27 March 2009

നീ കുരിശെടുത്താല്‍ മതി; ഞാന്‍ ക്രൂശിതനായിക്കൊള്ളാം

ബ്രൂണോ, അവന്‍ ക്രിസ്തു ദൈവപുത്രനെന്ന് ഉറച്ചു വിശ്വസിച്ചവന്‍... അവന്‍ ചെയ്ത അത്ഭുതങ്ങളെല്ലാംകേട്ടറിഞ്ഞ്‌ ക്രിസ്തുവിനെ ഒന്നു നേരില്‍ കാണാന്‍, അവന്‍ ചെയ്യുന്ന ഒരു അത്ഭുതത്തിന്‌ സക്ഷിയാകാന്‍ ആത്മാര്‍ത്ഥമായി കൊതിയ്ക്കുന്നവന്‍. ആത്മാര്‍ത്ഥതയെ കാലം ഒരിക്കലും മറക്കാറില്ലല്ലോ! അങ്ങനെയിരിക്കെ ക്രിസ്തുവിനെ റോമന്‍ സൈന്യം പിടിച്ചുവെന്നും പ്രത്തോറിയത്തില്‍ വച്ച്‌ ചമ്മട്ടികൊണ്ടടിക്കാന്‍ കൊണ്ടുവരുന്നുണ്ടെന്നുമുള്ള കാര്യം അവനറിഞ്ഞു. അവനും ആ ദിവസം ആള്‍ക്കൂട്ടത്തില്‍ ഒരുവനായി നിന്നു, തന്റെ ആരാധനാമൂര്‍ത്തിയായ ക്രിസ്തുവിനെ ഒരുനോക്കു കാണാന്‍. അവന്‍ ചെയ്യാന്‍ പോകുന്ന അത്ഭുതം കാണാന്‍. അവന്‍ കരുതി, ചമ്മട്ടികൊണ്ടുള്ള അടികള്‍ ഒരിക്കലും ക്രിസ്തുവിനെ നോവിക്കയില്ലെന്ന്. എന്നാല്‍ എല്ലാം അവന്റെ പ്രതീക്ഷകള്‍ക്ക്‌ വിപരീതമായിരുന്നു. ഓരോ അടിയിലും ഒരു സാധാരണ മനുഷ്യനെപ്പോലെ അവന്‍ വേദനകൊണ്ടുപുളഞ്ഞു... മാത്രമല്ല, ദേഹത്തുനിന്നും രക്തം വരുവാനും തുടങ്ങിയിരുന്നു. എല്ലാംകഴിഞ്ഞ്‌ ആള്‍ക്കൂട്ടം പിരിഞ്ഞപ്പോഴും തകര്‍ന്നടിഞ്ഞ പ്രതീക്ഷകളുമായി ആ പ്രത്തോറിയത്തില്‍ അവന്‍ നിന്നു. "ക്രിസ്തു മനുഷ്യനായത്‌ മനുഷ്യന്റെ സ്വപ്നങ്ങള്‍ക്ക്‌ നിറം പകരാനല്ല, മറിച്ച്‌, തന്റെ പിതാവിന്റെ സ്വപ്നത്തെ സാക്ഷാത്കരിക്കാനാണ്‌" എന്ന് അവന്റെ മനസ്സ്‌ മന്ത്രിക്കുണ്ടായിരുന്നു. ചിന്നിചിതറിയ സ്വപ്നങ്ങളെ ഒരു കൈകുമ്പിളില്‍ വാരിയെടുക്കുന്നതുപോലെ അവനാ പ്രത്തോറിയത്തിലെ ക്രിസ്തുവിന്റെ രക്തം പുരണ്ട മണല്‍ത്തരികള്‍ കോരിയെടുത്തു. അധികനാള്‍ കഴിയാതെതന്നെ ക്രിസ്തുവിന്റെ ഗാഗുല്‍ത്തായിലെ കുരിശുമരണത്തെപ്പറ്റി അവന്‍ കേട്ടു. അവനതു വിശ്വസിക്കാന്‍ കഴിഞ്ഞില്ല... പിന്നീടുള്ള രാത്രികള്‍ അവനുറക്കമില്ലാത്തവയായിരുന്നു.

മൂന്നാം ദിവസം ക്രിസ്തുവിന്റെ ഉത്ഥാനത്തെപ്പറ്റി അറിഞ്ഞ്‌ ബ്രൂണോ ഉടനെതന്നെ കല്ലറയിലേക്ക്‌ ഓടി. ആ പരിസരത്ത്‌ ആരും തന്നെയില്ലായിരുന്നു. അകത്തുകയറിനോക്കിയപ്പോള്‍ അവിടെ തിരുക്കച്ചകള്‍ മാത്രം അവന്‍ കണ്ടു. ആ തിരുക്കച്ചകള്‍ കൗതുകപൂര്‍വ്വം അവനെടുത്തു ധരിച്ചു. അപ്പോഴേക്കും ക്രിസ്തുവിന്റെ ഉത്ഥാനത്തെപ്പറ്റിയറിഞ്ഞ എല്ലാവരും ആ കല്ലറയ്ക്കു ചുറ്റും വന്നിരുന്നു. കല്ലറയില്‍ തിരുക്കച്ചകള്‍ ധരിച്ച ബ്രൂണോയെ കണ്ടപ്പോള്‍ ജനം അവനെ നോക്കി ഉത്ഥിതനായ ക്രിസ്തുവെന്നു വിളിച്ചു. എല്ലായിടത്തും ഉത്ഥിതനായ ക്രിസ്തുവിനെപ്പറ്റിയുള്ള കഥകള്‍ പരന്നു. ക്രിസ്തുവായിതീരാന്‍ കിട്ടിയ അവസരം ബ്രൂണോയും പാഴാക്കിയില്ല. ഓശാന ഗീതികള്‍ പാടിയ ജനം അവനെ പുകഴ്ത്തിപാടാന്‍ തുടങ്ങി. അങ്ങനെ ദിവസങ്ങള്‍ കടന്നുപോയി. അങ്ങനെയിരിക്കെ റോമന്‍ സൈന്യം അവനെ കുരിശില്‍ തറയ്ക്കാന്‍ പദ്ധതികളൊരുക്കുന്നുണ്ടെന്ന വാര്‍ത്ത ശിഷ്യന്മാര്‍ അവനെ അറിയിച്ചു- ആ വാര്‍ത്തയറിഞ്ഞതിന്റെ പിറ്റേ ദിവസം മുതല്‍ ബ്രൂണോയെ ആരും അവിടെ കണ്ടില്ല....


ക്രിസ്തു നമ്മിലെ സാധ്യതയാണെങ്കില്‍ കുരിശുമരണം നമുക്കുള്ള ഒരു വാഗ്ദാനമാണ്‌. ഒരുപക്ഷേ, ജീവിതത്തില്‍ ഞാനും നിങ്ങളും ആടിതീര്‍ക്കുന്ന ഒരു കഥാപാത്രത്തിന്റെ പേരാണ്‌ ഈ കഥയിലെ ബ്രൂണോ. ക്രിസ്തു മനുഷ്യനായി അവതരിച്ച നിമിഷം മുതല്‍ ക്രിസ്തു നമ്മിലെ സാധ്യതയായി. ഈ ലോകത്തില്‍ ഇന്നും രക്ഷാകരചരിത്രം ആവര്‍ത്തിക്കപ്പെടുന്നുണ്ട്‌. എന്നാല്‍ ആവര്‍ത്തിക്കപ്പെടുന്ന ചരിത്രത്തില്‍ ക്രിസ്തുവിന്റെ ഭാഗമെടുക്കാന്‍ ആളില്ലായെന്നതാണു സത്യം. ഇന്നിന്റെ ചരിത്രത്തില്‍ ക്രിസ്തുവിന്റെ ഭാഗമെടുക്കേണ്ടവരാണ്‌ നാമെല്ലാവരും. ഈ കൊച്ചു ജീവിത ചുറ്റുപാടില്‍ നന്മയെ മുറുകെപിടിക്കുമ്പോഴും നന്മയുടെ കാവലാളാകുമ്പോഴും നമ്മളും ക്രിസ്തുമാരാകുന്നു. അങ്ങനെ ക്രിസ്തു നമ്മിലെ സാധ്യതയാകുമ്പോള്‍ ഗോല്‍ഗോത്താ മലയും കുരിശുമരണവും ഒരു നിഴലായ്‌ പിന്തുടരുന്നു. മുമ്പില്‍ കാണുന്ന പ്രതിബന്ധങ്ങള്‍ കണ്ട്‌ നമ്മള്‍ ചെയ്യേണ്ട നന്മചെയ്യാതെ വരുമ്പോള്‍ നമ്മള്‍ ഒന്നു മറക്കുന്നു:ഗോല്‍ഗോത്താ മലക്ക്‌ ജീവന്റെ ജലമൊഴുകുന്ന അരുവിയുള്ള ഒരു താഴ്‌വരയുണ്ടെന്ന സത്യം. മുമ്പിലെ കുരിശുകള്‍ കണ്ട്‌ നമ്മിലെ സാധ്യതയായ ക്രിസ്തുവിനെ നഷടപ്പെടുമ്പോള്‍ ഞാനും ബ്രൂണോയെന്ന കഥാപാത്രവും ഒന്നാകുന്നു. മുന്നില്‍ കാണുന്ന കുരിശുമരണം എന്നില്‍ ഭയമുളവാക്കുമ്പോള്‍ ക്രിസ്തുവിന്റെ വചനങ്ങള്‍ ഒരു പുതിയ പ്രതീക്ഷനല്‍കുന്നുണ്ട്‌. ക്രിസ്തു ഒരിക്കലും ആരോടും കുരിശുമരണം വരിക്കാന്‍ ആാവശ്യപ്പെട്ടിട്ടില്ല. മറിച്ച്‌ ക്രിസ്തു ആവശ്യപ്പെടുന്നത്‌ - "എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ പരിത്യജിച്ച്‌ തന്റെ കുരിശുമെടുത്തു എന്നെ അനുഗമിക്കട്ടെ". അനുദിനജീവിതകുരിശുമായി കാല്‍ വരിമലമുകളില്‍ എത്തുമ്പോള്‍ നിനക്കുപകരം കുരിശിലേറാന്‍ ക്രിസ്തു കാത്തുനില്‍ക്കുന്നുണ്ടാവുമെന്നതാണു സത്യം. അപ്പോള്‍ കുരിശുമരണം ക്രിസ്തു നല്‍കുന്ന വാഗ്ദാനമാണ്‌.

നോമ്പുകാലങ്ങളെല്ലം തന്നെ നമ്മിലെ സാധ്യതയായ ക്രിസ്തുവിലേയ്ക്ക്‌ വിരല്‍ചൂണ്ടുന്നു. നോമ്പുകാലത്തില്‍ നാം ചില കണ്ടെത്തലുകള്‍ നടത്തേണ്ടതുണ്ട്‌: നമ്മിലെ നന്മയെ... നഷ്ടങ്ങളെ... സാധ്യതകളെ. ചുരുക്കത്തില്‍ നമ്മെത്തന്നെ.ഈശോ തന്നെത്തന്നെ മനസ്സിലാക്കിയത്‌ തന്റെ നാല്‍പതുദിനരാത്രങ്ങളുടെ ഉപവാസജീവിതത്തിലാണ്‌. അങ്ങനെയെങ്കില്‍ നോമ്പുകാലം നോവുകളുടെ കാലമല്ല, മറിച്ച്‌ നേട്ടത്തിന്റെ കാലമാണ്‌. ഈ നോമ്പുകാലത്തില്‍ നമുക്ക്‌ നഷ്ടപ്പെട്ട നന്മയുടെ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്താം. ക്രിസ്തുവിന്റെ വാഗ്ദാനത്തില്‍ വിശ്വസിച്ച്‌ നമുക്ക്‌ നമ്മുടെ അനുദിനജീവിതത്തില്‍ ശ്രദ്ധ പതിപ്പിക്കാം. കാരണം നമുക്ക്‌ പിന്തുടരുവാനുള്ളത്‌ അവന്‍ നടന്നു നീങ്ങിയ അതേ വഴിതന്നെയാണ്‌.

Posted By Br. Binoy Chittilappally

3 comments:

  1. Realy a nice thought.... Thanks for sharing it....

    ReplyDelete
  2. പ്രിയ ബിനോയ്‌,
    മരണത്തെ വാഗ്‌ദാനമായി അവതരിപ്പിച്ച ഈ കുറിപ്പ്‌ വളരെ നന്നായിരിക്കുന്നു. നന്ദി

    ReplyDelete
  3. നല്ല പോസ്റ്റ്....

    :)

    ReplyDelete