26 October 2009

ഡാനിയേല്‍ അച്ചാരുപറമ്പില്‍ പിതാവിന്‌ ആദരാഞ്ജലികള്‍....

രാപ്പുഴ ആര്‍ച്ച്‌ ബിഷപ്പും കേരളത്തിലെ ലത്തീന്‍ സഭയുടെ തലവനുമായിരുന്ന ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍ പിതാവ്‌ സ്വര്‍ഗ്ഗ പിതാവിന്റെ ഭവനത്തിലേയ്ക്ക്‌ യാത്രയായി. ആ നല്ലിടയന്റെ ധന്യ ജീവിതം ഇനി വിശുദ്ധമായ സ്മരണ.

പള്ളിപ്പുറം മഞ്ഞുമാതാ ഇടവകയില്‍ അച്ചാരുപറമ്പില്‍ റോക്കിയുടേയും മോനിക്കയുടേയും മകനായി 1939 മെയ്‌ പന്ത്രണ്ടാം തിയതിയായിരുന്നു ജനനം. 1966 മാര്‍ച്ച്‌ പതിനാലിന്‌ വൈദികനായി. 1996 ഓഗസ്റ്റ്‌ അഞ്ചിന്‌ മാതൃ ഇടവകയായ മഞ്ഞുമാതാ പള്ളിയില്‍ മാതാവിന്റെ തിരുനാള്‍ കുര്‍ബാനയില്‍ സഹകാര്‍മ്മികത്ത്വം വഹിച്ച ഫാദര്‍ ഡാനിയേല്‍ ഓ.സി.ഡിയെ കാത്തിരുന്നത്‌ വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്തയായി താന്‍ തിരഞ്ഞെടുക്കപ്പെട്ട സന്തോഷ വാര്‍ത്തയായിരുന്നു.


ഭാരതീയ ദര്‍ശനത്തിലും ഹിന്ദൂയിസത്തിലും അഗാധ ജ്ഞാനമുണ്ടായിരുന്ന അദ്ദേഹം സഭയുടെ വളര്‍ച്ചയ്ക്കും നന്മയ്ക്കുമായി തന്റെ അറിവും സമയവും ഉപയോഗിച്ചു. മികച്ച ആറു പാശ്ചാത്യ സര്‍വ്വകലാശാലകളില്‍ പിതാവ്‌ അദ്ധ്യാപകനായിരുന്നു. റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബാനിയന്‍ യൂണിവേഴ്സിറ്റിയിലെ യൂറോപ്പുകാരനല്ലാത്ത ആദ്യ റെക്ടര്‍ പിതാവായിരുന്നു. നീണ്ട ആറു വര്‍ഷം അദ്ദേഹം ഈ സ്ഥാനം അലങ്കരിച്ചു. പരിശുദ്ധ പിതാവ്‌ തുടര്‍ച്ചയായി രണ്ടു തവണ ഡാനിയേല്‍ പിതാവിനെ ഈ ദൗത്യം ഏല്‍പ്പിച്ചത്‌ പിതാവിന്റെ വിശ്വസ്തതയുടേയും കാര്യക്ഷമതയുടേയും തെളിവാണ്‌.


സി.ബി. സി ഐയുടെ പ്രസിഡന്റായ കര്‍ദിനാള്‍ വിതയത്തില്‍ അദ്ദേഹത്തെക്കുറിച്ച്‌ പറയുന്നതിപ്രകാരമാണ്‌. കേരള സഭയെ വളരെയേറെ അര്‍പ്പണമനോഭാവത്തോടും ഉറച്ച വിശ്വാസത്തോടും കൂടി അദ്ദേഹം നയിച്ചു. പാവപ്പെട്ടവരോട്‌ അദ്ദേഹത്തിന്‌ ഏറെ കാരുണ്യമുണ്ടായിരുന്നു. സീറോ മലങ്കര സഭയുടെ പരമാധ്യക്ഷന്‍ അദ്ദേഹത്തെക്കുറിച്ച്‌ പറഞ്ഞു; വിഷമം പിടിച്ച കാലഘട്ടത്തില്‍ സഭയെ ഉറപ്പോടെ നയിച്ച ഇടയന്‍ എന്ന്.


കേരളത്തിലെ ലത്തീന്‍ സഭയുടെ ഇടയനായ ശേഷം പിതാവ്‌ രാഷ്ട്രീയ സാമൂഹിക മാറ്റങ്ങളുടെ കാറ്റിലും കോളിലും ഇളകാതെ സഭയെ മുന്നോട്ട്‌ നയിച്ചു. സഭാധ്യക്ഷനെന്ന ചുമതലയ്ക്കു പുറമേ കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടേയും കേരള ലത്തീന്‍ സഭയുടെ രാഷ്ട്രീയ നിര്‍വ്വാഹക സമിതിയായ കേരള റീജിയന്‍ ലത്തീന്‍ കാത്തലിക്ക്‌ കൗണ്‍സലിന്റേയും അധ്യക്ഷ പദവികളും അദ്ദേഹത്തെ തേടിയെത്തി. നീതി നിഷേധങ്ങള്‍ക്കു മുന്നില്‍ സഭയുടെ കാവലാളായി നിന്നു പൊരുതാനും അവകാശങ്ങള്‍ നേടുന്നതിനായി ആവശ്യമുള്ളപ്പോഴെല്ലാം ഇടപെടാനും മടികാണിക്കതെ സമൂഹത്തെ വിശ്വാസ വഴിയിലൂടെ നയിച്ച ഇടയനായിരുന്നു ഡാനിയേല്‍ അച്ചാരു പറമ്പില്‍ പിതാവ്‌.


പിതാവിലൂടെ ഭാരത സഭയ്ക്കു കൈവന്ന ദൈവാനുഗ്രഹങ്ങള്‍ക്കു നന്ദി. ധീരവും വിശുദ്ധവും ദിവ്യ ജ്ഞാനത്താല്‍ നിറവവാര്‍ന്നതുമായ ആ സുകൃത ജീവിതത്തിന്റെ പാവന സ്മരണയ്ക്ക്‌... ആദരാഞ്ജലികളോടെ.....


തയ്യാറാക്കിയത്‌; സുനീഷ്‌ ജോസഫ്‌

No comments:

Post a Comment