Showing posts with label ഈസ്റ്റര്‍. Show all posts
Showing posts with label ഈസ്റ്റര്‍. Show all posts

19 March 2008

പൂന്തോപ്പുകളുടെ പുനരുത്ഥാനം

പൂന്തോപ്പ്‌ പൂവിന്റേയും പൂമരത്തിന്റേയും വസന്തത്തിന്റേയും പ്രതീകമാണ്‌. വേദഗ്രന്ഥത്തില്‍ പൂന്തോപ്പിന്‌ മറ്റൊരു ധര്‍മ്മം കൂടിയുണ്ട്‌. ഏദന്‍ തോട്ടത്തിലായിരുന്നു പിഴവിന്റെ പഴം ഭക്ഷിക്കപ്പട്ടത്‌. സൂസന്നയെന്ന പതിവൃതയുടെ ചാരിത്രൃത്തിനു നേരെ സത്യരഹിതമായ ആരോപണം ഉയര്‍ന്നതും ഒരു പുന്തോപ്പിന്റെ നിഴലില്‍ ആയിരുന്നു. വല്ലാതെ ഒറ്റപ്പെട്ടുപോയ യുഗപ്രവാചകന്‍ കുരിശു തോളിലേറ്റും മുന്നേ, പ്രാര്‍ത്ഥനയുടെ യാമത്തില്‍ രക്തം വിയര്‍ത്തതും ഒരു പൂന്തോട്ടത്തിലായിരുന്നു. നീതിമാനായ ഒരു മനുഷ്യന്‍ മറ്റൊരു പുന്തോപ്പ്പ്പില്‍ ഒരു കല്ലറ തീര്‍ത്തിരുന്നു: പൂന്തോട്ടങ്ങളില്‍ നിഴല്‍ വീഴ്‌ത്തുന്ന പാപത്തിന്റെ നാഗപത്തി നമ്മെ ഓര്‍മ്മപ്പെടുത്തുന്നു വിശുദ്ധഗ്രന്ഥം.

എങ്കിലുമൊടുവില്‍ പൂന്തോപ്പുകള്‍ക്ക്‌ നഷ്ടമായ വിശുദ്ധ വസന്തങ്ങളുടെയും ജീവവൃഷ്ടിയുടേയും വീണ്ടെടുപ്പിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട്‌ വചനം. മൂന്നാം നാളില്‍ കല്ലറയില്‍ നിന്നും ഉയിര്‍ത്തവനിലൂടെ പുന്തോപ്പുകള്‍ അതിന്റെ പവിത്രത വീണ്ടെടുക്കുകയാണ്‌. അവ ഏദന്‍ തോട്ടത്തിന്റെ ആദിവിശുദ്ധിയിലേക്ക്‌ ഉയര്‍ത്തപ്പെടുകയാണ്‌. ഇനി കല്ലറകളാവശ്യമില്ല. മരണത്തിന്റെ നൊമ്പരത്തിനു മേല്‍ ഉത്ഥിതന്‍ വിജയം നേടിയിരിക്കുന്നു. തീര്‍ച്ചയായും പൂന്തോട്ടങ്ങളില്‍ നിന്നും നമ്മുക്ക്‌ കല്ലറകളൊഴിവാക്കാം. പിഴവിനു മുന്നേയുള്ള ഏദന്‍ തോപ്പിലെ വിശുദ്ധി നമ്മുക്ക്‌ നേടിയെടുക്കാം. ഇനിയൊരിക്കലും ഗസ്തമനികളില്‍ രക്തം വിയര്‍ക്കപ്പെടരുത്‌. കെദ്രോണ്‍ അരുവിക്കരുകിലെ ഉദ്യാനം പതിവുപോലെ വിശുദ്ധ സ്നേഹത്തിന്റെ ഉത്സവ വേദിയാവട്ടെ.

അടിക്കുറിപ്പ്‌: പൂന്തോപ്പെന്നാല്‍ എന്റെ ഹൃദയമെന്ന് ധ്യാനിക്കാനാവണം. പരിശുദ്ധിയുടെയും സമൃദ്ധിയുടേയും വര്‍ണ്ണങ്ങളുള്ള ഹൃദയം. എങ്കിലും അതെപ്പോഴും നന്മകളുടെ ഇലകൊഴിയും ശിശിരസാധ്യതയും പേറുന്നു. ഇടര്‍ച്ചയുടെ പൊള്ളുന്ന വേനലുകള്‍ക്കൊടുവില്‍ ഉറവ വറ്റാത്ത കൃപയുടെ സ്നേഹപ്രവാഹമേകി എന്റെ ഹൃദയത്തെ വീണ്ടെടുക്കുന്ന ദൈവമെന്ന തോട്ടക്കാരന്‍. ഞാനെങ്ങനെ നന്ദിയേകുമെന്‍ ദൈവമേ...

Posted by Abhilash Gregory