പ്രഭാതത്തിലെ പത്രവായനയ്ക്കു ശേഷം അല്ലെങ്കില്‍ ടി.വി വാര്‍ത്തകള്‍ക്കു ശേഷം നമ്മള്‍ക്ക് എന്താണ് തോന്നുക? ലോകത്തിലെ വേദനാജനകമായ എണ്ണമറ്റ ദുരന്തങ്ങളോര്‍ത്തുള്ള നോവ്, സങ്കടം. ഒപ്പം, അവയ്ക്കൊന്നിനു പോലും പരിഹാരം കാണാന്‍ എന്റെ കൈയില്‍ മാര്‍ഗ്ഗങ്ങളില്ലല്ലോ എന്നോര്‍ത്തുള്ള നിസ്സഹായാവസ്ഥ.ജീവിതത്തില്‍ പലപ്പോഴും നേരിടുന്ന ഒരവസ്ഥയാണിത്. എന്റെ പ്രശ്നങ്ങള്‍ അനേകം. എന്നാല്‍ പരിഹാരത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ പരിമിതവും. സ്വപ്നങ്ങള്‍ കടലോളം. യാഥാര്‍ത്ഥ്യമാക്കാന്‍ വഴികള്‍ ഒന്നുമില്ല. ആവശ്യക്കാര്‍ എറെയാണ്. എന്റെ കൈയിലുള്ള വിഭവങ്ങള്‍ തുച്ഛവും. ഏറെ പരിമിതനായ ഞാന്‍ ഇനി എന്തു ചെയ്യും?
പരിമിതികളെ മഹാ സമൃദ്ധിയാക്കി മാറ്റുന്ന ഒരാളുണ്ട്. ദൈവം. വിശുദ്ധ ഗ്രന്ഥത്തില്‍ നാം കാണുന്ന ദൈവത്തിന്റെ ശൈലി അതാണ്.നമ്മുടെ ബലഹീനതയെ ശക്തിയായി പരിണമിപ്പിക്കുന്ന ദൈവം. നിസ്സാരമായ അപ്പക്കഷണങ്ങളേയും ഏതാനും മീനിനേയും ആയിരങ്ങളാക്കി മാറ്റിയത് അതിനുദാഹരണമാണ്.സമ്പന്നതയുടെ ഭവനങ്ങളില്‍ നിറഞ്ഞു കവിഞ്ഞ കലവറകളില്‍, അതിശക്തന്മാരുടെ അതിഥിമുറിയില്‍ ദൈവം വിരുന്നിന് പോകാറില്ല. പകരം, നമ്മുടെ പ്രതീക്ഷകള്‍ക്കെല്ലാമപ്പുറത്ത് ഒഴിഞ്ഞ കലവറകളും വിശന്ന വയറും ശുന്യമായ കൈകളുമു ള്ള എന്റെ വീട്ടുപടിക്കല്‍ രാജകീയ വിരുന്നിനുള്ള ക്ഷണവുമായി ഇതാ ദൈവം വരുന്നു.
നമ്മുടെ കൈയിലുള്ള അപ്പവും മീനും എത്ര പരിമിതമെന്നോര്‍ത്തു നമ്മള്‍ സങ്കടപ്പെടുന്നു. എന്റെ വിശപ്പോ, ദാഹമോ, ഒന്നും ഇവകൊണ്ടു ശമിക്കില്ല. എന്റെ സ്വപ്നങ്ങള്‍ പൂവണിയിക്കാന്‍ എനിക്കൊരിക്കലുമാവില്ല. ഞാന്‍ അങ്ങേയറ്റം നിസ്സാരനാണ്. എന്റെ ആവശ്യങ്ങള്‍ പൂര്‍ത്തിയാവുകയില്ലെന്നു മാത്രമല്ല. ഒരാളുമായികൂടെ പങ്കു വയ്ക്കാനും എന്റെ കൈയിലുള്ളവകൊണ്ട് കഴിയില്ല. എന്നാല്‍ അവയൊക്കയേയും ദൈവത്തിന്റെ കരങ്ങളിലേയ്ക്കു കൊടുക്കൂ.എന്റെ ഇല്ലായ്മകള്‍ ഇതാ മഹാസമൃദ്ധിയായി മാറുന്നു.എനിക്കു മാത്രമല്ല. അനേകര്‍ക്കുമായി പങ്കു വച്ചിട്ടു കൂടി അനുഗ്രഹങ്ങള്‍ ഇനിയും മിച്ചം. എന്റെ പരിമിതമായ, തീര്‍ത്തും ലളിതമായ കാഴ്ചകളെ കൈയിലെടുത്ത് അനശ്വരവും സമൃദ്ധവുമാക്കി എന്നെ അതിശയിപ്പിക്കുന്ന ദൈവം.
14 November 2009
അഞ്ചപ്പവും രണ്ടു മത്സ്യവും
അവര്‍ പറഞ്ഞു: അഞ്ചപ്പവും രണ്ടു മത്സ്യവും മാത്രമേ ഇവിടെ ഞങ്ങളുടെ പക്കലുള്ളു. അവന്‍ പറഞ്ഞു: അത് എന്റെ അടുത്ത് കൊണ്ട് വരിക.(മത്തായി,14;17)
പ്രാര്‍ത്ഥിക്കാം,
ദൈവമേ എനിക്കു വിശക്കുന്നു.
എനിക്കു ദാഹിക്കുന്നു.
ഒരിക്കലും എനിക്കു തൃപ്തിയാവുന്നില്ല.
എന്റെ ദാഹം ശമിക്കുന്നില്ല.
എന്റെ കൈയില്‍ വിഭവങ്ങള്‍ ഒന്നുമില്ല.
കുറേ അപ്പക്കഷണങ്ങള്‍.
കുറച്ചു മീന്‍.
എനിക്കെന്നല്ല ഒരാള്‍ക്ക് പങ്കു വയ്ക്കാനും ഇതു തികയില്ല.
ഇവകൊണ്ട് എന്തു ചെയ്യണമെന്നെനിക്കറിയില്ല.
പക്ഷേ ഇതാ എന്റെ കൈയിലുള്ളത് ഞാനങ്ങേ പക്കലേയ്ക്കു കൊണ്ടു വരുന്നു.
എന്റെ ലളിതമായ ഈ കാഴ്ചകളെ നീ സ്വീകരിക്കൂ.
നിന്റെ ആശീര്‍വ്വാദത്തിനായി ഞാനവയെ ഇതാ നിന്റെ മുന്‍പിലര്‍പ്പിക്കുന്നു.
ആമ്മേന്‍.
Subscribe to:
Post Comments (Atom)
No comments:
Post a Comment