13 December 2008

ക്രിസ്തുമസ്‌

ഡിസംബര്‍ മഞ്ഞിലെ പുത്തന്‍ പൂക്കള്‍, വീട്ടുമുറ്റത്തെ നക്ഷത്രവിളക്ക്‌, പിന്നെ വിദൂരതകളില്‍നിന്നും തേടിയെത്തുന്ന ഒരായിരം ആശംസകള്‍, ക്രിസ്തുമസ്‌ വീണ്ടും വന്നെത്തുന്നു. ദൈവച്ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിട്ടും ദൈവകൃപയുടെ ആവരണം നഷ്ടമാക്കിയ മനുഷ്യമക്കളെ തേടുവാനും നേടുവാനുമായി ആദിമുതലേ പിതാവിനോടൊപ്പമായിരുന്നവന്‍ മന്നില്‍ അവതരിച്ചതിന്റെ ഓര്‍മ്മദിനം, ക്രിസ്തുമസ്‌. തിരുപ്പിറവിയുടെ പുണ്യസ്മരണദിനം...നമ്മെ സൃഷ്ടിച്ചു പരിപാലിക്കുന്ന നല്ല ദൈവം നമ്മെ തേടിയെത്തുന്ന വഴികള്‍ നമുക്കെന്നും അജ്ഞാതമാണ്‌. ദൈവം മനുഷ്യനായി പിറക്കുന്നു... പിറന്നു വീഴുന്നത്‌ അറിവിന്റെയോ ശക്തിയുടേയോ, സമ്പത്തിന്റെയോ നാട്ടിലല്ല. മറിച്ച്‌, നന്മ തുളുമ്പുന്ന ഒരു കൊച്ചുഗ്രാമത്തില്‍... അതും ഏവരാലും തിരസ്ക്കരിക്കപ്പെട്ടവനായി ഒരു കാലിത്തൊഴുത്തില്‍...! മനുഷ്യയുക്തിക്ക്‌ നിരക്കാത്ത ഒരു പ്രതിഭാസം.

മനുഷ്യാവതാരവാര്‍ത്ത മറിയത്തെ അറിയിച്ചതുമുതല്‍ കുരിശുമരണം വരെയുള്ള അവന്റെ മനുഷ്യജീവിതത്തില്‍ ഓരോചുവടുവയ്പിലും അവന്‍ തേടിയതും, തേടുവാനും പകര്‍ന്നു നല്‍കുവാനും മറ്റുള്ളവരെ പ്രേരിപ്പിച്ചതും , മനുഷ്യന്റെ പൂര്‍ണ്ണമായ സമ്മതവും സഹകരണവുമായിരുന്നു. അവന്റെ വഴികള്‍ സ്നേഹത്തിന്റെ വഴികള്‍ ആയിരുന്നു... "സ്നേഹിതനു വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്ന സ്നേഹം"; ഒറ്റിക്കൊടുത്തവനെപ്പോലും സ്നേഹിതാ എന്നു വിളിക്കുന്ന സ്നേഹം; എല്ലാം സ്വരുക്കൂട്ടുന്ന സ്നേഹമല്ല അവന്‍ നമുക്കായി വെളിപ്പെടുത്തിയത്‌; പകര്‍ന്നു നല്‍കി ഇല്ലാതാകുന്ന സ്നേഹം; നിലത്തുവീണഴിയുന്ന സ്നേഹം... സ്വയം ഇല്ലാതാകുന്നതിലൂടെ എന്നും ജീവിക്കുന്ന സ്നേഹം.

പുല്‍ക്കൂട്ടിലെ ദിവ്യ ശിശു നമുക്കു നല്‍കുന്നതു പ്രതീക്ഷയാണ്‌... നമുക്കു ചിന്തിക്കാനാവാത്തവിധത്തിലുള്ള സ്നേഹം നല്‍കുന്ന പ്രതീക്ഷ... നമ്മെ ജീവിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രതീക്ഷ. സ്നേഹത്താല്‍ കത്തിയെരിയുവാനാണ്‌ അവന്‍ മനുഷ്യനായത്‌... അവനെ സ്വീകരിക്കുന്ന നമ്മുടെ ഹൃദയങ്ങളും അവന്റെ സ്നേഹത്താല്‍ എരിയണം.

ക്രിസ്തുവിനെ എടുത്തുമാറ്റിയാല്‍ ക്രിസ്തുമസ്‌ അര്‍ത്ഥരഹിതമാണ്‌. ഉണ്ണിപിറക്കേണ്ടത്‌ ഇനി പുല്‍ക്കൂട്ടിലല്ല, നമ്മുടെ ഹൃദയത്തിലാണ്‌... നമ്മുടെ ഹൃദയകവാടത്തിങ്കല്‍ മുട്ടിവിളിക്കുന്ന അവന്റെ സ്വരം, നമ്മുടെ ദൈനംദിനജീവിതത്തില്‍ തിരിച്ചറിയാന്‍ നമുക്ക്‌ സാധിച്ചാല്‍, അതാവും നമ്മുടെ ക്രിസ്തുമസ്‌. അവന്‍ ആഗ്രഹിക്കുന്നതും അതുതന്നെയാണ്‌. വിശുദ്ധിയോടും നൈര്‍മ്മല്യത്തോടും കൂടെ, അവനു പിറക്കനുള്ളപുല്‍ക്കൂടുകളായി, നമ്മുടെ ഹൃദയങ്ങളെ ഈ ആഗമനകാലത്തില്‍ നമുക്കൊരുക്കാം.

Posted By Deacon Roney Thayyil

3 comments:

  1. Dear Roney congrasssssssssss. Really you have improved a lot in malayalam language.Thankssssssss

    ReplyDelete
  2. Roney.. Great...
    Buon Proseguimento...!

    ReplyDelete
  3. oh dear you too....very good.

    ReplyDelete