ജെറുസലേമില്‍ നിന്നും ജറീക്കോയിലേക്കുള്ള യാത്രാമെദ്ധ്യേ കവര്‍ച്ചക്കാരാല്‍ മര്‍ദ്ദിക്കപ്പെട്ട, വഴിയേവന്ന ലേവായനാലും, പുരോഹിതനാലും തിരസ്ക്കരിക്കപ്പെട്ട- പേരില്ലാത്ത ആ മനുഷ്യനോട് കരുണകാണിച്ച സമരിയാക്കാരന് ഈശോ നല്ല അയല്‍ക്കാരന്‍-സുഹൃത്ത് എന്ന പേര് നല്‍കുന്നു. ഇന്ന്, ഈ നിമിഷം എന്റെ കയ്യെത്തും ദൂരെയുള്ള ആവശ്യക്കാരന്റെ അപേക്ഷയില്‍ അലിവ് കാണിക്കുന്നവന്‍ നല്ല സുഹൃത്ത് എന്നതാണ് ഉപമയുടെ സാരാശം. ഇവിടെ പൊളിഞ്ഞു വീഴേണ്ട മതിലുകളുണ്ട്, കെട്ടിപ്പടുക്കേണ്ട പാലങ്ങളുണ്ട്, പരിഗണിക്കേണ്ട പരാധീനതകളുണ്ട്. ഒരുതരത്തിലും യഹൂദന് സമരിയാക്കാരന്‍ ഒരു സുഹൃത്തല്ല. വിജാതീയരായ അസ്സീറിയക്കാരുമായി മിശ്രിതവിവാഹം നടത്തി തരംതാഴ്‌ത്തപ്പെട്ട യഹൂദരാണ് സമരിയാക്കാര്‍. ക്രിസ്തുവിന്റെ കാലത്ത് പാലസ്തീനായിലെ യഹൂദരുടെ ബദ്ധശത്രുക്കള്‍.
നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങള്‍ സ്നേഹിച്ചാല്‍ നിങ്ങള്‍ക്കെന്തു പ്രതിഫലാമാണു ലഭിക്കുക എന്ന തിരുവചനം എന്നെ അസ്വസ്ഥനാക്കുന്നു. ജീവിതവഴികളില്‍- കവര്‍ച്ചചെയ്യപ്പെടുന്നവര്‍, മര്‍ദ്ദിക്കപ്പെടുന്നവര്‍, സമൂഹത്താല്‍ തിരസ്ക്കരിക്കപ്പെടുന്നവര്‍ ചുരുക്കത്തില്‍ ആര്‍ക്കുംവേണ്ടാത്തവര്‍, ആരും സംസാരിക്കാന്‍ പോലുമില്ലാത്തവരാണ് ഞാന്‍ ആദ്യം പരിഗണിക്കേണ്ട എന്റെ സുഹൃത്തുക്കളെന്ന് ഞാനറിയുന്നു. ഇനി മുതല്‍ എന്റെ സുഹൃദ്‌വലയത്തിലേക്ക് ഞാന്‍ സ്വീകരിക്കുന്നവര്‍ക്ക് ഈ 'യോഗ്യതകള്‍' ഉണ്ടായിരുന്നെങ്കിലെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
പേരറിയാത്ത ഒരു കഥയുടെ ഉള്ളടക്കം ഇതാണ്. താന്‍ അഭയംകൊടുത്ത വ്യക്തി ഒരു കൊലപാതകിയാണെന്ന് തിരിച്ചറിഞ്ഞപ്പ്പോള്‍, അവനെ കെട്ടിപ്പിടിച്ച്- അവന്റെ ശിരസ്സിലും കവിളുകളിലും ചുംബിച്ചതിന് ആ സ്ത്രീ പറഞ്ഞ കാരണം, 'ഈ ലോകത്ത് ഇന്നേറ്റവും കൂടുതല്‍ സ്നേഹവും പരിചരണവും ആവശ്യമുള്ള വ്യക്തി നീയാണ് ' എന്നായിരുന്നു. പാപിനിയായ സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലാന്‍ കൊണ്ടുവന്നവരുടെ മുന്‍പില്‍ യേശു നിശബ്ദനായതിന്റെ അര്‍ത്ഥം ഇന്നെനിക്കു മനസ്സിലാകുന്നു. എല്ലാവരും ആരോപണങ്ങളുടെ കല്ലുകളുമായി നില്‍ക്കുമ്പോള്‍ ഒരു കൊച്ചുകുട്ടിയുടെ കുസൃതിയോടെ അവന്‍ നിലത്തെഴുതിയത് 'ഞാന്‍ നിന്നെ സ്നേഹിക്കുന്നു' എന്നാവണം.
എന്റെ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലെ ബേത്‌സയ്ഥാ കുളക്കരകളില്‍ നിന്നുമുയരുന്ന സഹായഹസ്തത്തിനായുള്ള നിലവിളികള്‍ ഇനിയൊരിക്കലും ഞാന്‍ ശ്രദ്ധിക്കാതെ പോകാന്‍ ഇടവരുത്തരുതെ എന്നതാണ് എന്റെ പ്രാര്‍ത്ഥന. ഇനിയുള്ള എന്റെ friend request-കളില്‍, മൊബൈല്‍ നമ്പറുകളില്‍, ഇ-മെയില്‍ വിലാസങ്ങളില്‍ ആദ്യം സ്ഥാനം പിടിക്കേണ്ടത് ആരൊക്കെയാണെന്ന് എനിക്ക് വ്യക്തമായറിയാം. നമ്മെ സ്നേഹിക്കുന്നവരെ മാത്രം നാം സ്നേഹിക്കുമ്പോള്‍ നാം പകല്‍ മാത്രം തെളിയുന്ന വഴിവിളക്കുകളാവുകയാണ്. വഴിവിളക്കുകള്‍ തെളിയേണ്ടത് സൂര്യനുള്ള പകല്‍നേരങ്ങളില്ല ഇരുളുമൂടുയ രാത്രികാലങ്ങളിലാണ്.
Posted by Binoj Thomas Mulavarickal
ജീവിതത്തിന്റെ ഇരുണ്ട ഇടനാഴികകളില്‍ ഇടര്‍ച്ചയോടെ നടക്കുന്നവര്‍ക്ക് നിലാവെളിച്ചമാകാന്‍ കൊതിക്കുന്ന താങ്കളുടെ ജീവിതയാത്ര ഏറെ പ്രതീക്ഷ പകരുന്നു. ഞാനുമിടറി വീഴുമ്പോള്‍ എന്നെ സ്നേഹിക്കാന്‍ യാതൊരു കടപ്പാടുമില്ലെങ്കിലും എനിക്കുനേരെ നീണ്ടുവരുന്ന സഹായഹസ്ത്ങ്ങളുടെ ചിത്രം ഈ കുറിപ്പ് ഭംഗിയായി വരച്ചുകാണിക്കുന്നു... നന്ദി ബിനോജ്.
ReplyDelete