29 November 2009

മംഗളവാര്‍ത്ത.

നമ്മുടെ ദൈവത്തിന്റെ കാരുണാതിരേകം കൊണ്ട്‌ ഉയരത്തില്‍ നിന്നുള്ള ഉദയ രശ്മി നമ്മളെ സന്ദര്‍ശിക്കുമ്പോള്‍ ഇരുളിലും മരണത്തിന്റെ നിഴലിലും ഇരിക്കുന്നവര്‍ക്ക്‌ പ്രകാശം വീശാനും സമാധാനത്തിന്റെ മാര്‍ഗ്ഗത്തിലേയ്ക്ക്‌ നമ്മുടെ പാദങ്ങളെ നയിക്കാനും വേണ്ടിയാണ്‌.(ലൂക്കാ,1;78,79.)

ശോയുടെ വരവിനെയോര്‍ത്തുകൊണ്ട്‌ സഖറിയായുടെ പ്രവചനമാണ്‌ ഇത്‌. മറ്റാര്‍ക്കും നല്‍കാനാവാത്ത ഒരു മഹാ പ്രത്യാശയാണ്‌ ഈശോയുടെ പിറവി.
നമ്മള്‍ വളര്‍ന്നു വന്നത്‌ പല മോശമായ പ്രതീക്ഷകളുമായാണ്‌. അനുഭവങ്ങള്‍ നമ്മളെ അങ്ങനെയൊക്കെയാണ്‌ പഠിപ്പിച്ചത്‌. വലിയ നന്മയൊന്നും ആരില്‍ നിന്നും, ഒന്നില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല. 'പുഞ്ചിരിക്കുന്ന പൂവിലുമുണ്ട്‌ വഞ്ചനയുടെ ലാഞ്ചന', പത്താം ക്ലാസ്സിലെ ഓട്ടോഗ്രാഫിലെ വാക്യങ്ങള്‍ ഇനിയും ചിതലെടുത്തിട്ടില്ല. മാത്രവുമല്ല ചെന്നിടത്തൊക്കെ ഒരു പാട്‌ ഫ്രോഡുകളെ കണ്ടുമുട്ടിയിട്ടുമുണ്ട്‌. ചിലര്‍ വളര്‍ന്നു വരുന്നത്‌ ഏതെങ്കിലും തരത്തില്‍ ദുരുപയോഗിക്കപ്പെട്ടതിന്റെ കയ്പ്പുമായായിരിക്കും. ആരുടേയും സ്നേഹാലിംഗനങ്ങള്‍ക്കു മീതെ അവര്‍ സുരക്ഷിതത്ത്വത്തിന്റെ ഒരു വല വിരിക്കും. വഞ്ചിക്കപ്പെട്ടതിന്റേയും തിരസ്ക്കരിക്കപ്പെട്ടതിന്റേയും അനുഭവങ്ങളാവാം ഇനി നമ്മളില്‍ മറ്റു ചിലര്‍ക്ക്‌. അവരാകട്ടെ ആരെങ്കിലും അവരെ പരിചയപ്പെടാന്‍ ഒരു പ്രത്യേക താല്‍പ്പര്യം കാട്ടിയാല്‍ ആശങ്കയും ഭയവും കാരണം ഒഴിഞ്ഞു മാറുന്നു. ചെറുപ്പകാലത്ത്‌ വേരുറച്ചുപോയ ഇത്തരം ചില മുന്‍ വിധികളേയും വികലമാക്കപ്പെട്ട പ്രതീക്ഷകളേയും അത്ര പേട്ടെന്ന് മാറ്റുക സാധ്യമല്ല. കഴിഞ്ഞ കാലങ്ങളില്‍ നമ്മള്‍ കാത്തു സൂക്ഷിച്ച സകല പ്രതീക്ഷകളും ഒന്നൊന്നായി നടക്കാതെ വന്നപ്പോള്‍ ഇനിയും എന്തെങ്കി‍ലുമൊക്കെ മോഹന പ്രതീക്ഷകള്‍ കാത്തു സൂക്ഷിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്‌?
പ്രത്യാശിക്കുവാന്‍ പഠിക്കുക എന്നാല്‍ എന്താണ്‌? എന്റെ കഴിഞ്ഞ കാലത്ത്‌ ഞാന്‍ അറിഞ്ഞതില്‍ നിന്നും വ്യത്യസ്തവും കൂടുതല്‍ ശോഭനവുമായിരിക്കും വരും കാലം എന്ന ഒരു സാദ്ധ്യതയില്‍ വിശ്വസിക്കാന്‍ മനസ്സിനെ ഒരുക്കുക. വിദൂരതകളില്‍ നന്മകളെ സ്വപ്നം കാണാന്‍ നമ്മളെത്തന്നെ അനുവദിക്കുക. നന്മയേക്കുറിച്ചുള്ള പ്രതീക്ഷയാണ്‌ പ്രത്യാശ. കട്ടപിടിച്ച ഇരുട്ടില്‍ ഇരിക്കുമ്പോഴും സൂര്യോദയത്തിനായുള്ള കാത്തിരിപ്പ്‌.
ഭാവിയേക്കുറിച്ചുള്ള നമ്മുടെ ഈ പ്രതീക്ഷകളുടെയെല്ലാം അടിസ്ഥാനം എന്താണ്‌? ദൈവത്തിന്റെ സ്വഭാവമാണ്‌ നമ്മുടെ ആശാകേന്ദ്രം. ദൈവത്തിന്റെ സ്വാഭാവമെന്നാല്‍ കാരുണ്യാതിരേകം ആണ്‌. അതിരറ്റ അനുകമ്പയാണ്‌. കളങ്കമില്ലാത്ത സ്നേഹമാണ്‌. ഇനി നമ്മള്‍ക്ക്‌ പ്രതീക്ഷിക്കാം. കാരണം ദൈവത്തിന്റെ കാരുണ്യാതിരേകത്താല്‍, അനുകമ്പയാല്‍ ഇതാ സൂര്യനുദിക്കാന്‍ പോകുന്നു. വിദൂരതകളില്‍ നമ്മള്‍ക്കിനി നന്മകളെ സ്വപ്നം കാണാം. കാരണം, നമ്മുടെ ദൈവം നന്മയാണ്‌. സ്നേഹിക്കുന്ന ദൈവമാണവിടുന്ന്. ഇത്‌ വെറും ഒരു വരുംകാല സ്വപ്നമല്ല. പകരം നമ്മുടെ ഇന്നത്തെ ജീവിതത്തില്‍ നിറയുന്ന, നമ്മുടെ പ്രവൃത്തികളെ പ്രചോദിപ്പിക്കുന്ന ചൈതന്യമാണ്‌ ഈ ദൈവത്തിലുള്ള പ്രത്യാശ.

പ്രാര്‍ത്ഥിക്കാം,
ഇരുളിന്റെ നിഴലില്‍ ജീവിക്കുക എന്നാല്‍ എന്താണെന്ന് ശരിക്കും എനിക്കറിയാം,
എന്റെ ദൈവമേ.
മരണത്തിന്റെ താഴ്‌വരയിലാണെന്റെ വീട്‌ പണിതിരിക്കുന്നത്‌.
അനുകമ്പയുള്ള കര്‍ത്താവേ, എന്നെ സുഖപ്പെടുത്തൂ.
ആര്‍ദ്രതയുടെ കരങ്ങളാല്‍ എന്നെ തഴുകൂ, എനിക്കു പ്രകാശം തരൂ.
പ്രത്യാശിക്കുവാനുള്ള കഴിവ്‌ എന്നില്‍ വളര്‍ത്തൂ.
എന്റെ രാത്രിയില്‍ നീ ഉദിക്കണമേ.
ഭയപ്പാടിന്റെ വഴികളില്‍ എന്റെ പാദങ്ങളെ നീ നയിക്കൂ.
സമാധാനത്തിന്റെ മേച്ചില്‍ പുറങ്ങളിലേയ്ക്കെന്നെ നടത്തൂ.
ആമ്മേന്‍.

No comments:

Post a Comment