വേനലായാല്‍ മീനച്ചിലാര്‍ വറ്റും.കരപുല്‍കി ഒഴുകിയിരുന്ന ആറപ്പോള്‍ വെള്ളാരം കല്ലും മണലും നിറഞ്ഞ ഒരു ചാലു മാത്രമാകുന്നു. വേനല്‍ നക്കിക്കുടിച്ച പുഴയെ നോക്കി നമ്മള്‍ പറഞ്ഞേക്കാം, ഇവിടെ ഒരു പുഴയുണ്ടായിരുന്നു എന്ന്.ഒഴുക്കും ഓളങ്ങളുമുണ്ടായിരുന്ന ഒരു പുഴ! എന്നാല്‍ ഒരു വേനലിലും വറ്റാത്ത അനശ്വരമായ നിറവുള്ള പുഴ പോലെ ഒരു കന്യക ജീവിച്ചിരുന്നു,ഭരണങ്ങാനത്തെ ക്ലാര മഠത്തില്‍. വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മ. ഒക്ടോബര്‍ പന്ത്രണ്ടാം തീയതി കത്തോലിക്കാ തിരുസ്സഭയിലെ സകലവിശുദ്ധരുടെയും മഹാഗണത്തോട് അല്‍ഫോന്‍സാമ്മയെയും ചേര്‍ക്കുകയാണ്. 2000 വര്‍ഷത്തെ പൗരാണികതയുള്ള മാര്‍ത്തോമ്മാ നസ്രാണികളുടെ സഭയും തത്ത്വമസിയുടെ മഹാഭാരതവും ആഗോളസഭയോടൊപ്പം സന്തോഷിക്കുകയാണ് ഇപ്പോള്‍.
സഭാഭൂപടത്തില്‍ ഭരണങ്ങാനമിപ്പോള്‍ ഇന്ത്യയിലെ ലിസ്യൂ എന്നറിയപ്പെട്ടു തുടങ്ങിയിരിക്കുന്നു. സൗമ്യമായ നന്മകള്‍കൊണ്ട് സ്വര്‍ഗ്ഗത്തിലെ പനിനീര്‍പൂന്തോപ്പായ ചെറുപുഷ്പ്പത്തിന്റെ ജീവിതം പോലെ ചെറുതായിരുന്നു അല്‍ഫോന്‍സാമ്മയുടേയും ഇഹലോക വാസം.37 വര്‍ഷങ്ങള്‍(1910-1946).അസ്തമയത്തിനു തൊട്ടു മുന്‍പ് വിടര്‍ന്ന് നിലാപൗര്‍ണ്ണമിയില്‍ പൊലിഞ്ഞു പോയ നാലുമണിപ്പൂവിനെ പോലെ.എന്നാല്‍ ആ ഇത്തിരി പൂവിന്റെ ഗന്ധം സ്വര്‍ഗ്ഗത്തോളമെത്തി. ആ സുരഭിലമായ വിശുദ്ധിയുടെ ആകാശത്ത് മാലാഖമാര്‍ പറന്നു നടന്നു.
സംഭവബഹുലതകള്‍ക്കും വാചാലതകള്‍ക്കുമപ്പുറം ആ വിശുദ്ധയുടെ ജീവിതം ഏറെ നിശബ്ദവും സ്വകാര്യവുമായിരുനു.വേദനയുടെ ഒരു കുഞ്ഞു വീടായിരുന്നു അത്.നിത്യമായി രക്തമൊഴുകുന്ന ഒരു മുറിവ് പോലെ.ദൈവസ്നേഹത്തിന്റെ പനിനീര്‍പ്പൂവ് പ്രാര്‍ത്ഥനയുടെ ഹൃദയത്തില്‍ തട്ടി ഉണ്ടായ കുഞ്ഞ് മുറിവ്. പക്ഷേ സഹനത്തിന്റെ രോഗക്കിടക്കയിലും അവര്‍ പുഞ്ചിരിച്ചിരുന്നു. സ്വര്‍ഗ്ഗ വിശുദ്ധിയുള്ള ചിരി. ആ പുഞ്ചിരി ആയിരുന്നു അല്‍ഫോന്‍സാമ്മയെ വിശുദ്ധിയുടെ അള്‍ത്താരയിലേക്കുയര്‍ത്തിയത്. കാരണം ആ ചാരുസ്മിതത്തിനു പിന്നില്‍ ഗാഗുല്‍ത്തായുടെ നിഴല്‍ വീണിരുന്നു.അല്‍ഫോന്‍സാമ്മയെ കണ്ടിട്ടുള്ളവര്‍ പറഞ്ഞത് , അവര്‍ അവരുടെ ഏതൊരു ചിത്രത്തിലേതിനേക്കാളും സന്തോഷവതിയായിരുന്നു എന്നാണ്.
മൂന്നുമാസം മാത്രം പ്രായമുള്ളപ്പോള്‍ അമ്മ മരിച്ചു. അമ്മ നഷ്ടപ്പെട്ട കുഞ്ഞിന്റെ വേദന കടലോളമാണ്. വി. കൊച്ചു ത്രേസ്യായുടെ ആത്മകഥ വിശുദ്ധിയിലേയ്ക്കുള്ള ക്ഷണമായി.പതിനേഴാം വയസ്സില്‍ ഭരണങ്ങാനത്തെ ഫ്രാന്‍സിസ്ക്കന്‍ ക്ലാര മഠത്തില്‍ ചേര്‍ന്നു. ഒരു പ്രൈമറി സ്കൂളില്‍ കുറെക്കാലം പഠിപ്പിച്ചു. പിന്നീട് രോഗിണിയായി. നിരന്തരമായുണ്ടാകുന്ന രക്തസ്രാവവും റ്റി.ബിയും. അവര്‍ പഠിപ്പിച്ചിരുന്ന പള്ളിക്കൂടത്തിലെ കുട്ടികള്‍ അവരുടെ അദ്ധ്യാപികയെ കാണാന്‍ വരുമായിരുന്നു. കുഞ്ഞുങ്ങളുടെ എളിയ ആവശ്യങ്ങള്‍ക്കുവേണ്ടി അവര്‍ പ്രാര്‍ത്ഥിച്ചിരുന്നു. വിതുമ്പലുകള്‍ നിറഞ്ഞ ആ പ്രാര്‍ത്ഥനകള്‍ ദൈവം കേട്ടു. 1946 ജൂലൈ 28 നു അവര്‍ മരിച്ചു. ഏറെ ലളിതമായ സംസ്ക്കാര ശുശ്രൂഷയ്ക്കിടെ ചരമ പ്രസംഗത്തില്‍ ആ കന്യകയുടെ അത്മാവിനെ അടുത്തറിഞ്ഞ ആദ്ധ്യാത്മിക പിതാവ് പറഞ്ഞു. ഒരു വിശുദ്ധയുടെ മരണാനന്തര കര്‍മ്മങ്ങള്‍ക്കാണ് അവര്‍ അപ്പോള്‍ സാക്ഷ്യം വഹിച്ചതെന്ന്.
മരണം കഴിഞ്ഞ് ഏറെവൈകാതെ ഭരണങ്ങാനം ഒരു തീര്‍ത്ഥാടന കേന്ദ്രമായി താനെ മാറുകയായിരുന്നു.ആദ്യമായി കബറിടത്തില്‍ എത്തി പ്രാര്‍ത്ഥിച്ച് അനുഗ്രഹം നേടിയത് ആ പഴയ കുട്ടികള്‍ തന്നെ ആയിരുന്നു. പരസ്യങ്ങളില്ലാതെ , നേര്‍ച്ചയൂട്ടും വഴിപാടുകളും വഴിമുടക്കുന്ന നൊവേനകളുമില്ലാതെ ഭരണങ്ങാനത്ത് ആ കന്യകയുടെ കബറിടത്തിങ്കല്‍ വിശ്വസികള്‍ വന്നു മാദ്ധ്യസ്തം തേടി ദൈവാനുഗ്രഹങ്ങള്‍ പ്രാപിച്ചു മടങ്ങി. വിശുദ്ധി ശിശിരത്തിലെ ഹരിതവനങ്ങള്‍പ്പോലെയാണ്. കാതങ്ങള്‍ക്കുമകലെ നിന്നും ദേശാടനപക്ഷികള്‍ വരും , പിന്നെ അതിന്റെ ചില്ലകളില്‍ കൂടൊരുക്കും. അല്‍ഫോന്‍സാമ്മയുടെ വിശുദ്ധി സഭ സ്ഥിരീകരിച്ചു.നാമകരണനടപടികളുടെ എല്ലാ ഘട്ടത്തിലും പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം ശക്തമായിരുന്നു.
ഈ വിശുദ്ധയുടെ ധന്യ സ്മരണകള്‍ക്കു മുന്‍പില്‍ നമുക്ക് കൈകള്‍ കൂപ്പാം.സഹനത്തിന്റെ ഈ പുത്രി അള്‍ത്താരയിലേയ്ക്കുയര്‍ത്തപ്പെടുമ്പോള്‍ വിശ്വാസികളുടെ പ്രത്യാശയുടെ ചക്രവാളങ്ങള്‍ വിശാലമാവുന്നു. പീഡനങ്ങളുടെ കൊളോസിയങ്ങളില്‍ ഹൗസ് ഫുള്‍ ഷോകള്‍ അരങ്ങുതകര്‍ക്കുമ്പോള്‍ വി. അല്‍ഫോന്‍സാമ്മയുടെ മാദ്ധ്യസ്തം നമുക്ക് അപേക്ഷിക്കാം. വി.പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ കൂടെയുണ്ടായിരിക്കട്ടെ. നശ്വരതയില്‍ വിതയ്ക്കപ്പെടുന്നു. അനശ്വരതയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു. അവമാനത്തില്‍ വിതയ്ക്കപ്പെടുന്നു.മഹിമയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു.(1കൊറി,15-42)
Posted by Bineesh Kalapurackal
സമയോചിതമായ കുറിപ്പ്.
ReplyDeleteമനുഷ്യർക്കു വഴിക്കാട്ടിയായവർക്ക്, മനുഷ്യർക്കു വേണ്ടി ജീവിച്ചവർക്ക്, മരണത്തിനു ശേഷവും മനുഷ്യമനസ്സിൽ നിറഞ്ഞുനിൽക്കുന്നവർക്ക്, ആ കൂട്ടത്തിൽ ഈ പുണ്യാതമാവിനും സ്നേഹപുർവ്വം സമർപ്പിച്ച ഈ ബ്ലോഗ്ഗിനു ആശംസകളൊടെ
ReplyDeleteഎന്താണ് അല്ഫൊന്സാമ്മയുടെ പ്രത്യേകത?
ReplyDeleteഎന്തെങ്കിലും ജീവിത സംഭവങ്ങള്‍? പ്രബോധനങ്കള്‍?
ഈ വിശുദ്ധീകരണം ഒക്കെ വെറും ഒരു ആത്മീയ 'ഗിമ്മിക്ക്' അല്ലേ, എന്നാണ് എന്റെ സംശയം.
വിശുദ്ധന്മാരെ സൃഷ്ടിക്കുന്ന കത്തോലിക്കാ ഫാക്ടാറിയുടെ ഏറ്റവും പുതിയ തമാശ!!
സ്കൂളില്‍ പഠിക്കുമ്പോള്‍ സിസ്ടെര്സ് പറഞ്ഞു തന്നിട്ടുണ്ട് ഈ കഥ.
ReplyDeleteപ്രിയ കൂട്ടുകാര്‍ക്ക് ഹ്രദയം നിറഞ്ഞ അഭിനന്ദനങ്ങള്‍... റോമില്‍ നിന്നും ഈ വിശുദ്ധ ചടങ്ങുകളുടെ നേര്‍കാഴ്ചക്കുറിപ്പുകളും പ്രതീക്ഷിക്കുന്നു.
ReplyDeleteപ്രിയ ജോസ് വര്‍ക്കി
ReplyDeleteവിശുദ്ധി എന്നത് കുറെ സംഭവങ്ങളും പ്രബോധനങ്ങളും മാത്രമല്ല എന്ന് കത്തോലിക്കാ സഭ വിശ്വസിക്കുന്നു എന്നതാണ് ഈ വിശുദ്ധയുടെ പ്രഖ്യാപന രഹസ്യം എന്നെനിക്കു തോന്നുന്നു.
I jsut cant understand what the great she did in her carrier?
ReplyDeleteI dont see any charity work.
simply sitting in a convent and prayed million times?
Dear Muckuvan,
ReplyDeleteSo you agree that she prayed million times. That's it... please just go through the biography of little Therese of Lisieux. Even she didn't do anything special but prayer.
Why do we the Indians respecting our 'Maharshees'? Did they do anything special?
We have heard about two 'marghas'from Indian vedic thought; 'Bakthimargha' and 'Karmamargha'. She simply chose the first and succeed.