്‍ഷം. നമ്മുടെ പരിമിതമായ സമയബോധങ്ങള്‍ക്കുമപ്പുറം പ്രകാശവര്‍ഷങ്ങള്‍ക്കുമകലെ ഭാവിയും ഭൂതവും വര്‍ത്തമാനവുമെല്ലാം ഇല്ലാതാകുന്നുവെന്ന് ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റൈന്‍ തെളിയിച്ചതാണ്‌."നാളെ നട്ടുച്ചയ്ക്ക്‌ വിരിഞ്ഞ നിശാഗന്ധി ഇന്നലെ രാത്രിയില്‍ കൊഴിഞ്ഞുപോയി" എന്നു പോലും പറയാനാവുന്ന ആപേക്ഷികത.പിതാവായ ദൈവത്തിന്റെ മുന്‍പിലാകട്ടെ എന്റെ ആയിരം വര്‍ഷങ്ങള്‍ ഒരു ദിനം പോലെയാണത്രേ! ശാസ്ത്രത്തിന്റെയും ദൈവത്തിന്റെയും മുന്‍പില്‍ കരിമരുന്നു ഘോഷത്തോടെ പുതുവത്സരമാഘോഷിക്കാന്‍ അപകര്‍ഷത തോന്നുന്നു എനിക്ക്‌. പക്ഷേ ഇപ്പോള്‍ ഞാന്‍ നോക്കുന്നത്‌ ഗാഗുല്‍ത്തായിലെ കുരിശിലേയ്ക്കാണ്‌. നമ്മുടെ കുഞ്ഞുജീവിതത്തിലെ ഓരോ നിമിഷത്തേയും അനന്തമാക്കിയ മനുഷ്യാവതാരം! അനാദിയും അനന്തവുമായ വചനം മാംസം ധരിച്ചപ്പോള്‍ ചരിത്രം രണ്ടായി പകുക്കപ്പെട്ടു. 33 വര്‍ഷത്തെ ആ മനുഷ്യ ജീവിതം നമ്മുടെ ജന്മങ്ങള്‍ക്ക്‌ അനശ്വരതയുടെ പശ്ചാത്തലമൊരുക്കി.ഇനി എന്റെ ഓരോ ദിനവും നിമിഷവും അങ്ങേയറ്റം പ്രസക്തമാണ്‌.

ഇന്നീ നീലരാവില്‍ പുതുവത്സരത്തിലെ മധുരങ്ങള്‍ക്കും വര്‍ണ്ണങ്ങള്‍ക്കുമൊപ്പം ഓര്‍മ്മയില്‍ തെളിയുന്നത്‌ ഓസ്കാര്‍ വൈല്‍ഡിന്റെ 'The Picture Of Dorain Gray' എന്ന നോവലാണ്‌.വിക്ടോറിയന്‍ സാഹിത്യലോകത്തെ ഇതിഹാസമായിരുന്നു ആ നോവല്‍. ലോര്‍ഡ്‌ ഹെന്റിയുടെ വാക്കുകള്‍ ഞാന്‍ ഇങ്ങനെ തര്‍ജ്ജമ ചെയ്യട്ടെ;

"പള്ളിക്കൂടമുറ്റത്തെ വാകമരത്തിലെ പൂക്കള്‍ ഈ വേനലില്‍ കൊഴിഞ്ഞുപോകും. എന്നാല്‍ അടുത്ത വസന്തര്‍ത്തുവില്‍ അതു വീണ്ടും പൂചൂടും. ഈ വിഷുവിനെന്നപോലെതന്നെ സ്വര്‍ണ്ണനിറമുള്ള കണികൊന്നപ്പൂവുകള്‍ അടുത്ത വര്‍ഷവുമുണ്ടാവും. വീട്ടിലേയ്ക്കുള്ള വഴിയരുകില്‍ പൂത്തുനിന്ന ചെമ്പകത്തിന്റെ ചില്ലകളെ നൃത്തം പഠിപ്പിച്ച വൃശ്ചികതെന്നല്‍ വീണ്ടും വരും. പക്ഷേ ഒന്നോര്‍ക്കുക; നിന്റെ യുവത്വം ഒരിക്കല്‍ കഴിഞ്ഞാല്‍ തിരിച്ചു വരില്ല. കടന്നു പോയാല്‍ പിന്നെ ഒക്കെ മനസ്സിനക്കരെ ആവും.. അതുകൊണ്ട്‌ ബാല്യമാകട്ടെ, കൗമാരമാകട്ടെ, യൗവനമാകട്ടെ അതുള്ളപ്പോള്‍ ജീവിച്ചു തീര്‍ക്കുക, സമൃദ്ധമായി...

ഏവര്‍ക്കും പുതുവത്സരാശംസകള്‍!


Posted by Bineesh Kalappurackal

4 comments:

 1. സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍

  ReplyDelete
 2. പുതിയ പാതകള്‍...പുതിയ വര്‍ഷം.....പുതുവത്സരാശംസകള്‍

  ReplyDelete
 3. "പൊട്ടിയതെങ്കിലും ഇഷ്ടപ്പെട്ട കളിപ്പാട്ടം കളയാന്‍ കഴിയാത്ത കുഞ്ഞിനെപ്പോലെ വിതുമ്പുന്നു"

  ഈ പുതുവര്‍ഷത്തിലെങ്കിലും ഒരു കുഞ്ഞിന്റെ നൈര്‍മ്മല്ല്യം ഹൃദയത്തില്‍ സൂക്ഷിക്കാനായിരുന്നെങ്കില്‍ എന്ന് കൊതിക്കുന്നു... വലിച്ചെറിഞ്ഞ ഒരുപാട്‌ കളിപ്പാട്ടങ്ങള്‍ കണ്ടെടുത്ത്‌ വീണ്ടും പൊട്ടിച്ചിരിക്കാന്‍...

  പുതുവത്സരാശംസകള്‍

  ReplyDelete
 4. ഹൃദയം നിറഞ പുതുവൽസരാശംസകൾ

  ReplyDelete