വീണ്ടുമൊരിക്കല്‍കൂടി ഡിസംബര്‍ 25 നമ്മുടെ ജീവിതത്തില്‍ കടന്നുപോവുകയാണ്. പുല്‍ക്കൂടുണ്ടാക്കിയും നക്ഷത്രവിളക്കുകള്‍ തെളിച്ചും കുഞ്ഞുത്യാഗപ്രവൃത്തികള്‍ ചെയ്തും നമ്മള്‍ നടത്തിയ ആത്മീയമായും ഭൗതികവുമായ ഒരുക്കങ്ങളുടെയെല്ലാം ഒടുക്കം ഉണ്ണി പിറക്കുകയാണ്...വര്‍ഷങ്ങള്‍ക്കു മുമ്പ് അപ്പത്തിന്റെ നാടായ ബതലഹേമില്‍ രാത്രിയുടെ നിശബ്ദതയില്‍ മുഴങ്ങി കേട്ട ദിവ്യ പൈതലിന്റെ പിഞ്ചുകരച്ചിലിന്റെ നേര്‍ത്ത സ്വരം ഇന്നിവിടെയും അലയടിക്കുന്നു, നമ്മുടെ ഹൃദയത്തില്‍. നമ്മുടെ ഹൃദയമാകുന്ന പുല്‍ക്കൂട്ടില്‍ പിറന്നു വീണ ദിവ്യപൈതലിനെ നമുക്കും ഭക്ത്യാദരപൂര്‍വ്വം വണങ്ങാം.
മാതാപിതാക്കളുടെ നിസ്സഹായാവസ്ഥയില്‍ കാലിത്തൊഴുത്തില്‍ പിറന്നു വീണ പൊന്നുണ്ണി വെറുംകയ്യോടെ ആയിരുന്നില്ല പിറന്നു വീണത്. അവന്‍ നമുക്കായി കൊണ്ടുവന്നത് സമാധാനമായിരുന്നു. "സന്മനസ്സുള്ളവര്‍ക്കു സമാധാനം". ആട്ടിടയന്മാരെ മാലാഖമാര്‍ അറിയിച്ചതും സമാധാനത്തിന്റെ ഈ മംഗളവാര്‍ത്തയാണ്. സമാധാനത്തിന്റെ നക്ഷത്രമാണ് ഹേറോദോസിന്റെ മണിമാളികയില്‍ നിന്നും കാലിത്തൊഴുത്തിലേയ്ക്ക് പൗരസ്ത്യരായ ജ്ഞാനികളെ നയിച്ചത്. ഇന്നും അവന്‍ നമ്മുക്കായി നല്‍കുന്നതും സമാധാനത്തിന്റെ സന്തോഷമാണ്.
തങ്ങള്‍ക്കായി ജനിച്ച ദിവ്യരക്ഷകനായി ബതലഹേമിലേയ്ക്ക് ഓടിയെത്തിയ ആട്ടിടയര്‍ എന്താവും തങ്ങളുടെ ദൈവത്തിനു നല്‍കിയിരിക്കുക? ഉള്ളും ഉള്ളവും അറിയാവുന്നവന്റെ മുന്‍പില്‍ നല്‍കുന്ന സമ്മാനങ്ങളുടെ വലുപ്പമല്ല നല്‍കുന്നവന്റെ മനസ്സിന്റെ വലുപ്പമാണ് പ്രാധാനം. അതിനാല്‍ അവര്‍ നല്‍കിയത്, എന്തുമാകട്ടെ അത് പൂര്‍ണ്ണമായ സമ്മതത്തോടെയായിരുന്നു എന്നതാണ് ശ്രദ്ധേയം.അവനെ കാണാന്‍ ദൂരെദേശത്തുനിന്നും കഷ്ടതകളും ദുരിതങ്ങളും സഹിച്ചെത്തിയ ജ്ഞാനികള്‍ നല്‍കിയതും അവര്‍ക്ക് പ്രിയപ്പെട്ടവതന്നെ; പൊന്ന്, മീറ, കുന്തിരിക്കം. പുല്‍ത്തൊട്ടിയിലെ ദിവ്യ ശിശുവിന്റെ ജീവിത ദൗത്യങ്ങളുടെ പ്രതീകങ്ങളായ ഓര്‍മ്മപ്പെടുത്തലായിരുന്നു അവയോരോന്നും.ഇനി അവരല്ല, നമ്മളോരോരുത്തരുമാണ് പുല്ക്കൂട്ടിലേയ്ക്ക് പോകേണ്ടവര്‍ . അവരുടെ കര്‍മ്മം അവര്‍ ഭംഗിയായി നിര്‍വഹിച്ചു കഴിഞ്ഞു. നമ്മള്‍ ഇതാ പുല്‍ക്കൂട്ടിലേയ്ക്ക് പോവുകയാണ്. ജീവിതത്തിലെ ഈ അസലുഭ നിമിഷത്തില്‍ നമ്മുക്ക് പ്രചോദനവും വെല്ലുവിളിയുമായി ജ്ഞാനികളും ആട്ടിടയന്മാരും നില്‍ക്കുകയാണ്. അവര്‍ നമ്മോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്; " ഇന്നു നീ ദിവ്യ രക്ഷകനു സമ്മാനമായി നല്‍കുന്നത് നിന്റെ ജീവിതത്തില്‍ നീ ഏറ്റവും വില കല്‍പ്പിക്കുന്നതും അവന്‍ നിന്നോട് ആവശ്യപ്പെടുന്നതുമാണോ?"
വെറുമൊരു 'അതെ' , 'അല്ല' എന്നാവരുത് നമ്മുടെ മറുപടി.മറിച്ച് എന്റെ നല്‍കല്‍ നിറഞ്ഞ മനസ്സോടെയും സമ്മതത്തോടെയും ആണെന്നുള്ളതാവണം മറുപടിയുടെ പൊരുള്‍. അതിനായി നമ്മുക്കൊരുങ്ങാം. അത്തരമൊരു സമ്പൂര്‍ണ്ണ സമര്‍പ്പണത്തിനായി അവന്റെ പാദാന്തികത്തിലണയാം നമ്മള്‍ക്ക്. ഇതാവട്ടെ നമ്മുടെ അവിസ്മരണീയ ക്രിസ്തുമസ്.
Posted By Deacon Roney Thayyil
No comments:
Post a Comment