14 January 2009

നഷ്ടപ്പെട്ടുപോയ ആട്‌...

നിങ്ങളിലാരാണ്‌, തനിക്ക്‌ നൂറാടുകള്‍ ഉണ്ടായിരിക്കേ അവയില്‍ ഒന്ന് നഷ്ടപ്പെട്ടാല്‍ തൊണ്ണൂറ്റൊന്‍പതിനെയും മരുഭൂമിയില്‍ വിട്ടിട്ട്‌, നഷ്ടപ്പെട്ടതിനെ കണ്ടുകിട്ടുവോളം തേടി പോകാത്തത്‌? കണ്ടുകിട്ടുമ്പോള്‍ സന്തോഷിച്ച്‌ അതിനെ തോളിലേറ്റുന്നു. വീട്ടില്‍ എത്തുമ്പോള്‍ അവന്‍ കൂട്ടുകാരെയും അയല്‍ വാസികളെയും വിളിച്ചുകൂട്ടി പറയും, നിങ്ങള്‍ എന്നോടുകൂടി സന്തോഷിക്കുവിന്‍.എന്റെ നഷ്ടപ്പെട്ട ആടിനെ കണ്ടുകിട്ടിയിരിക്കുന്നു. (ലൂക്ക15,4-6)

ജീവിതയാത്രയില്‍ നമ്മള്‍ക്ക്‌ വഴിതെറ്റുക സ്വോഭാവികമാണ്‌. അപ്പോഴൊക്കെയും പുത്തന്‍ ആവേശത്തോടെ ആത്മവിശ്വാസത്തോടെ വീണ്ടും യാത്ര പുനരാരംഭിക്കും നമ്മള്‍. അന്നേരങ്ങളില്‍ നമ്മളെ നയിക്കുന്നത്‌ ഒരു മിഥ്യാധാരണയാണ്‌. എവിടെയാണ്‌ വഴിതെറ്റിയതെന്നും ഇപ്പോള്‍ നമ്മള്‍ എവിടെ എത്തിനില്‍ക്കുന്നുവെന്നും തനിക്ക്‌ നന്നായി അറിയാമെന്നുള്ള ഒരു അഹംബോധം. പക്ഷേ വീണ്ടും, വളരെ വേഗം എവിടെയോ വച്ച്‌ നമ്മള്‍ക്ക്‌ വഴി നഷ്ടമാകുന്നു. വിജനതയില്‍ വല്ലതെ ഒറ്റപ്പെട്ടുപോകുന്നു. എന്താണെന്നോ എവിടെയാണെന്നോ തിരിച്ചറിയാനാവാത്ത കടുത്ത ഏകാന്തത. ദിശയറിയാതെ, ലക്ഷ്യമില്ലാതെ ശൂന്യതയില്‍ അകപ്പെട്ടുപോകുന്നു. എങ്ങനെ തിരിച്ചുപോകണമെന്നോ വഴി കണ്ടെത്തണമെന്നോ അറിയാതെ നിശ്ചലതയിലായിപോകുന്നു നമ്മള്‍.

പക്ഷേ അപ്പോഴും നമ്മളെ കരുതുന്ന ഒരുവനുണ്ട്‌, ദൈവം. നമുക്ക്‌ വഴിതെറ്റിയെന്നവിടുന്നറിയുന്നു. അവിടുത്തെ മുന്‍പില്‍ നമ്മള്‍ക്ക്‌ വലിയ വിലയുള്ളതിനാല്‍ നല്ല ദൈവം നമ്മെ തേടി ഇറങ്ങുകയാണ്‌. നമ്മെ കണ്ടെത്തും വരെ തുടരുന്ന അന്വേഷണം.

അവസാനം ദൈവം നമ്മെ കണ്ടെത്തുമ്പോള്‍ എന്തായിരിക്കും അവിടുന്ന് നമ്മോട്‌ പറയുക? ദൈവം ഇങ്ങനെ പറഞ്ഞേക്കമെന്നു നമ്മള്‍ കരുതും. " എവിടെയായിരുന്നൂ, നീ? എവിടെയെല്ലം ഞാന്‍ നിന്നെ തിരഞ്ഞു! എന്തു കൊണ്ടാണ്‌ നീ എന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തത്‌? നിനക്കെന്തു പറ്റി? ഇനി ഇതുപോലെ ഒരിക്കല്‍ കൂടി നിന്നെ അന്വേഷിച്ചുവരാന്‍ എന്നെ കിട്ടില്ല, കെട്ടോ? ഇനി മുതലെങ്കിലും നീ കുറച്ചുകൂടെ ശ്രദ്ധിക്കണം".

എന്നാല്‍ ഈ വിശുദ്ധ ഗ്രന്ഥഭാഗത്ത്‌ നോക്കൂ. വഴക്കുപറച്ചിലിന്റെ ഒരു തരിമ്പുമില്ലിവിടെ. കളിയാക്കലില്ല. മുന്നറിയിപ്പോ, നിബന്ധനയോ, കുറ്റപ്പെടുത്തലോ ഒന്നുമില്ല. പകരം നമ്മെ വീണ്ടെടുക്കുമ്പോള്‍ നിറഞ്ഞ സന്തോഷം മാത്രമാണവിടുത്തേയ്ക്ക്‌. നമ്മെ വാരിയെടുത്തവന്‍ വീട്ടിലേയ്ക്കു കൊണ്ടുപോകുന്നു. എന്നിട്ടെന്റെ ദൈവം അവിടെ ആഘോഷിക്കുകയാണ്‌, എന്റെ തിരിച്ചുവരവ്‌.

ദൈവത്തിന്റെ കണ്ണെത്തുന്ന ദൂരത്താണ്‌ നമ്മള്‍ എന്നും. അവിടുന്ന് നമ്മെ കരുതുന്നു. നമ്മുടെ വഴിതെറ്റുമ്പോള്‍ അവിടുന്നതറിയുന്നു. പിന്നെ അവിടുന്നു നമ്മെ അന്വേഷിച്ചിറങ്ങുന്നു. തിരിയെ കിട്ടുമ്പോള്‍ ആഘോഷിക്കുന്നു. തിരിച്ചറിവ്‌ എന്നാല്‍ ദൈവത്താല്‍ കണ്ടെത്തപ്പെടുക എന്നാണര്‍ത്ഥം.
നമ്മള്‍ക്ക്‌ പ്രാര്‍ത്ഥിക്കാം...
ദൈവമേ ഞാന്‍ നഷ്ടപ്പെട്ടവനായിരുന്നു.
തികഞ്ഞ ഏകാകി.
ദിശയറിയാത്തവന്‍, ആകുലന്‍, ഭീരു.
എന്നാല്‍ നീ എന്നെ കണ്ടെത്തി.
ശകാരവും പരിഹാസവും മുന്നറിയിപ്പുകളും ഞാനപ്പോള്‍ പ്രതീക്ഷിച്ചു.
നീ കോപാകുലനായിരിക്കുമെന്നാണ്‌ ഞാന്‍ കരുതിയത്‌.
എന്നെ ഒരസൗകര്യവും ശല്യവുമായ്‌ നീ കാണുമെന്നാ ഞാനോര്‍ത്തത്‌.
പക്ഷേ ദൈവമേ നീ എന്നെ നിറഞ്ഞ സന്തോഷത്തോടെ വാരിയെടുത്തു.
എന്റെ കണ്ടെത്തല്‍ നീ സ്വര്‍ഗ്ഗത്തിലെ മാലാഖമാര്‍ക്കൊപ്പം ആഘോഷിച്ചു.
എന്നെ കണ്ടെത്തിയ ദൈവമേ നിനക്ക്‌ നന്ദി.
ആമ്മേന്‍.

Posted By Bineesh Kalappurackal

4 comments:

  1. very nice and inspiring article. thanks for the thought.

    ReplyDelete
  2. ബിനീഷ്‌, ലളിതമായ അവതരണം, തുടരുക.

    വാല്‍കഷണം: പണ്ടൊക്കെ ഈ വചനം ധ്യാനിക്കുമ്പോള്‍ ഒരു സംശയം ഉണ്ടാകുമായിരുന്നു. ദൈവം ബാക്കി 99നേയും എന്തേ മരുഭുമിയില്‍ ഉപേക്ഷിക്കുന്നു, അത്‌ അപകടമല്ലേ? അല്ല എന്ന് പിന്നീട്‌ ബോധ്യമായി, കാരണം സുവിശേഷങ്ങളില്‍ മരുഭൂമിയും മലമുകളുമൊക്കെ ദൈവികസാന്നിധ്യത്തിന്റെ മേഖലകളാണ്‌, അവിടെ അവര്‍ സുരക്ഷിതരായിരിക്കും.

    ഒരു ആശയകുഴപ്പം ചൂണ്ടികാണിക്കട്ടേ; വഴിതെറ്റി നീങ്ങുന്ന നമ്മേ ദൈവം അനുനിമിഷം തേടുന്നു എന്ന ആശയമാണ്‌ അവതരിപ്പിക്കാന്‍ പരിശ്രമിച്ചതെങ്കിലും, വഴിതെറ്റിയ നമുക്ക്‌ അതില്‍ യാതൊരു ഉത്തരവാദിത്വമില്ലെന്നും, ദൈവത്തിന്റെ 'കഴിവ്‌കേടാണ്‌' എന്റെ തിരിച്ചറിവിന്റെ കാലതാമസ്സത്തിന്‌ കാരണം എന്ന് സൂചിപ്പിക്കും പോലെ...("തിരിച്ചറിവ്‌ എന്നാല്‍ ദൈവത്താല്‍ കണ്ടെത്തപ്പെടുക എന്നാണര്‍ത്ഥം")

    വിശദീകരണം ആഗ്രഹിക്കുന്നു.

    ReplyDelete
  3. ഞങ്ങളുടെ പ്രിയപ്പെട്ട സഞ്ചാരീ,
    ആസ്വാദനത്തിനും പുത്തന്‍ ചിന്തകള്‍ക്കും നന്ദി. ദൈവമേഖലയില്‍ 99 ആടുകളും എന്നും സുരക്ഷിതരാണെന്നുള്ള പാഠം പുത്തന്‍ ബോധ്യമാണ്‌.
    തിരിച്ചറിവ്‌ എന്ന പദം ഇവിടെ ഉപയോഗിച്ചതില്‍ പ്രശ്നമുണ്ട്‌. പ്രശ്നമല്ല. അത്‌ തെറ്റായ പ്രയോഗമാണ്‌. ഞാനുദ്ദേശിച്ചത്‌ ഇംഗ്ലീഷിലെ റികവറി എന്ന അര്‍ത്ഥമായിരുന്നു. അതിനു പകരം മലയാളം വാക്ക്‌ തിരിച്ചറിവ്‌ എന്നല്ലല്ലോ, പകരം പുനപ്രാപ്തി എന്നോ വീണ്ടെടുപ്പെന്നൊ ഒക്കെയാണ്‌.പിന്നെ വഴിതെറ്റിയ ആള്‍ക്കും രക്ഷിക്കപ്പെടണമെന്ന് ആഗ്രഹമുണ്ടാകണം. ശ്രമിക്കണം. ഇടയനു കണ്ടെത്താനായി ആടിനു ഉറക്കെ ഒന്നു കരയാമല്ലോ! തെറ്റ്‌ സൂചിപ്പിച്ച 'മാഷിന്‌' നന്ദി.

    ReplyDelete
  4. hai..bineesh...good. inspiring.....
    congrats..

    ReplyDelete