14 June 2010

യാത്രാ മംഗളങ്ങള്‍...

പ്രിയപ്പെട്ട കൂട്ടുകാരേ.., മാത്തര്‍ എക്ലേസിയായില്‍ ഒരു അദ്ധ്യയന വര്‍ഷത്തിനു കൂടി തിരശ്ശീല വീഴുകയാണ്‌. ക്ലാസ്സുകള്‍ അവസാനിക്കാന്‍ പോകുന്നു. പരീക്ഷകള്‍ തുടങ്ങുകയാണ്‌. ജൂണ്‍ അവസാന വാരത്തോടെ പരീക്ഷളുമവസാനിക്കും. പിന്നെ ചിലര്‍ക്ക്‌ അവധിക്കാലം. മറ്റു ചിലര്‍ക്കാകട്ടെ വൈദിക പരിശീലനത്തിന്റെ ഒടുക്കവും പിന്നെ പൗരോഹിത്യ സ്വീകരണവും.പരീക്ഷയും അവധിക്കുള്ള സങ്കീര്‍ണ്ണമായ തയ്യാറെടുപ്പുകളും , ടിക്കറ്റ്‌ ബുക്കിങ്ങും ചൂടും ഒക്കെ കൂടി പതിവു പോലെ ഇത്‌ ശരിക്കും വേനലാകുന്നു. (എങ്കിലും ആശ്വാസത്തിനു മാത്തര്‍ എക്ലേസിയായിലേയ്ക്കുള്ള വഴിയിലെ, കാലത്തിനനുസരിച്ചു നിറം മാറുന്ന അത്ഭുത മരത്തില്‍ ചുവന്ന പഴങ്ങള്‍ സമൃദ്ധിയായി വിളഞ്ഞിരിക്കുന്നു.)
കഴിഞ്ഞുപോയത്‌ നല്ല നാളുകളായിരുന്നു. ദൈവാനുഗ്രഹത്തിന്റെ കാലം. ഒന്‍പത്‌ മാത്തര്‍ ഇന്ത്യന്‍സ്‌ നവ വൈദികരായി.ഇതാ ഇപ്പോള്‍ ഏറ്റവും ഒടുവിലായി ചാന്തയും കളത്തില്‍ ജോസഫ്‌ അച്ചനായി രൂപാന്തരപ്പെട്ടിരിക്കുന്നു. അവരൊക്കെയും തീക്ഷ്ണതയുള്ള അജപാലകരായി ദൈവജനത്തെ സ്നേഹിച്ചുകൊണ്ടേയിരിക്കുന്നു. എല്ലവരും അവരെപ്പറ്റി നല്ലതു മാത്രം പറയുന്നു. ആശങ്കകളോടെ മാത്തര്‍ എക്ലേസിയായിലേയ്ക്കു വന്ന പുത്തന്‍ കൂട്ടുകാര്‍ ഏന്നേ ഇവിടുത്തുകാരായി മാറിയിരിക്കുന്നു.ഇനി ആര്‍ക്കും മാത്തര്‍ എക്ലേസിയ കോളേജല്ല, വീടാണ്‌. പരിഭവവും പിണക്കവും, എല്ലാം മായിക്കുന്ന സൗഹൃദവും സാഹോദര്യവുമുള്ള നമ്മുടെ വീട്‌.
പഠനം പൂര്‍ത്തിയാക്കി ഇവിടെ നിന്നും യാത്ര പറയുന്നവര്‍ ഏഴുപേരാണ്‌. ഒരു വര്‍ഷക്കാലം നമ്മുടെ നായകനും, പിന്നെ നമ്മുടെയെല്ലാം നല്ല സുഹൃത്തും വഴികാട്ടിയും അത്മാര്‍ത്ഥതയുള്ള ഇടപെടലുകള്‍ കൊണ്ട്‌ എന്നും സ്മരണീയനും, പൗരോഹിത്യത്തെ സ്നേഹിക്കുകയും അതിനായി ഹൃദയ പരമാര്‍ത്ഥതയോടെ പ്രാര്‍ത്ഥിച്ചൊരുങ്ങുകയും, എന്നും എപ്പോഴും പൗരോഹിത്യം തന്നെ തന്റെ പ്രഥമ പരിഗണന എന്നു വിശ്വസിക്കുകയും, കുറവുകളെ അംഗീകരിക്കാന്‍ മാത്രം ഹൃദയ വലിപ്പം കാണിക്കുകയും ചെയ്യുന്ന പ്രമോദ്‌.

സാന്നിദ്ധ്യവും മൊഴിയും എന്നും മറ്റുള്ളവര്‍ക്കു അനുഗ്രഹമാക്കുന്ന, സഭനല്‍കുന്ന സൗകര്യങ്ങളോടും അവസരങ്ങളോടും വിശ്വസ്തത പുലര്‍ത്തി അദ്ധ്വാനിക്കുന്ന, മികച്ച അക്കാദമിക്ക്‌ നിലവാരം പുലര്‍ത്തി പഠനം പൂര്‍ത്തിയാക്കുന്ന, സൗമ്യതയും ലാളിത്യവും സഹൃദയത്വവും കൊണ്ട്‌ എപ്പോഴൊക്കെയോ സുവിശേഷങ്ങളിലെ ക്രിസ്തുവിനെ ഓര്‍മ്മപ്പെടുത്തുന്ന ഡീക്കന്‍ ഷാജന്‍.

സൗഹൃദങ്ങളെ, അര്‍പ്പിച്ച വിശുദ്ധ വസ്തുക്കളെ പോലെ സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന, സൗന്ദര്യാവബോധവും കലാഹൃദയവും ഭാവനാതീക്ഷ്ണതയും വരയിലും വാക്കിലും സൂക്ഷിക്കുന്ന, സ്വകാര്യ പങ്കു വയ്ക്കലുകളെ കുമ്പസാര രഹസ്യം പോലെ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ മാത്രം ഇച്ഛാശക്തിയുള്ള, തന്റെ വാക്കുകള്‍കൊണ്ട്‌ അശാന്തമായ അന്തരീക്ഷങ്ങളെ ശീതീകരിക്കാന്‍ കഴിയുന്ന, 'ഞാന്‍' എന്ന വാക്കും ഭാവവും ജീവിതത്തില്‍ തുച്ഛമായുപയോഗിക്കുന്ന സൈജു.

കൃത്യമായ പ്ലാനിംഗുകളള്‍ക്കൊണ്ട്‌ ജീവിതത്തിന്റെ ഒരോ നിമിഷവും ഫലപ്രദമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്ന, സൗഹൃദ വേദികളെ വാക്കു കൊണ്ടും സാന്നിദ്ധ്യം കൊണ്ടും സമ്പന്നമാക്കുന്ന, അലങ്കാരമായാലും ജീവിത കര്‍മ്മങ്ങളായാലും മനോഹാരിതയോടെ അതു നിര്‍വ്വഹിക്കുന്ന, പരിസരങ്ങളെ കുലീനമായും വെടിപ്പായും കാത്തു സൂക്ഷിക്കുന്ന, അപ്രതീക്ഷിതമായി പൗരോഹിത്യ സ്വീകരണം തൊട്ടടുത്തെത്തിയപ്പോഴും നടുക്കം കൂടാതെ അതിനായൊരുങ്ങാന്‍ മാത്രം പക്വതയുള്ള ക്രിസ്റ്റഫര്‍.

ഒരതികായനേപ്പോലെ ചങ്കൂറ്റത്തോടെ സഞ്ചരിക്കുമ്പോഴും ഒരു കുട്ടിയുടെ നിഷ്കളങ്കതയിലേയ്ക്കും ലാളിത്യത്തിലേയ്ക്കും, കണ്ണീര്‍ നനവുള്ള ആര്‍ദ്രതയിലേയ്കും തെന്നി നീങ്ങുന്ന, വാചാലമായ ബാഹ്യകാഴ്ചകളേക്കാള്‍ കൂടുതല്‍ നിശബ്ദമായ സ്വകാര്യതകളുള്ള, സ്വജീവിതം മറ്റുള്ളവര്‍ക്കു വേണ്ടിക്കൂടിയാണെന്നു കര്‍മ്മങ്ങള്‍ വഴി തെളിയിക്കുന്ന, കളിക്കോര്‍ട്ടിലെ പ്രതിഭയായ ബാസ്റ്റ്യന്‍.
അനൂപ്‌ എന്നപേരിനൊപ്പം അത്മാര്‍ത്ഥത എന്ന പുണ്യം എന്നും ഒരു പോലെ നമ്മെ ഓര്‍മ്മപ്പെടുത്തുന്ന, കാപട്യം, ഇരട്ടവ്യക്തിത്ത്വം, നാട്യം, ജാടകള്‍, സ്വാര്‍ത്ഥം, അനാവശ്യ ഔപചാരിതകള്‍ തുടങ്ങിയ രസഭാവങ്ങളൊന്നും ജീവിതത്തിന്റെ അരങ്ങില്‍ കെട്ടിയാടാത്ത, ഹൃദയ നിറവില്‍ നിന്നു മാത്രം സംസാരിക്കുന്ന അധരമുള്ള, സ്നേഹവും നന്മയും ഹൃദയ വിശാലതയും സഹിഷ്ണുതയുമുള്ള,അത്മ വിശ്വാസവും ആത്മ ധൈര്യവുമുള്ള അനൂപ്‌.

"സുഹൃത്തിനു നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനം സമയമാണ്‌, കാരണം ഒരിക്കലും തിരിച്ചു കിട്ടാത്ത ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്‌ അപ്പോള്‍ നമ്മള്‍ പങ്കുവയ്ക്കുക" എന്ന പഴമൊഴി ശരിയാണെങ്കില്‍ മറ്റുള്ളവര്‍ക്കു വേണ്ടി സ്വജീവിതം ഒത്തിരി വെറുതെ തന്ന, സംഘര്‍ഷഭരിതമായ ജീവിതാവസരങ്ങളേപ്പോലും വാക്കുകൊണ്ട്‌, സാന്നിദ്ധ്യം കൊണ്ട്‌ മൃദുലവും ലഘുവുമാക്കുന്ന, ബന്ധങ്ങളുടെ ചരടുകളെ എഴുത്തുകള്‍കൊണ്ടും നിരന്തരമായ ഓര്‍മ്മകള്‍ക്കൊണ്ടും സജീവമാക്കി നിലനിറുത്തുന്ന, സങ്കടപ്പെടാന്‍ കാരണങ്ങള്‍ ഉണ്ടായാലും ചിരിക്കന്‍ ശ്രമിക്കുന്ന ചിരിപ്പിക്കുന്ന, അനാവശ്യ സങ്കീര്‍ണ്ണതകളെ ജീവിതത്തില്‍ നിന്നും അകറ്റി നിറുത്തുന്ന നെല്‍സണ്‍.

ഇവര്‍ ഏഴുപേരും യാത്രയാവുന്നത്‌ പഠനം പൂര്‍ത്തിയാക്കി ഒരു ജോലിയില്‍ പ്രവേശിക്കാനോ, തൊഴില്‍ നേടാനോ അല്ല. പകരം, ഭൂമിയില്‍ ഒരു മനുഷ്യനുയരാവുന്നതില്‍ വച്ചേറ്റവും വലിയ ഉയരത്തിലെത്താന്‍, മാലാഖമാരേക്കാള്‍ സമുന്നതരാകാന്‍, മറ്റൊരു സത്തയിലേയ്ക്കു രൂപാന്തരം പ്രാപിക്കാനാണ്‌; ഈശോയുടെ പുരോഹിതരാകുവാന്‍. ഇനി മുതല്‍ നമ്മുടെ ഈ കൂട്ടുകാര്‍ അപ്പവും വീഞ്ഞും കൈകളിലെടുത്തുയര്‍ത്തുമ്പോള്‍ അതു ഈശോയുടെ തിരു ശരീര രക്തങ്ങളായി മാറും. നമ്മോട്‌ കൂട്ടും കൂടി വര്‍ത്താമാനവും പറഞ്ഞു നടന്ന ഇവര്‍ വചനം പങ്കു വയ്ക്കുമ്പോള്‍ അത്ഭുതങ്ങളും രോഗശാന്തികളും നടക്കും. ഇവരുടെ സാന്നിദ്ധ്യം ഇശോയുടെ സാന്നിദ്ധ്യമായി മാറും. ഇവരുടെ അഭിഷിക്ത കരങ്ങള്‍ സൗഖ്യ ദായകങ്ങളായി മാറും. ഇവരുടെ ആശീര്‍വ്വാദങ്ങള്‍ക്കെതിരേ നരക വാതിലുകള്‍ ശക്തിപ്പെടുകയില്ല. നമ്മളോടൊപ്പം സ്നേഹിച്ചും കലഹിച്ചും ഇണങ്ങിയും പിണങ്ങിയും നടന്ന ഇവര്‍ കുമ്പസാരക്കൂടുകളില്‍ ഗാഗുല്‍ത്തായിലെ സ്നേഹമാകും, അവര്‍ നമ്മുടെ പാപങ്ങള്‍ ബന്ധിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തിലും അതു ബന്ധിക്കപ്പെടും. വിശുദ്ധന്മാര്‍ മാലാഖമാരേക്കള്‍ മുന്‍പേ ഇവരെ നിലം പറ്റേ വീണു വണങ്ങും. നോക്കൂ, ഒരു മനുഷ്യനും ഇവരുടെ ശ്രേഷ്ഠതയ്ക്കപ്പുറത്തേയ്ക്കു വളരാനാവില്ല. കാരണം ഇവര്‍ ദൈവമനുഷ്യരാണ്‌. ഈ മഹനീയ ദാനം സ്വീകരിക്കാന്‍ പോകുന്ന ഇവര്‍ക്കുവേണ്ടി നമ്മള്‍ക്കു പ്രാര്‍ത്ഥിക്കാം. അവസാന ശ്വാസത്തോളം പൗരോഹിത്യത്തില്‍ സന്തോഷിക്കാന്‍ കഴിയുന്നവരാകട്ടെ ഇവര്‍ എന്നു നമ്മള്‍ക്കാശംസിക്കാം.
വൈദികരായ മാത്തര്‍ എക്ലേസ്സിയായിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കു നല്ല ശുശ്രൂഷാ ദിവസങ്ങള്‍ ആശംസിക്കുന്നു. നാട്ടിലെ വരാന്‍ പോകുന്ന തിരുപ്പട്ട ദിവസങ്ങളില്‍ പലര്‍ക്കും തമ്മില്‍ കാണാമെന്നു കരുതുന്നു.
പരീക്ഷകളെഴുതുന്ന എല്ലാവര്‍ക്കും നല്ല പരീക്ഷ. പിന്നെ ശാന്തമായ അവധിക്കാലവും അനുഗൃഹീതവും അത്യുന്നതന്റെ സംരക്ഷണത്തിലും ദൈവത്തിന്റെ തണലിലുമുള്ള യാത്രകളും നേരുന്നു.
മാത്തര്‍ എക്ലേസിയായില്‍ പഠിച്ചു മറ്റ്‌ ജീവിതാവസ്ഥകളിലേയ്ക്കു നടന്നകന്നു പോയ സുഹൃത്തുക്കള്‍ക്കു അയിരിക്കുന്നിടങ്ങളില്‍ ദൈവാനുഗ്രഹം നേരുന്നു.
എല്ലാവര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട്‌,
മാത്തര്‍ ഇന്ത്യന്‍സ്‌.

നവാഭിഷിക്തരാകാന്‍ പോകുന്നവര്‍ക്ക്‌ ആശംസകളര്‍പ്പിക്കൂ;

1 comment:

  1. My dear friends,

    wish you all the best ...

    do not expect victories, be ready to accept rejection with a pleasing smile... people needs you...

    ReplyDelete