ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു, ഇന്ന് ജനിച്ചിരിക്കുന്നു. (ലൂക്കാ2/11)
നമ്മള്‍ പുറന്തള്ളപ്പെട്ടിരിക്കുന്നു. ഇരുമ്പഴികള്‍ക്കുള്ളില്‍ തടവിലാക്കപ്പെട്ടിരിക്കുകയാണ് നമ്മള്‍. ഒരു മതിലിനോട് ചേര്‍ത്ത് നമ്മളെ ആരോ ബന്ധിച്ചിരിക്കുന്നു. ആരാണ് നമ്മളെ തടവിലാക്കുന്നത്? നമ്മുടെ പാപങ്ങള്‍, പതനങ്ങള്‍, ഭ്രാന്തമായ അഭിനിവേശങ്ങള്‍, അടിമപ്പെടുത്തുന്ന ദുശീലങ്ങള്‍. എല്ലാം ബലഹീനമായ നമ്മുടെ മനുഷ്യാവസ്ഥയുടെ ഫലങ്ങള്‍. ഈ തടവറയിലെത്തുവോളം എല്ലാവരെയും പോലെ ഞാനും വിചാരിച്ചു, എനിക്കൊരു പ്രശ്നവും ഇല്ല. ഇനി എന്തെങ്കിലും കുറവുകളോ ദുശ്ശീലങ്ങളൊ ഉണ്ടെങ്കില്‍ തന്നെ അതെനിക്കു താനെ മാറ്റാനുള്ളതല്ലേയുള്ളു. പക്ഷേ ഇപ്പോള്‍ നമ്മള്‍ അറിയുന്നു; നമ്മള്‍ അടിമകളായിരിക്കുന്നു. അങ്ങേയറ്റം ബലഹീനര്‍. പിടിക്കപ്പെട്ടവര്‍, അഗാധമായ കെണിയില്‍ പെട്ടവര്‍.
ഇപ്പോള്‍ നമ്മള്‍ക്കു മനസ്സിലായി. നമ്മള്‍ ഒരുപാടു കാര്യങ്ങള്‍ ചെയ്തു കൂട്ടി. പക്ഷേ ഇപ്പോഴും ബന്ധനത്തില്‍ തന്നെ. തുറങ്കിന്റെ ബലമുള്ള ഇരുമ്പഴികളെ നോക്കി നമ്മള്‍ കൂടുതല്‍ നിസ്സഹായരാകുന്നു. ആ നിസ്സഹായത എന്നെ വേദനിപ്പിക്കുന്നു.
എങ്ങിനെ ഇതില്‍ നിന്നും മോചിതനാകും?എന്നേയ്ക്കുമായി സ്വതന്ത്രനാകും?
ഇനി ഇതില്‍ നിന്നും രക്ഷപെടാന്‍ എനിക്ക് മറ്റൊരാളുടെ സഹായം ആവശ്യമാണ്. ഈ ജയിലറയുടെ പുറത്തുള്ള ഒരാള്‍ക്കു മാത്രമേ അതിന് സാധിക്കുകയുള്ളു. അധികാരവും ശക്തിയുമുള്ള, നമ്മുടെ ദയനീയമായ അവസ്ഥയെ മനസ്സിലാക്കാന്‍ കഴിയുന്ന, കുറ്റപ്പെടുത്താതെ കടലോളം അലിവ് ഉള്ളില്‍ നിറച്ച ഒരാള്‍. അതെ, നമ്മള്‍ക്ക് ഒരു രക്ഷകന്‍ വേണം. ഇനിയൊരിക്കലും നമ്മള്‍ക്ക് നമ്മളെ തന്നെ രക്ഷിക്കാന്‍ കഴിയുകയില്ല.
ഇത്തരത്തിലൊരു മോചനം, സാധ്യമാണോ? അങ്ങിനെ ഒരാള്‍ വന്നാല്‍ അതൊരു മഹാ സംഭവം ആയിരിക്കും. ഇപ്പോള്‍ മുതല്‍ ഞങ്ങള്‍ ഒരു രക്ഷകനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു, അതിനുവേണ്ടി പ്രതീക്ഷിക്കുന്നു.
നമ്മുടെ പ്രതീക്ഷയുടെ ചക്രവാളങ്ങളെ വിശാലമാക്കികൊണ്ട് ഇതാ മംഗളവാര്‍ത്തയുടെ സ്വരം ശ്രവിക്കുന്നു. നിങ്ങള്‍ പ്രതീക്ഷിച്ച രക്ഷകന്‍, നിങ്ങള്‍ക്ക് ആവശ്യമുള്ള വിമോചകന്‍ ഇതാ നല്‍കപ്പെട്ടിരിക്കുന്നു. അവന്‍ വന്നിരിക്കുന്നു, ദാവീദിന്റെ പട്ടണത്തില്‍. കര്‍ത്താവായ ക്രിസ്തുവാണവന്‍.
പ്രാര്‍ത്ഥിക്കാം,
ഈശോയേ,
എനിക്കറിയാം
ഞാന്‍ അടയ്ക്കപ്പെട്ടിരിക്കുന്ന ഈ തടവറയില്‍ നിന്നും
എനിക്കു രക്ഷപെടണം.
സ്വയം രക്ഷിക്കാന്‍ ഒരിക്കലും എനിക്കാവില്ല.
അതുകൊണ്ട് ഇത് ഒരു സുവിശേഷമാണെനിക്ക്,
എന്നെ രക്ഷിക്കാനാണല്ലോ നീ വന്നിരിക്കുന്നത്.
ഇന്നു തന്നെ, ഇപ്പോള്‍ തന്നെ നീ എന്റെ അടുത്തേയ്ക്കു വരണേ.
കല്‍ത്തുറങ്കുകള്‍ മലര്‍ക്കെ തുറന്ന്
എന്നെ സ്വതന്ത്രനാക്കൂ.
ആമ്മേന്‍.
Good article...Congratulations
ReplyDelete