1 January 2008

പുതുവര്‍ഷപ്പുലരി

കുന്തിരിക്കം പുകയുന്ന ഈ സന്ധ്യയില്‍ 2007 വിട പറഞ്ഞകലുന്നു. കാലത്തിന്റെ ശീലക്കു പിന്നില്‍ നനുവാര്‍ന്ന പുലരിയായി 2008. ഇടര്‍ച്ചകള്‍ക്ക്‌ മാപ്പ്‌ ഇനിയെന്നും നന്മയുടെ വഴിയെ നടന്നിടാന്‍ ശ്രമിക്കുമെന്ന് ഒരുവന്‍ കണ്ണീരോടെ കുമ്പസാരിക്കുമ്പോള്‍ അവനെ പുച്ഛിക്കരുത്‌. പുതുവര്‍ഷം പൂത്തിരികള്‍ക്കും പതഞ്ഞുയരുന്ന ആഘോഷങ്ങള്‍ക്കുമപ്പുറം അത്മീയതയുടെ ഒരു ചീന്ത്‌ കൂടിയാണ്‌. കാലത്തെ കണക്കു പുസ്തകത്തിലാക്കിയതു നാമാണെങ്കിലും ദിനങ്ങളെ വിശുദ്ധീകരിച്ചത്‌ ദൈവമാണ്‌. അതുകൊണ്ടാണ്‌ പടികടന്ന് ഒരു വര്‍ഷം അകലുമ്പോള്‍ പ്രത്യാശയുടെ താരകങ്ങള്‍ ഹൃദയത്തില്‍ ഉദിക്കുന്നത്‌. കാലത്തെ ദൈവത്തിന്റെ മിഴികളിലൂടെ കാണാന്‍ നമ്മള്‍ പഠിക്കേണ്ടതുണ്ട്‌. ഒരു ദിനം സമം ആയിരം ദിനങ്ങള്‍ എന്ന് പറയുന്ന വചന ധ്യാനമാകണം ഈ പുതുവര്‍ഷം.

ചില ഇടപെടലുകളാണ്‌ ഇന്നും ഇന്നലേയും വ്യത്യസ്ഥമാക്കുന്നത്‌. ഇന്നലത്തെ സൂര്യന്‍ തന്നെയാണ്‌ ഇന്നും പുലരിയായി എന്നോതി കിടക്കയില്‍ നിന്നുമുണരാന്‍ എന്നെ നിര്‍ബന്ധിക്കുന്നത്‌. സന്ധ്യയില്‍ മാനത്ത്‌ തെളിയുന്ന ചന്ദ്രനും വ്യത്യാസമില്ല. പിന്നെ എന്നെ തൊടുന്നത്‌ ചില ദര്‍ശനങ്ങളാണ്‌; സ്നേഹമുള്ളൊരു വാക്ക്‌, ഒരു വിശുദ്ധ സപ്‌ര്‍ശം, ചിലപ്പൊള്‍ മുറിപെടുത്തുന്ന ഒരു ശബ്ദം. ഓരോ പുലരിയും പുതുതാണ്‌ എന്ന കവിതാ ശകലവും ഓര്‍മ്മിപ്പിക്കുന്നത്‌ ഇതു തന്നെയാണ്‌. നിയതമായ ഒരു ഘടനക്കുള്ളില്‍ പുതുമയുണര്‍ത്തുന്ന അനുനിമിഷങ്ങള്‍. ഈ പുതുമ കണ്ടെത്തുക എല്ലാ ജീവിത തലങ്ങളിലും. കണ്ടെത്തുന്ന പുതുമയെ കാത്തുകൊള്ളുക. ജീവിത വഴിത്താര വിരസമായി മരണസ്വപ്നം കാണുന്നവര്‍ക്ക്‌ പുതുമയുടെ സൗന്ദര്യലഹരി നീ പകര്‍ന്നു നല്‍കുക. നിന്റെ പടിപ്പുര വാതിലില്‍ 2008 തട്ടിവിളിക്കുമ്പോള്‍ ഈ രണ്ട്‌ കാര്യങ്ങള്‍ ഓര്‍ക്കുക.

* കാലത്തെ കാണുവാന്‍ ദൈവത്തിന്റെ മിഴികള്‍

* എന്നും നടക്കുന്ന വഴിയില്‍ നിനക്കായുള്ള പുതുമകള്‍.

വാതില്‍ തുറന്ന് 2008 കടന്നു വരട്ടെ.

Posted by Abhilash Gregory

1 comment:

  1. പുതുവത്സരാശംസകള്‍!
    :)

    ReplyDelete