1 November 2007

ഈശോയുടെ പൂന്തോട്ടത്തിലെ ഒരു ചെടി

എന്റേത്‌ ഒരു കൊച്ചു ജീവിതമാണ്‌. കരയാനും ചിരിക്കാനും സ്നേഹിക്കാനുമൊക്കെയായി ദൈവം സൗജന്യമായി തന്ന ഒരേയൊരു ജീവിതം. അതു സമൃദ്ധമായി ജീവിച്ചു തീര്‍ക്കണം. ദൈവവിളിയെപ്പറ്റിയുള്ള തിരിച്ചറിവ്‌ തുടങ്ങുന്നത്‌ ഇവിടെ നിന്നാണ്‌. ദൈവം ആകാശം ചായ്ച്ച്‌ ഇറങ്ങി വന്നതും പിന്നെ മുള്‍പ്പടര്‍പ്പും കൊടുംങ്കാറ്റുമായി ശിഷ്യരെ വിളിച്ചതും ഒരു ബൈബിള്‍ നാടകത്തിലെ ചടുല രംഗങ്ങള്‍ പോലെ എന്റെ മനസ്സിന്റെ അരങ്ങില്‍ മിന്നിമറയുകയാണ്‌. എന്നാല്‍ ദൈവവിളിയെ പറ്റിയുള്ള എന്റെ ഓര്‍മ്മകള്‍ക്ക്‌ നിലാവിന്റെ സുഭഗതയും നാലുമണിപ്പൂവിന്റെ ലാളിത്യവുമുണ്ട്‌.

മിന്നല്‍പ്പിണരുകളുടെ പശ്ചാത്തലമോ, ജീവിതത്തില്‍ അരങ്ങേറിയ അത്യപൂര്‍വ്വവും നാടകീയവുമായ സംഭവവികാസങ്ങളുടെ സങ്കീര്‍ണ്ണതകളൊ ഇല്ല എനിക്കു ദൈവവിളിയുടെ കാരണമായി പറയാന്‍. മറിച്ച്‌ എന്റെ കൊച്ചു ജീവിതത്തില്‍ ഈ നിമിഷം വരെ ഞാനറിഞ്ഞ, ദൈവത്തിന്റെ വാത്സല്യപൂര്‍ണ്ണമായ ഇടപെടലുകള്‍. അതാണെന്റെ ദൈവവിളിയുടെ ജാലകങ്ങള്‍. കലണ്ടറുകള്‍ പുക പിടിക്കുകയും വര്‍ഷങ്ങള്‍ ഓരോന്നായ്‌ കൊഴിയുകയും ചെയ്യുമ്പോള്‍ പൗരോഹിത്യത്തിന്റെ കഴിഞ്ഞ നാളുകളിലേക്ക്‌ നോക്കുക. അവിടെ ഞാനനുഭവിച്ച, നന്മകള്‍, സന്തോഷം, ആത്മസംതൃപ്തി; മതി, അവ മാത്രം മതി ദൈവവിളിയുടെ സാന്ദ്രതയറിയാന്‍. പല മണ്ണിലും, മാറി മാറി നടന്നിട്ടും പുഷ്‌പിക്കാത്ത ഒരു ചെടിയുടെ വിത്ത്‌ കര്‍ഷകന്‍ ദൈവത്തിന്റെ കൈകളില്‍ കൊടുത്തു. ദൈവം അതൊരു പുഴയുടെ തീരത്ത്‌ നട്ടു. മഞ്ഞു പെയ്ത, നിലാവുദിച്ച ഒരു പാതിരാവില്‍ അതു പുഷ്‌പിച്ചു. അതെ! എവിടെയാണൊ ചെടിക്ക്‌ പുഷ്‌പിക്കാന്‍ കഴിഞ്ഞത്‌. ആ മണ്ണാണ്‌ അതിന്റെ ഇടം. അവിടെയാണത്‌ വളരേണ്ടത്‌. പൗരോഹിത്യത്തിന്റെ വഴികളില്‍ സമാധാനവും നിര്‍വൃതിയുമുണ്ടെങ്കില്‍ ഇതാണന്റെ കര്‍മ്മക്ഷേത്രം. സമാധാനമെന്നാല്‍ നിരര്‍ത്ഥകമായ സുഖാനുഭൂതിയും സുരക്ഷിതത്വവുമല്ല. സംഘര്‍ഷങ്ങളുടേയും, അരാജകത്വത്തിന്റേയും നടുവിലും ആനന്ദമനുഭവിക്കനുള്ള മനസ്സിന്റെ പക്വത. പക്ഷികള്‍ ചേക്കേറുകയും നിലാവുദിക്കുകയും തെന്നലില്‍, പൂത്ത മരച്ചില്ലകള്‍ ഇളകുകയും ചെയ്യുന്ന വസന്ത രാവല്ല സമാധാനം; മറിച്ച്‌ തുലവര്‍ഷപ്പെയ്ത്തും കൊടുങ്കാറ്റുമുള്ള ഭീകര രാത്രിയില്‍ ആടിയുലയുന്ന മരത്തിലെ കൂട്ടില്‍ അമ്മപക്ഷിയുടേ ചിറകിന്‍ കീഴിലായിരിക്കുന്ന തൂവല്‍കുരുക്കാത്ത കുഞ്ഞുങ്ങളനുഭവിക്കുന്ന ശാന്തി...

ദൈവവിളിയുടെ ശക്തിയും സ്രോതസ്സും പ്രാര്‍ത്ഥനയാണ്‌. എന്റെ നിയോഗത്തെപ്പറ്റിയുള്ള തീരുമാനമെടുപ്പില്‍ ദൈവഹിതത്തിന്റെ കാറ്റു വീശണം, പിന്നെ ഒന്നിലും തെറ്റു പറ്റില്ല, അങ്ങനെ തോന്നില്ല. നാല്‍പതു ദിനരാത്രങ്ങളിലെ തപസ്സിനു ശേഷം ഈശോ നന്നായി അറിഞ്ഞു. ആദിവചനം മാംസം വരിച്ചതെന്തിനെന്ന്. പിന്നീട്‌ ചാട്ടവാറും കുരിശും അവിടുത്തേക്ക്‌ ഒരാഘോഷമായിരുന്നു. ദൈവവിളി അവിടുത്തെ വരദാനമാണ്‌. എന്റെ യോഗ്യതയല്ലായിരുന്നു അവിടെ പ്രധാനം. ശിഷ്ടരുടേയും ദുഷ്ടരുടേയും മേല്‍ ഒരു പോലെ മഴ വര്‍ഷിക്കുന്ന, അവരുടെ മേല്‍ സൂര്യനുദിപ്പിക്കുന്ന ദൈവത്തിന്റെ സ്നേഹം. അതൊരു മഹാപ്രവാഹമാണ്‌. ഹൃദയങ്ങളിലേക്കൊഴുകാന്‍ വെമ്പുന്ന നീരുറവ. അതൊഴുകുന്ന ഒരു കൊച്ചു ചാലാവാം എന്റെ പൗരോഹിത്യ ജീവിതം.

Posted by Bineesh Joseph

1 comment:

  1. "......where did that seed sprout, that is the place where it should grow!!! beautiful reflection.....
    Thanks,,,,,,,
    Lijo Vadakkan SDB

    ReplyDelete