11 March 2009

പള്ളി

നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും, ദൈവാത്മാവ്‌ നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ? (1 കൊറി. 3:16)


ഒരു ദേവാലയം എത്ര സുന്ദരവും, ശാന്തവും, പരിശുദ്ധവുമാണ്‌. എത്ര ഭക്തിയോടും, ആദരവോടും, സ്നേഹത്തോടും കൂടിയാണ്‌ നാം ദേവാലയ നടകളില്‍ പാദമൂന്നാറുള്ളത്‌. ദേവാലയത്തിലെ സംസാരങ്ങളും, പെരുമാറ്റ ശൈലികളും എറ്റം ഹൃദ്യമായിരിക്കണമെന്ന് നന്നേ ചെറുപ്പത്തില്‍ തന്നെ നാം ശീലിച്ചിട്ടുള്ളതാണ്‌. വേദനകളുടെ കാര്‍മേഘങ്ങള്‍ ദേവാലയത്തിലെ എന്റെ പ്രാര്‍ത്ഥനാവേളകളില്‍ പെയ്തിറങ്ങിയതും, തെളിഞ്ഞ ആകാശം പോലെ മനസ്സ്‌ സന്തോഷിച്ചതും ഇന്നും ഞാന്‍ സ്മരിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന സത്യമാണ്‌. തെട്ടുകളുടേയും, ബലഹീനതകളുടേയും പാതിവഴികളില്‍ എനിക്ക്‌ പ്രത്യാശയുടെ വഴിവിളക്കായത്‌ ദേവാലയത്തില്‍ വിഭജിക്കപ്പെട്ട വചനങ്ങളാണ്‌. നന്മയുടേതല്ലാതെ, തിന്മയുടെ യാതൊരു ബാലപാഠവും ഞാനവിടെ നിന്ന് പഠിച്ചിട്ടില്ല. ദേവാലയത്തിനു സൗന്ദര്യം പകരുന്ന ചിത്രങ്ങളും, കൊത്തുപണികളും, സംഗീതവുമെല്ലാം എന്നില്‍ പരിശുദ്ധ ചിന്തകളും, ഈശ്വരസാനിദ്ധ്യസ്മരണകളും മാത്രമേ ഉണത്തിയിട്ടുള്ളൂ. ഞാന്‍ ദൈവത്തിന്റെ ആലയമാണെങ്കില്‍ എന്നെ സമീപിക്കുന്നവര്‍ക്ക്‌ കിട്ടേണ്ടതും ഇത്തരത്തിലുള്ള അനുഭവങ്ങളല്ലേ... അല്ലാത്ത പക്ഷം യേശുവിന്റെ വാക്കുകള്‍ നമ്മുടെ ഹൃദയത്തില്‍ ഒരു നോമ്പുകാല വിചിന്തനത്തിനു കാരണമാകട്ടെ.

എന്റെ ആലയം പ്രാര്‍ത്ഥനാലയം എന്ന് വിളിക്കപ്പെടും. നിങ്ങളോ അത്‌ കവര്‍ച്ചക്കാരുടെ ഗുഹയാക്കുന്നു (മത്താ 21:13).

ചാട്ടവാറുകളുമായിട്ടല്ല, കരുണയുടെ കരസ്പര്‍ശവുമായി ഈശോ എന്റെ ഹൃദയവാതില്‍ക്കലുണ്ട്‌. ഹൃദയത്തിലെ ക്രയവിക്രയങ്ങളേയും, കച്ചവടങ്ങളേയും തിരിച്ചറിയാനും, വെറുത്തുപേക്ഷിക്കുവാനും ഈ നോമ്പുകാലം ഉപകരിക്കട്ടെ. ഞാനെത്ര പരിശ്രമിച്ചിട്ടും പടി കടത്താനാവാത്ത എന്റെ ഹൃദയത്തിന്റെ ചാപല്യങ്ങളെ നാഥന്റെ സൗഖ്യസ്പര്‍ശനത്തിനായി വിട്ടുകൊടുക്കാം. ഒരു ദേവാലയം പോലെ ഞാന്‍ സംരക്ഷിക്കേണ്ടതാണ്‌ എന്റെ ജീവിതമെന്നും, ഒരു ദേവാലയം പോലെ ഞാന്‍ സമീപിക്കേണ്ടവനാണ്‌ എന്റെ കൂട്ടുകാരനെന്നും ദൈവമേ ഇന്ന് ഞാന്‍ തിരിച്ചറിയുന്നു. കഴിഞ്ഞ നാളുകളില്‍ എന്റെ ഹൃദയമാകുന്ന ദേവാലയത്തിന്റെ പരിശുദ്ധിക്കു നിരക്കാത്ത രീതിയില്‍ ഞാന്‍ മൊഴിഞ്ഞ അസഭ്യ വാക്കുകളേയും, ചിന്തകള്‍കൊണ്ടും, ഭാവനകള്‍കൊണ്ടും എന്നില്‍ കൂടുകൂട്ടിയ പാപത്തിന്റെ ചിലന്തിവല്‍കളേയും ഓര്‍ത്ത്‌ ഞാന്‍ മനസ്തപിക്കുന്നു. ഇന്നു മുതല്‍ എന്നെ സമീപിക്കുന്നവരാരും ഞാനാകുന്ന ദൈവാലയത്തിലെ നിന്നെ കാണാതെ നിനക്കൊരു സ്തുതി ചൊല്ലാതെ കടന്ന് പോകാന്‍ ഇടയാക്കരുതേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നാഥാ അനുഗ്രഹിച്ചാലും...


Posted by Diac. Binoj Mulavarikkal

No comments:

Post a Comment