10 November 2008

ഉറക്കക്കോട്ടയുടെ വാതിലുകള്‍


‍നിദ്രാടകരായ ഒരമ്മയും മകളും ഒരു രാത്രി സ്വപ്നസഞ്ചാരത്തിനിടെ പരസ്പരം കണ്ടുമുട്ടി. അമ്മ പറഞ്ഞു, "ഇതാ എന്റെ ശത്രു. എന്റെ യുവത്വത്തെ നശിപ്പിച്ചവള്‍. നിന്നെ എനിക്കു വധിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍". മകള്‍ പറഞ്ഞു,"നികൃഷ്ടയായ കിഴവീ, എന്റെ സ്വാതന്ത്ര്യത്തിന്‌ വഴിമുടക്കിയായിരിക്കുന്ന നീ മരണത്തിന്‌ ഇരയായിരുന്നുവെങ്കില്‍!" ഒരു നിമിഷം. കാക്കയുടെ കരച്ചില്‍! അമ്മയും മകളും ഉറക്കംവിട്ടെഴുന്നെറ്റു. അമ്മ വാത്സല്യത്തോടെ വിളിച്ചു, "എന്റെ പൊന്നുമോളേ..." മകള്‍ സൗമ്യതയോടെ മറുപടി നല്‍കി, "എന്റെ പൊന്നമ്മച്ചിയേ..."

നിദ്ര ഒരു രഹസ്യമാണ്‌. ഉറക്കപ്പക്ഷി കണ്‍പോളകളില്‍ ചേക്കേറുമ്പോള്‍ നാം പതുക്കെ മയക്കത്തിലേയ്ക്ക്‌ വഴുതി വീഴുന്നു.പിന്നെ ഗാഢനിദ്ര. ഇനി ശരീരത്തിന്റെ കിളിക്കൂട്‌ വിട്ട്‌ മനസാകുന്ന മാടപ്രാവ്‌ പറന്നുയരുകയാണ്‌. മഴവില്ലുകള്‍ തെളിയുന്ന സ്വപ്നങ്ങളുടെ ആകാശത്തിലേയ്ക്ക്‌... ദര്‍ശനങ്ങളിലെയ്ക്ക്‌... വെളിപാടുകളിലേയ്ക്ക്‌.. ഇനിയും ചിലപ്പോള്‍ ഒരിക്കലും കൂടണയാതെ മരണത്തിന്റെ തൂവെള്ളവീട്ടിലേയ്ക്ക്‌.... അങ്ങനെ കാണാകാഴ്ചകളുടെ, കാണാദൂരങ്ങളുടെ അങ്ങകലങ്ങളിലേയ്ക്ക്‌ പ്രകാശവര്‍ഷങ്ങളേക്കാള്‍ വേഗതയില്‍... പ്രാവ്‌ ചിറകടിച്ചു പറന്നുപോകുന്നു. ഉറക്കം അത്ഭുതമാണ്‌. അങ്ങേയറ്റം സങ്കീര്‍ണ്ണമായതെങ്കിലും തീര്‍ത്തും കാല്പനികമായ പ്രതിഭാസം. പരിസരാവബോധത്തില്‍ കുറവ്‌ സംഭവിക്കുകയും ശരീരം വിശ്രമാവസ്ഥ സ്വീകരിക്കുകയും ചെയ്യുന്ന നൈസര്‍ഗ്ഗിക പ്രക്രീയയാണ്‌ ഉറക്കം. നിര്‍വചനമിതാണെങ്കിലും ഉറക്കം എന്തിന്‌, എന്തുകൊണ്ട്‌ എന്നു തുടങ്ങി അനേകം ചോദ്യങ്ങള്‍ ബാക്കിയാണ്‌. മനശാസ്ത്രത്തിന്റെ താക്കോലുകള്‍കൊണ്ട്‌ ഉറക്കമാകുന്ന ഭൂതത്താന്‍ കോട്ടയുടെ വാതിലുകള്‍ നമ്മുക്ക്‌ തുറക്കാം.

തലച്ചോറില്‍ മെറ്റല്‍ ഇലക്ട്രോടുകള്‍ ഘടിപ്പിച്ച്‌ ഉറങ്ങുന്ന ആളിന്റെ തലച്ചോറിലെ വൈദ്യുത തരംഗങ്ങളെ പഠിച്ചാണ്‌ ഉറക്കത്തിന്റെ രഹസ്യങ്ങളെ ശാസ്ത്രജ്ഞന്മാര്‍ മനസ്സിലാക്കുന്നത്‌. ഈ രീതിയ്ക്ക്‌ ഇലക്ട്രോ എന്‍സഫോലോഗ്രഫി എന്നു പറയുന്നു. ഉറക്കത്തെ രണ്ടായി തരംതിരിക്കാം. REM Sleep എന്നും Non-REM Sleep എന്നും. REM Sleep നെ പ്രധാനമായും നിയന്ത്രിക്കുന്നത്‌ ബ്രയിന്‍ സ്റ്റെമ്മിലെ പോണ്‍സ്‌ എന്ന ഭാഗമാണ്‌. ഈ നിദ്രാവസ്ഥയില്‍ കണ്‍പീലികളില്‍ ദ്രുതചലനം നടക്കുന്നു. അപ്പോള്‍ തലച്ചോറിലെ തരംഗവീചികള്‍ ഉണര്‍ന്നിരിക്കുന്ന വ്യക്തിയുടേതിന്‌ സമാനമായിരിക്കും. Non REM Sleep - ലാകട്ടെ ശ്വസനവും ഹൃദയമിടിപ്പും ശരീരോഷ്മാവും കുറയും.ഫോര്‍ബ്രയിനാണ്‌ ഈ അവസ്ഥയെ നിയന്ത്രിക്കുന്നത്‌. ഉറക്കത്തിന്റെ ഈ രണ്ട്‌ അവസ്ഥകളും ഇടവേളകളില്‍ മാറിമാറി വരുന്നു. പ്രായപൂര്‍ത്തിയായ ഒരു വ്യക്തി തന്റെ ഉറക്കത്തിന്റെ 20% REM അവസ്ഥയിലായിരിക്കും.ഉറക്കത്തില്‍ ചില താളപ്പിഴകള്‍ സംഭവിക്കാറുണ്ട്‌. അതില്‍ പ്രധാനം 'ഇന്‍സോമിനിയ' ആണ്‌. ഉറങ്ങാന്‍ സാധിക്കാതെ വരുന്ന അവസ്ഥ. ഈ സാഹചര്യം കൂടുതല്‍ കനത്താല്‍ വൈദ്യോപദേശപ്രകാരം സ്ലീപ്പിംഗ്‌ പില്‍സ്സ്‌ കഴിക്കുകയോ മനശാസ്ത്ര ചികിത്സ തേടുകയോ ചെയ്യേണ്ടതാണ്‌. ഉറക്കം വളരെ അമിതമാകുന്ന രോഗാവസ്ഥയാണ്‌ 'നാര്‍കോലെപ്സി'. ഇതിനും ചികിത്സാ വിധികള്‍ കണ്ടുപിടിച്ചിട്ടുണ്ട്‌.ഉറക്കത്തില്‍ സംസാരിക്കുക, നിദ്രാടനം (സൊമനാബുലിസം) എന്നിവയാണ്‌ മറ്റ്‌ ശ്രുതിഭംഗങ്ങള്‍. ഉറക്കത്തെക്കുറിച്ചും സ്വപ്നത്തെക്കുറിച്ചും നിരവധി ഗവേഷണങ്ങള്‍ ഇന്നും നടന്നുകൊണ്ടിരിക്കുന്നു. നിദ്രയുടെ രഹസ്യങ്ങള്‍തേടിയവര്‍ യാത്രയാകുമ്പോള്‍ വെളിപ്പെട്ടുകിട്ടുന്ന യാതാര്‍ത്ഥ്യങ്ങള്‍ രസാവഹമായിരിക്കും.
വാല്‌: ഡോള്‍ഫിന്‌ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോളും ഉറങ്ങാന്‍ സാധിക്കും. ഡ്രൈവേഴ്സ്‌ പലപ്പോഴും ഡോള്‍ഫിനുകളാകാറുണ്ട്‌.
Posted by Abhilash Gregory

No comments:

Post a Comment