നിങ്ങള്‍ ഉപവസിക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെ വിഷാദം ഭാവിക്കരുത്. തങ്ങള്‍ ഉപവസിക്കുന്നുവെന്ന് അന്ന്യരെ കാണിക്കാന്‍ വേണ്ടി അവര്‍ മുഖം വികൃതമാക്കുന്നു. സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു; അവര്‍ക്ക് പ്രതിഫലം ലഭിച്ചു കഴിഞ്ഞു. എന്നാല്‍ നീ ഉപവസിക്കുന്നത് അദൃശ്യനായ പിതാവല്ലാതെ മറ്റാരും കാണാതിരിക്കുന്നതിന് ശിരസ്സില്‍ തൈലം പുരട്ടുകയും മുഖം കഴുകുകയും ചെയ്യുക. രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം തരും. (മത്തായി 6,16-18)
പുഞ്ചിരിയില്‍ കുതിര്‍ന്ന പ്രായ്ശ്ചിത്തത്തോടെയാവാം ഈ തപസ്സുകാലത്തെ വരവേല്‍ക്കുന്നത്. നമ്മുടെ ഹൃദയങ്ങളെ ആദിനൈര്‍മ്മല്യങ്ങളുടെ പറുദീസാ അനുഭവത്തിലേയ്ക്ക് സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു, ഈ ലിറ്റര്‍ജി ക്രമങ്ങള്‍. അനുതാപത്തിന്റെ കണ്ണുനീര്‍ കണങ്ങള്‍ മാത്രം മതിയാവില്ല ഈ കാലം ധന്യമാകുവാന്‍. ഹൃദയം തുറന്നുള്ള കാരുണ്യപ്രവൃത്തികള്‍ ഈ നോമ്പുകാലം നമ്മില്‍ നിന്നും ആവശ്യപ്പെടുന്നുണ്ട്. ഞാന്‍ ചെയ്ത നന്മപ്രവൃത്തികള്‍പോലും ഹൃദയപൂര്‍വ്വമല്ലാതിരുന്നതുകൊണ്ടാണ് കപാല ഗിരിയില്‍ നീതിമാനായി കുരിശുയര്‍ന്നത്.
ഹൃദയപൂര്‍വ്വം കരുണ ചെയ്യുക എന്നതാണ് ഉപവാസങ്ങളെ ഉത്സവമാക്കുന്നത്. ഉപവസിക്കുമ്പോള്‍ തലമുടി കോതുകയും മുഖം കഴുകുകയും ചെയ്യുക എന്ന ക്രിസ്തുമൊഴി അര്‍ത്ഥമാക്കുന്നതും ഇതുതന്നെയാണ്. ഹൃദയപൂര്‍വ്വകമായ നന്മപ്രവൃത്തികളിലൂടെ ഈ ഉപവാസകാലം ഉത്സവമാക്കാം.
ദൈവമേ, ഞാന്‍ ചെയ്യുന്ന ഉപവാസങ്ങള്‍ പോലും അഹന്തയുടെ പ്രദര്‍ശനമായിപ്പോകുന്നു. ഉപവാസമെന്നാല്‍ നിന്നോടൊത്തുള്ള വാസമെന്ന തിരിച്ചറിവിലേയ്ക്കെന്നെ നയിക്കണമേ... ആ ഉപവാസം ഹൃദയപൂര്‍വ്വകമായ നന്മ പ്രവൃത്തികളിലേയ്ക്കെന്നെ നടത്തട്ടെ... എന്നെ വിനയാന്വിതനാക്കണമേ... ആമ്മേന്‍
Posted by Abhilas Gregory
No comments:
Post a Comment