26 February 2009

നോമ്പുകാല ചിന്തകള്‍

നോമ്പുകാലമാണിത്‌. ഇനിയുള്ള നാളുകള്‍ പ്രാര്‍ത്ഥനയുടേയും പരിത്യാഗ പ്രവൃത്തികളുടേയും സമയമാണ്‌. ഇന്നലെ കുരിശുവരത്തിരുനാളായിരുന്നു. ഓശാന ഞായറാഴ്ച കിട്ടിയ കുരുത്തോല കരിച്ച ചാരം കൊണ്ട്‌ നെറ്റിയില്‍ കുരിശടയാളം വരച്ചു. പ്രവാചകരുടെ നിര്‍ദ്ദേശമനുസരിച്ച്‌ ഇസ്രായേല്‍ ജനത പാപ പരിഹാരാര്‍ത്ഥം ചാക്കുടുത്ത്‌ ചാരം പൂശി ഉപവസിച്ചിരുന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍. ഒപ്പം 'മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേയ്ക്കു തന്നെ മടങ്ങൂ' എന്ന തിരുവചനത്തിന്റെ ധ്യാനവും.
നോമ്പുകാലത്ത്‌ ഇതാ നാട്ടു വഴികളൊക്കെയും കുരിശിന്റെ വഴികളാവുന്നു. പുഴയ്ക്കക്കരെയുള്ള വീട്ടില്‍ നിന്നാവണം ത്രിസന്ധ്യയില്‍ പുത്തന്‍ പാനയുടെ ശിലുകള്‍ ഉയരുന്നു. അവിടുത്തെ വല്ല്യമ്മച്ചി മരിച്ചിട്ടില്ല. മെയിന്‍ റോഡിനുമപ്പുറം കുരിശുമലയിലേയ്ക്കുള്ള വഴികള്‍ ആരൊക്കെയോ വെട്ടിത്തെളിക്കുന്നു. മലയിലെ മഴനനഞ്ഞ മരക്കുരിശിന്റെ ശിഖിരങ്ങളില്‍ പ്രാവുകള്‍ പറന്നു വന്നിരിക്കുന്നു. അതിന്റെ ചോട്ടില്‍ പാപത്തിന്റെ കല്ലുകള്‍ കുന്നുകൂടുന്നു. അങ്ങു ദൂരെ ഗ്രാമത്തിലെ കുരിശുപള്ളിയുടെ മുമ്പില്‍ നിന്നും ഒരു പീഡാനുഭവ യാത്ര പുറപ്പെടുന്നു.
'കുരിശില്‍ മരിച്ചവനേ കുരിശാലെ വിജയം വരിച്ചവനേ,
മിഴിനീരൊഴുക്കിയങ്ങേ കുരിശിന്റെ വഴിയേ വരുന്നൂ ഞങ്ങള്‍...'
കുരിശിന്റെ ചോട്ടില്‍ നിന്നു ഞാനാ കുരിശിലേയ്ക്കു നോക്കി . ചെയ്തുപോയ പാപങ്ങള്‍ എന്റെ മനസ്സിനെ കയ്പ്പുനീരുപോലെ കയ്പ്പിക്കുന്നു. എന്നെങ്കിലുമാവുമോ പാപത്തിന്റെ ഈ ഭീകര ഗര്‍ത്തത്തില്‍നിന്നും കരകയറുവാന്‍? അവിടുന്നെന്റെ പാപങ്ങള്‍ പൊറുക്കുമോ? സങ്കടത്തോടെ ഞാനാ കുരിശിലേയ്ക്കു നോക്കി. അപ്പോള്‍ അവിടുന്നെന്നോട്‌ ഏശയ്യാ പ്രവാചകനിലൂടെയാണ്‌ സംസാരിച്ചത്‌.

"കര്‍ത്താവ്‌ അരുളിചെയ്യുന്നു: വരുവിന്‍ നമ്മുക്ക്‌ രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങള്‍ കടും ചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും. അവ രക്ത വര്‍ണ്ണമെങ്കിലും കമ്പിളിപോലെ വെളുക്കും."(ഏശയ്യ,1-18)

പാപത്തോട്‌ നമുക്ക്‌ മൂന്നു മനോഭാവങ്ങളാണുള്ളത്‌.
ഒന്ന്; നിഷേധം. ഇവിടെ നമ്മള്‍ നമ്മളെതന്നെ ന്യായീകരിക്കുന്നു.എല്ലാവരും പാപികളാണ്‌. പാപമില്ലാത്തവരാരാണുള്ളത്‌. ഇതൊന്നും അത്രയ്ക്ക്‌ സാരമാക്കെണ്ടതില്ല. ഈ മനോഭാവം തിരുത്തലിലേയ്ക്കോ മാനസാന്തരത്തിലേയ്ക്കൊ ആരേയും നയിക്കുന്നില്ല.

രണ്ട്‌; നമ്മുടെ തെറ്റുകള്‍ക്ക്‌ മറ്റുള്ളവരെ പഴി ചാരുക. സാത്താനാണ്‌ എന്നെ തെറ്റു ചെയ്യിച്ചത്‌ എന്നു തുടങ്ങി ഞാനെന്റെ പരിതസ്ഥിതിയുടെ ഒരു സൃഷ്ടി മാത്രമാണ്‌ എന്നു പറയുന്നിടം വരെയെത്തും ഈ കുറ്റപ്പെടുത്തല്‍. ഈ മനോഭാവവും മാറ്റത്തിലേയ്ക്ക്‌ നയിക്കുന്നതല്ല.

മൂന്ന്; ആത്മ നിന്ദ. നമ്മള്‍ നമ്മളേതന്നെ കടുത്ത പാപികളായി കാണുന്നു. ഒരിക്കലും മാപ്പര്‍ഹിക്കത്ത പാപികാളാണ്‌ നമ്മള്‍ എന്നു ചിന്തിച്ച്‌ സ്വയം ശിക്ഷിക്കുന്നു. ഇതു ഫലപ്രദമല്ല.

ദൈവം നമ്മെ ക്ഷണിക്കുന്നത്‌ ഒരു പുത്തന്‍ മാര്‍ഗ്ഗത്തിലേയ്ക്കാണ്‌.രൂപാന്തരീകരണത്തിന്റെ മാര്‍ഗ്ഗമാണത്‌. നിഷേധവും പഴിചാരലും സ്വയം നിന്ദയും അവസാനിപ്പിക്കാന്‍ അവിടുന്നാവശ്യപ്പെടുന്നു. മാനസാന്തരപ്പെടാനും മാറുവാനും നമ്മളുടെ പ്രവൃത്തികളുടേയും മനോഭാവങ്ങളുടേയും യാഥാര്‍ത്ഥ്യത്തെ നമ്മള്‍ അംഗീകരിക്കണം. നമ്മുടെ പാപങ്ങള്‍ കടും ചെമപ്പാണെന്ന് നമ്മള്‍ അറിയണം. അവ ജീവിതത്തെ നശിപ്പിക്കുമെന്നും അപകടത്തിലാക്കുമെന്നും നന്നായി മനസ്സിലാക്കണം. ഒപ്പം അവയൊക്കെയും ക്ഷമിക്കപ്പെടുമെന്നുള്ള സത്യവും. മാപ്പ്‌ സ്വീകരിക്കാനായി ദൈവം നമ്മെ ഇതാ ക്ഷണിക്കുന്നു. മാനസാന്തരത്തിനായി അവിടുന്നു നമ്മെ സ്വാഗതം ചെയ്യുന്നു. അപകടകരമായ പാപ പ്രവൃത്തികളില്‍ നിന്നും നമ്മള്‍ക്കു മാറാനാവും . കടും ചെമപ്പില്‍ നിന്നും മഞ്ഞിന്റെ വെണ്മയിലേയ്ക്കുള്ള മാറ്റം. നമ്മള്‍ നിഷേധിക്കേണ്ട, കുറ്റപ്പെടുത്തേണ്ട, സ്വയം മുറിപ്പെടുത്തേണ്ട. നമ്മള്‍ ശുദ്ധരാകും മഞ്ഞുപോലെ. നമ്മള്‍ പൊറുക്കപ്പെടും.

ദൈവമേ, നിഷേധത്തില്‍ നിന്നും എന്നെ സ്വതന്ത്രനാക്കൂ...
സ്വയം ന്യായീകരണം മരണകരമായെന്നെ പിന്തുടരുന്നു.
കുറ്റപ്പെടുത്തലുകളില്‍നിന്നുമെന്നെ സ്വതന്ത്രനാക്കൂ...
അവയൊന്നും എന്നെ മാനസാന്തരത്തിലേയ്ക്ക്‌ നയിക്കില്ലെന്നു ഞാനറിയുന്നു.
ആത്മനിന്ദയില്‍നിന്നുമെന്നെ രക്ഷിക്കൂ...
പാപത്തെയോര്‍ത്തുള്ള ലജ്ജ എന്നെ കൊല്ലുന്നു.
യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാന്‍ എനിക്ക്‌ ധൈര്യം തരൂ...
മാനസാന്തരത്തിലേയ്ക്കും പാപപ്പൊറുതിയിലേയ്ക്കുമുള്ള നിന്റെ വിളികേള്‍ക്കാന്‍ എന്നെ സഹായിക്കണേ...
എന്നെ മഞ്ഞുപോലെ വെളുപ്പിക്കണമേ....
പുത്തന്‍ കമ്പിളിപോലെ എന്നെ ശുദ്ധനാക്കനമേ...
ആമ്മേന്‍
Posted By Bineesh Kalappurackal

1 comment:

  1. kollam valare nalla chinthakal.....
    nombukalathekku mathramalla......
    for every time............

    ReplyDelete