11 April 2009

നോമ്പുകാലമവസാനിക്കുമ്പോള്‍...

'മെറ്റനോയിയ' എന്ന ഗ്രീക്ക്‌ പദം അന്‍പത്തിയാറോളം പ്രാവശ്യം പുതിയ നിയമത്തില്‍ ഉപയോഗിച്ചിട്ടുണ്ട്‌. മാനസാന്തരം, അനുതാപം, പശ്ചാത്താപം എന്നീ അര്‍ത്ഥങ്ങളില്‍ ഉപയോഗിക്കുമ്പോഴും ഒരുവന്റെ ആന്തരീക മനോഭാവത്തിന്റെ പരിവര്‍ത്തനം എന്ന മാനം ഒരിക്കലും തള്ളിക്കളയാനാവില്ല. പഴയ നിയമത്തില്‍ യാഹ്‌ വേയോടടുക്കുവാന്‍ ഒരുവന്‍ ചെയ്യുന്ന ബാഹ്യപ്രയത്നങ്ങളെ സൂചിപ്പിക്കുവാന്‍ ഉപയോഗിച്ചിരുന്ന ഷൂബ്‌ എന്ന ഹീബ്രു പദത്തേക്കാള്‍ അര്‍ത്ഥ വ്യാപ്തിയുള്ളതാണ്‌ മെറ്റനോയിയ എന്ന ഗ്രീക്ക്‌ പദം. ആന്തരികവും ബാഹ്യവുമായ അര്‍ത്ഥ തലങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട്‌ ദൈവ കേന്ദ്രീകൃതമായ ഒരുവന്റെ ജീവിത മാറ്റത്തെ ഇത്‌ കുറിക്കുന്നു.

ഓരോ മാറ്റത്തിനും ഓരോ കാരണം കാണും. മനുഷ്യന്റെ അന്തരംഗത്തില്‍ ആത്യന്തികമായി പാപ മാലിന്യമുള്ളതുകൊണ്ട്‌ തന്റേ തന്നെ മാറ്റത്തിന്‌ പൂര്‍ണ്ണനായ കാരണക്കാരനാകുവാന്‍ അവനാകില്ല. മനുഷ്യന്റെ ആന്തരികതയുടെ പരിപൂര്‍ണ്ണമായ മാറ്റത്തിന്‌ കാരണം ദൈവം തന്നെയാണ്‌. ദൈവത്തിന്റെ ഇടപെടല്‍ കൂടാതെ ദൈവത്തില്‍നിന്നകന്ന ആരും ദൈവത്തിലേയ്ക്ക്‌ തിരിയെ വരില്ല. അതുകൊണ്ട്‌ ദൈവത്തോട്‌ നമ്മള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നു. "കര്‍ത്താവേ ഞങ്ങള്‍ മടങ്ങി വരേണ്ടതിനു ഞങ്ങളെ അങ്ങയിലേയ്ക്ക്‌ തിരിക്കണമേ!ഞങ്ങളുടെ ദിനങ്ങളെ പണ്ടെത്തേതു പോലെയാക്കണമേ.(വിലപങ്ങള്‍,5,21)


മനുഷ്യന്റെ സ്വാതന്ത്ര്യത്തെ വിലമതിക്കുന്ന ദൈവം അവന്റെ പരിപൂര്‍ണ്ണമായ സമ്മതത്തോടു കൂടി മാത്രമേ അവനില്‍ ഈ മാറ്റം സംജാതമാക്കുകയുള്ളൂ. മാനസാന്തരത്തിനായുള്ള ദൈവത്തിന്റെ സ്വരം ശ്രവിച്ച്‌ പ്രത്യുത്തരിക്കുവാനും നിരാകരിക്കുവാനും ദൈവം നമ്മെ അനുവദിക്കുന്നു."അനുതപിക്കുക ഇതാ ഞാന്‍ വാതിലില്‍ മുട്ടുന്നു.ആരെങ്കിലും എന്റെ സ്വരം കേട്ട്‌ വാതില്‍ തുറന്നു തന്നാല്‍ ഞാന്‍ അവന്റെ അടുത്തേയ്ക്ക്‌ വരും.(വെളി;3,19-20) നമ്മുടെ ഹൃദയ വാതിലുകളെ ദൈവത്തിനു തുറന്നു നല്‍കിയാല്‍ മാത്രമേ ദൈവം നമ്മുടെ ഹൃദയ പരിവര്‍ത്തനത്തിന്‌ സഹായിയാകൂ.മാനസാന്തരത്തിനുള്ള ദൈവത്തിന്റെ സ്വരം രക്ഷാകര ചരിത്രത്തിലുടനീളം നമുക്ക്‌ ശ്രവിക്കാം. ദൈവത്തിന്റെ സ്വരമായിരുന്നു പഴയനിയമ പ്രവാചകര്‍. നാഥാന്‍ പ്രവാചകനിലൂടെ ദൈവം ദാവീദ്‌ രാജാവിനോട്‌ സംസാരിച്ചു. തന്റെ പാപാവസ്ഥ വെളിപ്പെടുത്തിയ ദൈവസ്വരത്തിന്‌ അവന്‍ പ്രത്യുത്തരം നല്‍കി. തന്റെ അകൃത്യങ്ങളോര്‍ത്തനുതപിച്ച്‌ ദൈവ കാരുണ്യത്തിനായി അപേക്ഷിക്കുന്നു. ദൈവമേ അങ്ങയുടെ കാരുണ്യത്തിനൊത്ത വിധം എന്നോട്‌ കരുണ തോന്നേണമേ.അങ്ങയുടെ കാരുണ്യേകത്തിനനുസരിച്ച്‌ എന്റെ പാപങ്ങള്‍ മായിച്ചു കളയേണമേ.(സങ്കീ, 51,1) നാല്‍പതു ദിവസം കഴിയുമ്പോള്‍ നിനിവേ നശിപ്പിക്കപ്പെടുമെന്നുള്ള യോനാ പ്രവാചകന്റെ വാക്കുകളില്‍ ദൈവ സ്വരം ശ്രവിച്ച നിനിവേ വാസികള്‍ ജീവിത പരിവര്‍ത്തനത്തിന്‌ തയ്യാറായി. തങ്ങളുടെ അകൃത്യങ്ങളില്‍നിന്നും ദുര്‍മാര്‍ഗ്ഗങ്ങളില്‍ നിന്നും അവര്‍ പിന്തിരിഞ്ഞു. രാജ്യം മുഴുവനും ഉപവാസം പ്രഖ്യാപിക്കുകയും ദൈവ കാരുണ്യത്തിനായി കേണപേക്ഷിക്കുകയും ചെയ്തു.


പുതിയ നിയമത്തിലും ഈ മാനസാന്തരത്തിനായുള്ള ദൈവ സ്വരം നമ്മള്‍ക്ക്‌ ശ്രവിക്കാം. സ്നാപക യോഹന്നാന്‍ പാപമോചനത്തിനായുള്ള മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചുകൊണ്ട്‌ ജോര്‍ദ്ദാന്റെ സമീപ പ്രദേശത്തേയ്ക്ക്‌ വരുന്നു. യോഹന്നാന്റെ പ്രഘോഷണത്തില്‍ ദൈവ സ്വരം തിരിച്ചറിഞ്ഞ ജനങ്ങള്‍ ചോദിച്ചു. സഹോദരന്മാരേ ഞങ്ങള്‍ എന്താണ്‌ ചെയ്യേണ്ടത്‌? പത്രോസ്‌ പറഞ്ഞൂ, നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍.(അപ്പ.പ്ര.,2,38)ഹൃദയ പരിവര്‍ത്തനത്തിന്റെ സന്ദേശം ഈശോ പാപികളോടൊത്ത്‌ ഉദ്ഘോഷിക്കുന്നത്‌. നീതിമാന്മാരെ വിളിക്കുവാനല്ല പാപികളെ തേടിയാണ്‌ ഞാന്‍ വന്നിരിക്കുന്നത്‌ എന്ന ഈശോയുടെ മറുപടിയില്‍ നിന്നിത്‌ വ്യക്തമാണ്‌.


ഇങ്ങനെ ഹൃദയ പരിവര്‍ത്തനത്തിനായുള്ള ദൈവീകാഹ്വാനം നമ്മെ സമ്പൂര്‍ണ്ണമായ പരിവര്‍ത്തനത്തിലേയ്ക്കു നയിക്കണം. ക്രിസ്തുവിനോടുകൂടി സംസകരിക്കപ്പെട്ട്‌ അവിടുത്തോടുകൂടി ഉയിര്‍പ്പിക്കപ്പെടണം. ക്രിസ്തുവില്‍ ഒരു പുത്തന്‍ സൃഷ്ടിയാവണം . ക്രിസ്തുവിന്റെ ഉയിര്‍പ്പ്‌ അതിന്‌ നമ്മെ പ്രചോദിപ്പിക്കട്ടെ.


Posted By Br. Joseph Puthussery

1 comment:

  1. ഇനി നമ്മുക്ക് സഭ പറയുന്നത് പോലെ വോട്ട് ചെയ്യാം ........

    ReplyDelete