18 October 2009

പുതിയ അധ്യയന വര്‍ഷം...

മാത്തര്‍ എക്ലേസിയായില്‍ ഒരു അധ്യയന വര്‍ഷം കൂടി ആരംഭിച്ചിരിക്കുകയാണ്‌.അവധികാലത്തിന്റെ ആലസ്യങ്ങള്‍ക്ക്‌, യാത്രകള്‍ക്ക്‌, കടന്നു പോയ ദേശങ്ങളുടെ, കണ്ടുമുട്ടിയ പരിചയങ്ങളുടെ സ്മൃതികള്‍ക്ക്‌ എല്ലാം ഇപ്പോള്‍ തെല്ല് വിട.പുത്തന്‍ പാഠങ്ങളും അനുഭവങ്ങളും ബോധ്യങ്ങളുമായി ഒരു വര്‍ഷം കൂടി നമ്മള്‍ക്ക്‌ മുന്‍പില്‍... പുതു പുസ്തകത്തിന്റെ ഗന്ധവും ഉത്സാഹവും...നാട്ടില്‍ നിന്നുമേറെ വിദൂരതയിലെങ്കിലും ആദ്യ ക്ലാസുകള്‍ക്ക്‌ പൊതിച്ചോറിന്റെ നറു ഗന്ധവും, രാവിലകള്‍ക്ക്‌ ചിങ്ങ വെയിലിന്റെ കാന്തിയും ഉള്ളതു പോലെ... ചൂടു കാലം റോമിനോട്‌ വിട പറഞ്ഞ്‌ യാത്രയായി. ശൈത്യം ആകാശം ചായ്ച്ച്‌ ഇവിടെ ഇറങ്ങി വന്നു. ഇനി മുതല്‍ തണുത്തുറഞ്ഞ പകലിരവുകള്‍.
കലണ്ടറില്‍ ഈ വര്‍ഷം വൈദിക വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ക്ക്‌ ഏറെ പ്രധാനപ്പെട്ടത്‌. വൈദിക വര്‍ഷം. വിശുദ്ധനായ ആഴ്സിലെ വികാരിയച്ചന്‍ വിയാനിയുടെ നൂറ്റിയന്‍പതാം ചരമ വര്‍ഷം.പരിശീലനത്തിന്റെ നാള്‍ വഴികളില്‍ ഞങ്ങള്‍ നടക്കുമ്പോള്‍ ഞങ്ങള്‍ക്കു മുന്‍പില്‍ അച്ചനുണ്ട്‌. സൗമ്യനായി ഒരു കൈയില്‍ നമസ്ക്കാര പുസ്തകവും മറുകൈയില്‍ ജപമാലയും പിടിച്ച്‌ പതിഞ്ഞ കാല്വയ്പ്പുകളുമായി ആ പാവം ദേശപ്പട്ടക്കാരന്‍ നടന്നു പോകുന്നു. ഇതിലും വലിയ ഒരു മാതൃക വൈദികര്‍ക്ക്‌ ആരാണുള്ളത്‌? ആ വിശുദ്ധന്‍ നടന്ന വഴിയേ നമ്മള്‍ക്കും നടക്കാം. വിശുദ്ധിയുടെ, വിനയത്തിന്റെ, ആത്മ ത്യാഗത്തിന്റെ തീരെ വീതികുറഞ്ഞ ആ ഒറ്റയടി പാതയിലൂടെ...
അവധിയ്ക്കു ശേഷം തിരിച്ചെത്തുമ്പോള്‍ ഏറെ സന്തോഷമുണ്ട്‌ നമ്മള്‍ക്കു. കാരണം അഞ്ചു പുതിയ കൂട്ടുകാര്‍ നമ്മുടെ വീട്ടിലേയ്ക്കു വന്നു. ഒപ്പം വലിയ ഒരനുഗ്രഹവും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സൗഹൃദവും വാത്സല്യവുമൊക്കെയായി നമ്മള്‍ക്കൊപ്പമുണ്ടായിരുന്ന അഞ്ചു കൂട്ടുകാര്‍ പഠനം പൂര്‍ത്തിയാക്കി വൈദികന്മാരായിരിക്കുന്നു.
മാത്തര്‍ എക്ലേസിയായില്‍ ഇപ്പോള്‍ ഉള്ളവര്‍ക്കും പഠനം പൂര്‍ത്തിയാകി പോയവര്‍ക്കും വൈദിക വര്‍ഷത്തിന്റെ ആശംസകള്‍!
പുതിയ അധ്യന വര്‍ഷത്തിലേയ്ക്ക്‌ പ്രവേശിച്ച എല്ലാവര്‍ക്കും ആത്മാവിന്റെ നിറവും ചൈതന്യവുമുള്ള ഒരു നല്ല അധ്യയന വര്‍ഷം...പുതിയ അച്ചന്മാര്‍ക്ക്‌ അജപാലന രംഗത്ത്‌ വിജയവും പ്രാര്‍ത്ഥനയും നേരുന്നു....പുത്തന്‍ കൂട്ടുകാര്‍ക്ക്‌ ഹൃദയം നിറഞ്ഞ സ്വാഗതം....

No comments:

Post a Comment