പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയുടെ ഓര്‍മ്മത്തിരുന്നാളിന് പുല്‍ക്കൂടാദ്യമായി തീര്‍ത്തത് ദാരിദ്ര്യവ്രതം നിശ്വാസമാക്കിയ അസ്സീസ്സിയിലെ വിശുദ്ധനാണ്. എളിമയുടെ ഹൃദയനിലമൊരുക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നതിനായിട്ടു തന്നെയാണ് ആ താപസ്സന്‍ പുല്‍ക്കൂടുകള്‍ പണിതുയര്‍ത്തിയത്. അത് കാലാതരേണ കമ്പോളീകരിക്കപെട്ടത് കണ്ണുനീരാകുന്നു.
എന്തിനാണ് യേശുവിന് പിറക്കാന്‍ പുല്‍ക്കൂടുകള്‍ നാം തീര്‍ക്കുന്നത്. നമ്മുക്ക് കൊട്ടാരങ്ങള്‍ നിര്‍മ്മിക്കാം. സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും നന്മയുടേയും നൈര്‍മ്മല്ല്യത്തിന്റേയും സൗമ്യശിലകള്‍ കൊണ്ട് കൊട്ടാരങ്ങള്‍ തീര്‍ക്കാം. ആത്മാവിന്റെ അള്‍ത്താരകളില്‍ അവനായി നാം തീര്‍ക്കുന്ന കൊട്ടാരങ്ങളില്‍ അവന്‍ തീര്‍ച്ചയായും പിറന്നു വീഴും. കുഞ്ഞിനെ പൊതിയുവാന്‍ ആ അമ്മക്ക് പിള്ളകച്ചക്കു പകരം ഒരു തുണ്ട് പട്ടുവസ്ത്രം നമുക്ക് നല്‍കാം, ശാന്തിയുടേയും വിശുദ്ധിയുടേയും നൂലിഴകളാല്‍ തീര്‍ത്ത പട്ടുവസ്ത്രം.നിനക്കും നിന്റെ പ്രിയപെട്ടവര്‍ക്കും ആശംസകള്‍.
ഗിഫ്റ്റ്: തീന്‍മേശയില്‍ മൂന്ന് നേരവും വിരുന്നൊരുങ്ങുമ്പൊള്‍ അയല്‍ വീട്ടിലെ "ലാസറിന്റെ" അടുക്കളയില്‍ ഒരു നേരമെങ്കിലും പുകയുയരുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. അതിനുള്ള കരുത്ത് ഈ ക്രിസ്തുമസ്സ് നിനക്കു തരട്ടേ, പ്രാര്‍ത്ഥനയോടെ...
Posted by Abhilash Gregory
No comments:
Post a Comment