25 February 2008

ഒരു യാത്രാക്കുറിപ്പ്‌

ഏല്ലാ വര്‍ഷവും അവധിക്കാലത്ത്‌ ഞങ്ങളുടെ സെമിനാരിയില്‍ നിന്നും മറ്റേതെങ്കിലും രാജ്യങ്ങളിലേക്ക്‌ ഞങ്ങളെ കൊണ്ടുപോകാറുണ്ട്‌. അവിടുത്തെ ചരിത്രപ്രധാനമായ സ്ഥലങ്ങളും, വിശ്വാസജീവിതരീതികളുമൊക്കെ കണ്ടുപഠിക്കാനും ഒരല്‍പ്പം ഉല്ലാസവുമാണ്‌ ഇതിന്റെ ഉദ്ദേശം. രണ്ട്‌ വര്‍ഷം മുന്‍പ്‌ ഇപ്രകാരം ഞങ്ങള്‍ പോയത്‌ സ്ലൊവാക്കിയയിലേക്ക്‌ ആയിരുന്നു. മനോഹരമായ ഏതാനും ദിവസ്സങ്ങള്‍ അവിടെ ചിലവഴിച്ചതിനു ശേഷം എനിക്ക്‌ ജെര്‍മനിയിലേക്ക്‌ പോകേണ്ടതുണ്ടായിരുന്നു. അതിനായി സ്ലൊവാക്കിയയില്‍ നിന്ന് ജെര്‍മനിക്ക്‌ ബസ്‌ ടിക്കറ്റ്‌ എടുത്ത്‌ യാത്ര തുടങ്ങി. കുറേ ദൂരത്തെ യാത്രക്ക്‌ ശേഷം വണ്ടി സ്ലൊവാക്കിയയുടെ അതിര്‍ത്തി-ചെക്‌ക്‍പോസ്റ്റില്‍ എത്തി. അതിര്‍ത്തി രാജ്യത്തിന്റെ സ്വാഗതക്കുറിപ്പ്‌ കണ്ടപ്പോള്‍ ഞാനാകെ പരിഭ്രമിച്ചു, "വെല്‍ക്കം റ്റു ചെക്ക്‌ റിപ്പബ്ലിക്‌". ഏന്റീശ്ശൊ... ജെര്‍മനിക്ക്‌ പുറപ്പെട്ട ഞാനെങ്ങനെ ഇവിടെയെത്തി? സെക്യൂരിറ്റിക്കാര്‍ വന്ന് എന്റെ രേഖകള്‍ പരിശോധിച്ചിട്ട്‌ പറഞ്ഞു നിനക്ക്‌ ഈ രാജ്യത്തേക്ക്‌ പ്രവേശിക്കാന്‍ പറ്റില്ല കാരണം വിസയില്ല, നിന്റേത്‌ സ്ലൊവാക്കിയന്‍ വിസ മാത്രമാണ്‌ എന്ന്.

യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്‌ ഇതാണ്‌, ജെര്‍മനിയില്‍ നിന്നും സ്ലൊവക്കിയയിലേക്ക്‌ രണ്ട്‌ വിധത്തില്‍ പോകാം, ഓസ്റ്റ്‌റിയ വഴിയും, ചെക്ക്‌ വഴിയും. ഓസ്റ്റ്‌റിയ യുറോപ്പിയന്‍ യൂണിയനില്‍ പെട്ട രാജ്യമായതു കൊണ്ട്‌ ഇറ്റാലിയന്‍-വിസ ഉള്ള എനിക്ക്‌ വേറെ രേഖകള്‍ ആവശ്യമില്ല. എന്നാല്‍ ചെക്കില്‍ പ്രവേശിക്കാന്‍ എനിക്കു പുതിയ വിസ വേണം. ചില ബസ്സ്‌ കമ്പനിക്കാരെ സംബന്ധിച്ചിത്തോളം ഈ റൂട്ട്‌ ഒരല്‍പ്പം ദൂരം കൂടുതലുണ്ടെങ്കിലും റോഡ്‌ നികുതി മറ്റതിനെ അപേക്ഷിച്ച്‌ വളരെ കുറവായതിനാല്‍ അവര്‍ ഈ വഴിയാണ്‌ ജെര്‍മനിക്ക്‌ പോവുന്നത്‌. എന്തായാലും ഇതൊക്കെ പിന്നീട്‌ കിട്ടിയ അറിവുകള്‍ ആണ്‌. ടിക്കറ്റ്‌ എടുക്കുമ്പോള്‍ ഈ ഇരുമാര്‍ഗ്ഗങ്ങളെക്കുറിച്ച്‌ എനിക്കോ, വിസപ്രശ്നമുണ്ടെന്ന് ടിക്കറ്റ്‌ തന്ന ആളിനോ തോന്നിയില്ല. ഒടുവില്‍ കുറെ ചോദ്യം ചെയ്യലുകള്‍ക്കു ശേഷം അവര്‍ എന്നെ സ്ലൊവക്കിയയിലേക്ക്‌ തന്നെ തിരിച്ചു പറഞ്ഞു വിട്ടു.

സ്ലൊവാക്കിയയുടെ തലസ്ഥാനമായ ബ്രാത്തിസ്ലാവയില്‍ ഞാനങ്ങനെ രാത്രിയായപ്പൊഴേക്കും തിരിച്ചെത്തി. പക്ഷെ അപ്പോഴേക്കും ഓസ്റ്റ്‌റിയ വഴി നേരിട്ട്‌ ജെര്‍മനിക്കുണ്ടായിരുന്ന എല്ലാ ബസുകളും പോയ്‌ക്കഴിഞ്ഞിരുന്നു! ഇനി നേരം വെളുക്കുന്നതു വരെ കാത്തിരിക്കണം. ബസ്സ്റ്റാന്റ്‌ വളരെ വലുതായിരുന്നെങ്കിലും അവിടെ തങ്ങുന്നത്‌ സുരക്ഷിതമല്ല എന്ന മുന്നറിയിപ്പ്‌ കിട്ടിയിരുന്നതിനാല്‍ ഞാന്‍ മറ്റു വഴികള്‍ തേടി. കൈവശം ആകെ ഉള്ളത്‌ 100 യൂറൊ ആണ്‌, മുറിയെടുക്കണമെങ്കില്‍ അതത്രയും കൊടുക്കേണ്ടി വരും. എന്ത്‌ ചെയ്യണമെന്ന് അറിയാതെ നില്‍ക്കുമ്പോള്‍ ഓസ്റ്റ്‌റിയയുടെ തലസ്ഥാനമായ വിയന്നയിലേക്കുള്ള ബസ്‌ കണ്ടു (അതുവഴിയാണ്‌ എനിക്കു പോകേണ്ടതും). രണ്ടും കല്‍പ്പിച്ച്‌ ഞാന്‍ ടിക്കറ്റ്‌ എടുത്ത്‌ വിയന്നക്ക്‌ പുറപ്പെട്ടു. അര്‍ദ്ധരാത്രിയോടെ ഞാനവിടെ എത്തി, കുറെ അന്വോഷിച്ചപ്പോള്‍ അവിടെ നിന്ന് ജെര്‍മനിക്ക്‌ ട്രെയിന്‍ ഉണ്ടെന്ന് മനസ്സിലായി. റെയില്‍വെ സ്റ്റേഷന്‍ ഒരുവിധം കണ്ടുപിടിച്ച്‌ എത്തിയപ്പൊഴേക്കും ട്രെയിന്‍ പുറപ്പെടാനായി നില്‍ക്കുന്നു. ടിക്കറ്റ്‌ ട്രെയിനില്‍ കിട്ടുമെന്ന് ഒരു പോലീസുകാരന്‍ പറഞ്ഞു, ചെക്കറോട്‌ അതിനു എത്ര യൂറോയാകും എന്നത്‌ ചോദിച്ചുറപ്പു വരുത്തി ഞാന്‍ യാത്ര തുടര്‍ന്നു. ഒടുവില്‍ ഞാന്‍ ജെര്‍മനിയില്‍ ലക്ഷ്യസ്ഥാനത്ത്‌ എത്തിചേര്‍ന്നപ്പൊള്‍ ബാക്കിയുണ്ടായത്‌ ഏതാനും ചില്ലറ മാത്രം.

എന്തായാലും ഈ ഒരു അനുഭവം മറ്റൊരു രാജ്യത്തിലേക്ക്‌ (സ്വര്‍ഗ്ഗരാജ്യം) പ്രവേശിക്കും മുന്‍പു എനിക്കുണ്ടാകാവുന്ന തടസ്സങ്ങളെക്കുറിച്ച്‌ ധ്യാനിക്കാന്‍ പിന്നീട്‌ കാരണമായി. ഈ ജീവിതയാത്രയിലെ ക്ലേശങ്ങള്‍ ഒടുവില്‍ ലക്ഷ്യസ്ഥാനത്ത്‌ എന്നെ എത്തിച്ചില്ലെങ്കിലോ? (
ഇവിടെ വായിക്കുക)


Posted by Jaimon Pallineerakkal

1 comment:

  1. :-)
    ജര്‍മ്മനിയിലും ചെക്കിലും ഓസ്ട്റിയയിലും ഒക്കെ കണ്ട കാര്യങ്ങളും എഴുതൂ.
    ചിത്രങ്ങളും പോസ്റ്റിയാല്‍ കൂടുതല്‍ നല്ലത്.

    ReplyDelete