7 May 2008

രോഗം

വേദനയുടെ രോഗശയ്യകളില്‍ കിടന്നിട്ടില്ലാത്തവരാരാണുള്ളതു? രോഗം, എത്ര നിസ്സാരമെങ്കിലും തീവ്രാനുഭവമാണ്‌. ജീവിതത്തിന്റെ സ്വഛ്ചതയിലെപ്പോഴോ ഒരു പനി വരുന്നു. കനത്ത ചൂടിലും ശരീരം കുളിരുന്നു.

നെറ്റിയില്‍ വിക്സിന്റെ പൊള്ളുന്ന നീറ്റല്‍. തലയ്ക്കുള്ളില്‍ കടന്നല്‍ കുത്തിന്റെ നോവ്‌. ശരീരം കിടു കിടാ വിറയ്ക്കുന്നു.കാലുകള്‍ തളരുന്നു. നാവില്‍ പനിക്കയ്‌പ്പ്‌. ഇഷ്ട ഭോജ്യങ്ങള്‍ പോലും മനം പിരട്ടലുണ്ടാക്കുന്നു.എന്തു ശാന്തമായിരുന്നു കഴിഞ്ഞു പോയ എന്റെ രാത്രികളൊക്കെ. എത്ര നീണ്ട മണിക്കൂറുകള്‍ ഉറങ്ങിയാലും ഒരു കൊച്ചു മയക്കം പോലെയേ തോന്നിയിരുന്നുള്ളൂ. ഇപ്പോള്‍ രാത്രിയ്ക്കു ദൈര്‍ഘ്യമേറിയോ? അസമയങ്ങളില്‍ ജ്വര സ്വപ്നങ്ങള്‍ കണ്ട്‌ ഞെട്ടിയുണരുന്നു. പുതപ്പിനു കീഴില്‍ ഒരു തീക്കനല്‍ പോലെ ഞാന്‍ ചുരുണ്ടു കൂടുന്നു. കണ്‍പോളകള്‍ക്കു മീനച്ചൂട്‌. ഉറക്കം എപ്പോഴേ എനിക്കു നഷ്ടമായിരിക്കുന്നു.

ആശുപത്രിവാര്‍ഡിലിപ്പോള്‍ മരുന്നിന്റെ രൂക്ഷ ഗന്ധമാണ്‌. ബെഡ്ഷീറ്റിന്റെയും പുതപ്പിന്റെയും ഇളം പച്ചനിറത്തിനു ആലിലത്തളിരിന്റെ ഫ്രഷ്‌നെസ്സ്‌ ഇല്ല. ഹരിതത്തിനിപ്പോള്‍ നിര്‍വ്വികാരതയാണ്‌. പ്ലാസ്റ്റിക്ക്‌ ചുവയുള്ള ചായ സ്റ്റീല്‍ ഗ്ലാസ്സില്‍ പകര്‍ന്നു തരുന്നതു ആരാണ്‌? എനിക്കു കൂട്ടുനില്‍ക്കാന്‍ വന്ന വേണ്ടപ്പെട്ട ആരോ ഒരാള്‍. ഇന്നലെ രാത്രിയില്‍ ഓ.പിയിലെ വരാന്തയില്‍ ഒരു ഇരുമ്പു കസേരയിലിരുന്നാണു അയാള്‍ ഉറങ്ങിയത്‌. രാത്രിയിലെപ്പോഴോ സീറോ വാള്‍ട്ടിന്റെ അരണ്ട വെട്ടത്തില്‍ ഞാന്‍ കണ്ടിരുന്നു, കസേരയില്‍ കൂനിക്കൂടിയിരുന്നയാള്‍ ഉറങ്ങുന്നതും ആടിവീഴുന്നതുമെല്ലാം. ഇപ്പോള്‍ അയാളുടെ കണ്ണുകളില്‍ ഉറക്കം ഘനീഭവിച്ചിരിക്കുന്നു. ഡോക്ടര്‍ റൗണ്ട്സിനെത്തുമ്പോള്‍ അയാള്‍ മുറിക്കു പുറത്തേയ്ക്കു പോകും. പിന്നെ നഴ്സ്‌ കൊടുക്കുന്ന മരുന്നിന്റെ കുറിപ്പ്‌ ഇടതു കൈയില്‍ വാങ്ങുമ്പൊള്‍ വലം കൈ ഷര്‍ട്ടിന്റെ പോക്കറ്റിന്റെ സാന്ദ്രതയിലമരുന്നു. അതിനുമപ്പുറം ഒരു ഹൃദയം വേഗത്തില്‍ മിടിക്കുന്നു.

നാവിനു താഴെ തെര്‍മ്മോമീറ്ററിന്റെ തണുപ്പ്‌. കുത്തിവയ്പ്പിനു മുന്‍പ്‌ തോളില്‍ നനഞ്ഞ പഞ്ഞി കൊണ്ട്‌ തൊട്ടപ്പോള്‍ സൂചി കയറുന്നതിനേക്കാള്‍ വേദന.തീയതികള്‍, ദിനരാത്രവ്യതിയാനങ്ങള്‍,എല്ലാം ഇപ്പോള്‍ ഇല്ലാതാകുന്നു. കലണ്ടറുകള്‍ പുക പിടിക്കുന്നു.സമയം തികച്ചും ആപേക്ഷികമാണെന്ന് എന്നെ പഠിപ്പിച്ചതു രോഗമാണ്‌. ഭൂതഭാവി വര്‍ത്തമാനങ്ങളുടെ ഭ്രമണ പഥങ്ങള്‍ തകര്‍ന്നുത്തരിപ്പണമായിരിക്കുന്നു.

ഐ സു യുവിലെ ചില്ലു കൂട്ടില്‍ കിടന്നപ്പോള്‍ ഇടയ്ക്കു ഓക്സിജന്‍ സിലിണ്ടറില്‍ നിന്നാവാം ഒരു ബീപ്പ്‌ ശബ്ധം കേള്‍ക്കാം. പിന്നെ ചില്ലിനപ്പുറത്തെപ്പോഴോ പ്രത്യക്ഷപ്പെടുന്ന മിഴിനീര്‍ വാര്‍ക്കുന്ന ചില മുഖങ്ങളും. ഏതാനും മണിക്കൂറുകളുടെ നിരീക്ഷണത്തില്‍ കഴിയുന്ന ഐ സി യുവിലെ രോഗികള്‍ക്കിടയില്‍ മറ്റൊരാളുടെ അദൃശ്യ സാന്നിധ്യം ഒരു ഞെട്ടലോടെയാണു ഞാനറിഞ്ഞത്‌. അയാള്‍ രോഗിയല്ല. തികഞ്ഞ ആരോഗ്യവാന്‍. ആരും വിളിയ്ക്കാതെ എവിടെയും വലിഞ്ഞു കേറി വരുന്ന ഔചിത്യ ബോധമില്ലാത്ത ഒരതിഥി. രോഗികള്‍ ഉറക്കത്തിന്റെ ശൂന്യാകാശത്തെത്തിയാല്‍ അയാള്‍ പതിഞ്ഞ കാല്‍വയ്‌പ്പുകളോടെ നടക്കാനിറങ്ങും. നേരം പുലരുമ്പോള്‍ ഐ സി യുവില്‍ ഒരു കിടക്ക ശൂന്യമാകുന്നു. ഇന്നു പുലര്‍ച്ചെ വാര്‍ഡിലേയ്ക്കു മാറ്റാമെന്നു കരുതിയിരുന്ന ഒരാള്‍...പിന്നെ മോര്‍ച്ചറിയിലെ ഫ്രീസറിന്റെ മുരള്‍ച്ച ഉച്ചത്തിലാകുന്നു.

വീടിന്റെ തിണ്ണയിലെ ചുവരുകളില്‍ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ചിത്രങ്ങളില്‍ മാത്രം കണ്ടിരുന്ന കാരണവന്മാരും വേര്‍പിരിഞ്ഞ സ്നേഹിതരുമൊക്കെ മേഘങ്ങളുടെ തൂവെള്ള വീട്ടില്‍ വിരുന്നിനെത്തുന്നു. അതിന്റെ പടിവാതിലില്‍ വെള്ള വസ്ത്രമണിഞ്ഞു നില്‍ക്കുന്ന ആള്‍ക്ക്‌ എന്റെ ഛായ.ആശുപത്രിയിലെ നിസ്സാര കാഴ്ചകള്‍ പോലും വല്ലാതെ അസാധരണമാകുന്നു.. കുഞ്ഞുന്നാളിലെ പനി സ്വപ്നങ്ങള്‍ പോലെ..രാക്ഷസ്സന്‍ എനിക്കു പിന്നാലെ വരുന്നു.ഓടണമെന്നുണ്ട്‌. പക്ഷേ കഴിയുന്നില്ല. കാലുകള്‍ക്കു പ്രപഞ്ചത്തിന്റെ ഭാരം... രാക്ഷസ്സന്‍ തൊട്ടു പുറകില്‍...നിസ്സഹായതയുടെ പൂര്‍ണ്ണത.കിടയ്ക്കയ്ക്കു മുകളിള്‍ തൂങ്ങി കിടക്കുന്ന ഗ്ലൂക്കോസ്‌ കുപ്പിക്കും തുള്ളി വാര്‍ക്കുന്ന ട്യൂബിനും ആകാശം മുട്ടെ ഉയരം. ചക്രവാളങ്ങളില്‍ നിന്നും മാലഖമാര്‍ ചേര്‍ന്നു കമിഴ്ത്തുന്ന വലിയ ഒരു കുടം പോലെ.

ഡെറ്റോള്‍ മണം പരക്കുന്ന വാര്‍ഡ്‌, പോളിയോ വാക്സിന്റെയും എയ്ഡ്സ്‌ പ്രതിരോധത്തിന്റെയും പരസ്യം പതിപ്പിച്ച മഞ്ഞച്ച ചുവരുകള്‍, പാറ്റാ ഗുളികയുടെ ഗന്ധം വമിക്കുന്ന പൊതു കക്കൂസ്‌, നിറഞ്ഞ വെയ്സ്റ്റ്‌ ബക്കറ്റില്‍ നിന്നും പുറത്തു വീണു കിടക്കുന്ന ചോര പറ്റിയ പഞ്ഞിത്തുണ്ടുകള്‍... വീട്ടില്‍ കിടന്നു മരിക്കാന്‍ രോഗി ശഠിക്കുമ്പോള്‍ കുറ്റപ്പെടുത്താന്‍ നമുക്കാവില്ല.

രോഗി മറ്റൊരാളായി മാറുകയാണിപ്പോള്‍. പെട്ടന്നയാള്‍ മരണത്തെ ഓര്‍ക്കുന്നു. എല്ലാവരുടെയും സാന്നിദ്ധ്യം കൊതിയ്ക്കുന്നു. ശത്രുവിനെപ്പോലും കെട്ടിപ്പുണരാന്‍ ആശിക്കുന്നു. മനസ്സില്‍ അപ്പോള്‍ ഒറ്റ ഭാവമേയുള്ളൂ, സ്നേഹം. രോഗാവസ്ഥയില്‍ മരുന്നിനേക്കള്‍ കയ്പ്പാണു ഏകാന്തതയ്ക്ക്‌. ആശുപത്രി കാന്റീനിലെ തൂക്കു പാത്രങ്ങളേക്കാള്‍ പത്രക്കടലാസില്‍ പൊതിഞ്ഞ ഒരു കിലോ മുന്തിരിയേക്കാള്‍ രോഗിയ്ക്കാവശ്യം സ്നേഹ സാന്നിദ്ധ്യമാണ്‌. അതുകൊണ്ട്‌ ആശുപത്രി ഭിത്തിയിലെ മുന്നറിയിപ്പ്‌ കൃത്യമായി പാലിയ്ക്കാം നമ്മള്‍ക്ക്‌, "രോഗിയുടെ കിടക്കയില്‍ ഇരിക്കരുത്‌", കാരണം അത്‌ അനാരോഗ്യകരമാണ്‌. എന്നാല്‍ കിടക്കയ്ക്കരുകിലുള്ള കസേരയില്‍ നമുക്കിരിക്കാം. കാരണം ആ കസേര രോഗിയുടെ ഹൃദയത്തോട്‌ വളരെ ചേര്‍ന്നാണു കിടക്കുന്നത്‌.

Posted by Bineesh Kalapurackal

2 comments: